ആ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ കാരണം നായകനോ നാല് മക്കളോ, ഗീത വെളിപ്പെടുത്തുന്നു
ചില കഥാപാത്രങ്ങള്‍ ചിലര്‍ക്ക് വേണ്ടി സൃഷ്ടിക്കുന്നതാണ്. എന്നാല്‍ പലപ്പോഴും മനസ്സില്‍ കണ്ടവരെ കിട്ടാതെ വരും. കഥാപാത്രങ്ങള്‍ മാറി മറിയും. അങ്ങനെ സൂപ്പര്‍താരങ്ങളില്‍ നിന്നും വഴുതിപ്പോയ ഹിറ്റ് ചിത്രങ്ങള്‍ ഒത്തിരിയാണ്.
നായകന്മാര്‍ക്ക് മാത്രമല്ല, നായികമാര്‍ക്കും ചില 'ഗോള്‍ഡന്‍' അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. നടി ഗീത അങ്ങനെ തനിക്ക് മലയാളത്തില്‍ നഷ്ടപ്പെട്ട ഒരു അവസരത്തെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയുണ്ടായി.

ആകാശ ദൂത് എന്ന ചിത്രം
മലയാളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ചിത്രമാണ് 1993 ല്‍ പുറത്തിറങ്ങിയ സിബി മലയിലിന്റെ ആകാശദൂത്. മാധവിയും മുരളിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

ആദ്യം സമീപിച്ചത്
ചിത്രത്തിലെ നായികയായി ആദ്യം പരിഗണിച്ചിരുന്നത് മാധവിയെ ആയിരുന്നില്ല എന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. ഏറെ അഭിനയ പ്രധാന്യമുള്ള, വികാരഭരിതമായ കഥാപാത്രമായിരുന്നു മാധവി അവതരിപ്പിച്ച ആനി. ഗീത, സുഹാസിനി എന്നീ നായികമാരെയായിരുന്നു ആദ്യം പരിഗണിച്ചത്.

ആരും തയ്യാറായില്ല
എന്നാല്‍ ഗീതയോ സുഹാസിനി ആനി എന്ന കഥാപാത്രമാവാന്‍ തയ്യാറായില്ല. നായകനായി മുരളി എത്തുന്നതും, നാല് മക്കളുടെ അമ്മയായി അഭിനയിക്കുന്നതും കാരണമാണ് നായികമാര്‍ എത്താതിരുന്നത് എന്നാണ് വാര്‍ത്തകള്‍ പരന്നത്.

മാധവി എത്തി
എന്നാല്‍ കഥയോ കഥാപാത്രങ്ങളോ ഒന്നും മാധവിയ്ക്ക് പ്രശ്‌നമായില്ല. വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ചയെ അവതരിപ്പിച്ച ഇമേജായിരുന്നു അതുവരെ മാധവിയ്ക്ക്. എന്നാല്‍ ആകാശദൂതിലൂടെ മാധവിയുടെ ഇമേജ് അടിമുടി മാറി.

ചിത്രം സൂപ്പര്‍ ഹിറ്റ്
സുഹാസിനിയും ഗീതയും ഉപേക്ഷിച്ച ആകാശദൂത് സൂപ്പര്‍ഹിറ്റ് വിജയമായി. കുടുംബ പ്രേക്ഷകര്‍ കണ്ണീരോടെ ചിത്രം ഏറ്റെടുത്തു. മികച്ച ഫാമിലി ക്ഷേമ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം, 1993ല്‍ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം തുടങ്ങി ഒട്ടേറെ അവാര്‍ഡുകളാണ് ചിത്രത്തിന് ലഭിച്ചത്.

ഗീത പറയുന്നു
ആകാശദൂത് റിലീസ് ചെയ്ത് വര്‍ഷങ്ങളിത്രയുമായി. ഇന്ന്, ഇതാ ആ ചിത്രത്തില്‍ നിന്ന് പിന്മാറാനുണ്ടായ കാരണം ഗീത വെളിപ്പെടുത്തുന്നു. നായകനോ, നാല് മക്കളോ, കഥയോ ഒന്നുമല്ലത്രെ ഗീതയ്ക്ക് തടസ്സമായത്, ഡേറ്റാണ്. കഥ കേട്ട് ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ സംവിധായകനും നിര്‍മ്മാതാവും ആവശ്യപ്പെട്ട ഡേറ്റ് നല്‍കാനില്ലായിരുന്നു - ഗീത വ്യക്തമാക്കി.


Click it and Unblock the Notifications











