ഫഹദ് സെറ്റില്‍ നിന്നു കഥ കേള്‍ക്കാത്തത് എന്തുകൊണ്ട്?
ഓരോ താരത്തിനും ഓരോ വിശ്വാസങ്ങളുണ്ട്. ഫഹദ് ഫാസിലിനും അത്തരമൊരു വിശ്വാസമുണ്ട്. അതാണ് സെറ്റില്‍ നിന്നു കഥ കേള്‍ക്കുകയില്ലെന്ന്. മറ്റു പല താരങ്ങളും ഷൂട്ടിങ് ഇടവേളകളിലാണു കഥ കേള്‍ക്കുക. അതുതന്നെ പലപ്പോഴായിട്ടാണു കേള്‍ക്കുക. എന്നാല്‍ ഫഹദ് അതിനു തയ്യാറല്ല. കഥ കേള്‍ക്കണമെങ്കില്‍ ഒരു ഡേറ്റ് മുഴുവന്‍ നല്‍കും. അന്നേ കേള്‍ക്കുകയുള്ളൂ. അതുതന്നെ മുഴുവനായ തിരക്കഥ വേണം. കഥയുടെ സാരാംശം മാത്രം പോര. ഒരു കഥ കേട്ട് അതിന്റെ എല്ലാ വശവും കഥാകൃത്തും സംവിധായകനുമായും ചര്‍ച്ച ചെയ്യും. അതിനു ശേഷം മാത്രമേ ആ സിനിമ ചെയ്യണമോ എന്നു തീരുമാനിക്കൂ. സെറ്റില്‍ നിന്നു കഥ കേള്‍ക്കില്ലെന്നത് തന്റെ വിശ്വാസമാണെന്നാണ് ഫഹദ് പറയുന്നത്.
ഫഹദിന്റെ ചിത്രങ്ങളെല്ലാം എന്തുകൊണ്ടു വിജയിക്കുന്നു എന്നു ചോദിച്ചാല്‍ അതിനുള്ള മറുപടിയാണിത്. എന്തെങ്കിലും കേട്ടുകൊണ്ടു ഡേറ്റു നല്‍കില്ല. ഈ വര്‍ഷം പുതിയ ആര്‍ക്കും ഫഹദ് ഡേറ്റ് നല്‍കിയിട്ടില്ല. നിലവില്‍ ഏറ്റ ചിത്രങ്ങള്‍ മാത്രമേ പൂര്‍ത്തിയാക്കുന്നുള്‌ളൂ. അതില്‍ പ്രധാനം അന്‍വര്‍ റഷീദിന്റെ മണിയറകള്ളന്‍ ആണ്. ഇപ്പോള്‍ വിനീത് കുമാറിന്റെ അയാള്‍ ഞാനല്ല ആണ് ഫഹദ് ചെയ്യുന്നത്. അതിന്റെ ചിത്രീകരണം ബാംഗ്ലൂരിലാണു നടക്കുന്നത്. അതിനു ശേഷമാണ് അന്‍വര്‍ റഷീദിന്റെ ചിത്രം ചെയ്യുന്നത്. തലശേരിയിലാണു ചിത്രീകരണം.

തന്റെ പേരില്‍ താന്‍ അറിയാതെ പല ചിത്രങ്ങളും അനൗണ്‍സ് ചെയ്യുന്നുണ്ടെന്നും അതൊന്നും തടയാന്‍ തന്നെക്കൊണ്ടാവില്ലെന്നും ഫഹദ് പറയുന്നുണ്ട്. ഫഹദ് നായകനായി നാളെ എന്നൊരു ചിത്രം അനൗണ്‍സ് ചെയ്തിട്ടുണ്ട്. പുതിയ സംവിധായകനായ സിജു എസ്. ബാവയാണു സംവിധാനം ചെയ്യുന്നത്. എന്നാല്‍ മൂന്നു ചിത്രങ്ങളില്‍ മാത്രമേ താന്‍ ഈ വര്‍ഷം അഭിനയിക്കുന്നുള്ളൂ എന്നാണു ഫഹദ് പറയുന്നത്. അതില്‍ ഈ ചിത്രമില്ല. കോഴിക്കോട് അബ്ദുല്‍ഖാദര്‍ ആയി ഫഹദ് അഭിനയിക്കുന്നു എന്നു കേട്ടിരുന്നു. അതിലും വാസ്തവമില്ല എന്നാണു അറിയുന്നത്.
ജയിംസ് ആല്‍ബര്‍ട്ട് സംവിധാനം ചെയ്ത മറിയം മുക്ക് ആണ് ഫഹദിന്റെ അവസാന റിലീസ് ചിത്രം. നവാഗത സംവിധായന്‍ ഒരുക്കുന്ന ഹരം ആണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. അതിനു ശേഷമാണ് വിനീതിന്റെ അയാള്‍ ഞാനല്ല റിലീസ് ചെയ്യുക. രഞ്ജിത്താണ് അതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.


Click it and Unblock the Notifications