»   » ആ ഫോട്ടോ കാരണമാണ് ഗോവിന്ദ് പത്മസൂര്യയുമായി അകന്നത്; പ്രിയാമണി വെളിപ്പെടുത്തുന്നു

ആ ഫോട്ടോ കാരണമാണ് ഗോവിന്ദ് പത്മസൂര്യയുമായി അകന്നത്; പ്രിയാമണി വെളിപ്പെടുത്തുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ഗോസിപ്പുകോളങ്ങള്‍ ഏറെ ആഘോഷിച്ച പ്രണയ വാര്‍ത്തകളിലൊന്നായിരുന്നു ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയും പ്രിയാമണിയും തമ്മിലുള്ള ബന്ധം. ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലെ ഇരുവരുടെയും സൗഹൃദത്തെ പലരും വളച്ചൊടിയ്ക്കുകയായിരുന്നു.

ഒരു ഫോട്ടോയാണ് ഇതിനെല്ലാം കാരണം. പ്രിയാമണിയ്‌ക്കൊപ്പമുള്ള ഒരു ഫോട്ടോ ജിപി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ ഇതാണ് പ്രിയാജിയുടെ അജ്ഞാത കാമുകന്‍ എന്ന നിലയില്‍ വാര്‍ത്തകള്‍ പരക്കുകയായിരുന്നു. ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ പ്രിയാമണി വെളിപ്പെടുത്തുന്നു.

എന്നോട് എന്തിനായിരുന്നു അകലം?

കൗമുദി ടിവിയുടെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയാമണി. സ്‌ക്രീനില്‍ ചോദ്യം ചോദിക്കാന്‍ അതിഥിയായി ജിപി എത്തി. പ്രിയാമണിയ്‌ക്കൊപ്പമുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ ജിപി, തന്നോട് എന്തിനായിരുന്നു തുടക്കത്തില്‍ ഒരു അകലം പാലിച്ചത് എന്ന ചോദ്യമാണ് നടിയോട് ചോദിച്ചത്.

ആ ഫോട്ടോയാണ് കാരണം

ആ ചോദ്യത്തോട് പ്രതികരിക്കവെയാണ് ഒരു ഫോട്ടോയാണ് താനിയ്ക്കും ജിപിയ്ക്കും ഇടയില്‍ ചെറിയൊരു അകലം വരാന്‍ കാരണം എന്ന് പ്രിയാമണി വ്യക്തമാക്കിയത്.

സെല്‍ഫിഭ്രമമുള്ള ജിപി

24 മണിക്കൂറും ഫോണ്‍ ഉപയോഗിക്കുന്നയാളാണ് ഗോവിന്ദ് പത്മസൂര്യ. ആരെ കണ്ടാലും കൂടെ നിന്ന് സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യും. അത്തരം രീതികള്‍ എനിക്ക് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്- പ്രിയാമണി പറയുന്നു

ആ ഫോട്ടോ

ഡിഫോര്‍ ഡാന്‍സിന്റെ ഒരു എപ്പിസോഡില്‍ ട്രഡീഷണലായിട്ടുള്ള വേഷമിട്ടാണ് ജിപി എത്തിയത്. ഞാനും സമാനമായൊരു ഡ്രസാണ് ധരിച്ചിരുന്നത്. അപ്പോള്‍ ഒരു ഫോട്ടോ എടുക്കാം എന്ന് ജിപി പറഞ്ഞു. അങ്ങനെ ഫ്‌ളോറില്‍ നിന്ന് ഞങ്ങളൊരു ഫോട്ടോ എടുത്തു. അത് ജിപി ട്വിറ്ററിലിട്ടു. (ഇതാണ് ഫോട്ടോ)

വൈറലായി തുടങ്ങി

ആ ഫോട്ടോയ്‌ക്കൊപ്പം ജിപി 'this is a good picture' എന്നോ മറ്റോ എഴുതി. അതിന് താഴെ ഞാന്‍ 'yah we know we look good' എന്ന് കമന്റിട്ടു. ഇത് കണ്ടതോടെ സോഷ്യല്‍ മീഡിയയില്‍ ഇതാണ് പ്രിയാമണിയുടെ അജ്ഞാത കാമുകന്‍ എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിയ്ക്കാന്‍ തുടങ്ങി.

അമ്മയെ വിളിച്ചു ചോദിച്ചു

കന്നടയിലും മലയാളത്തിലുമൊക്കെ ഗോവിന്ദ് പത്മസൂര്യ എന്റെ കാമുകന്‍ എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിയ്ക്കാന്‍ തുടങ്ങി. ഏതോ ഒരു പ്രസ് എന്റെ അമ്മയെ വിളിച്ച് വിഷയത്തെ കുറിച്ച് ചോദിച്ചു. ആരാണ് ഗോവിന്ദ് പത്മസൂര്യ എന്നാണ് അവരോട് അമ്മ ചോദിച്ചത്. പിറ്റേദിവസം അതായി വാര്‍ത്ത. പ്രിയാമണിയുടെ അമ്മ ചോദിച്ചു ആരാണ് ഗോവിന്ദ് പത്മസൂര്യ എന്ന് എന്ന തരത്തില്‍.

വിശദീകരണം നല്‍കി

ഇത്തരം വാര്‍ത്തകള്‍ എനിക്ക് വലിയ ബുദ്ധിമുട്ടായി. ഞാന്‍ ജിപി എന്റെ സുഹൃത്താണ് എന്ന് സോഷ്യല്‍ മീഡിയയിലൂടെ വിശദീകരണം നല്‍കി. അതും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. പിന്നീട് എനിക്ക് മനസ്സിലായി, ഞാന്‍ എന്ത് പറഞ്ഞാലും ഇവര്‍ വിശ്വസിക്കാന്‍ പോകുന്നില്ല. പ്രതികരിക്കാതിരിയ്ക്കുന്നത് തന്നെയാണ് നല്ലത് എന്ന്.

ജിപിയുമായി അകന്നത്

ഈ വിവാദങ്ങള്‍ കാരണമാണ് തുടക്കത്തിലേ ജിപിയുമായി അല്പം അകലം പാലിച്ചത്. എന്നാല്‍ ഡിഫോര്‍ ഡാന്‍സിന്റെ രണ്ടാമത്തെ സീസണ്‍ ആരംഭിക്കുമ്പോഴേക്കും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ആ അകലം ഇപ്പോള്‍ ലവലേശം പോലും ഇല്ല- പ്രിയാമണി വ്യക്തമാക്കി.

മുസ്തഫയാണ് ആ അജ്ഞാത കാമുകന്‍

മുംബൈ സ്വദേസിയായ മുസ്തഫ രാജാണ് പ്രിയാമണിയുടെ ആ അജ്ഞാത കാമുകന്‍. ഡി ഫോര്‍ ഡാന്‍സിന്റെ ഫ്‌ളോറില്‍ തന്നെയാണ് പ്രിയ തന്റെ വരുംകാല കണവനെ പരിചയപ്പെടുത്തിയത്. നാല് വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ഇപ്പോള്‍ ഇരുവരും വിവാഹത്തിന് തയ്യാറെടുക്കുന്നത്. ഈ വര്‍ഷം വിവാഹമുണ്ടാവും.

English summary
Why did Priyamani keep a distance with GP

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam