ഈ ഡ്രൈവര്‍ ആസിഫിനു തുണയാകുമോ
ഡ്രൈവറാണെങ്കിലും രാമകൃഷ്ണന്‍ പൊലീസാണ്- പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍. അതും വനിതാ പൊലീസ് സ്റ്റേഷനിലെ. എസ്.ഐ അരുന്ധതി വര്‍മയ്ക്ക് രാമകൃഷ്ണനോട് കലിപ്പാണ്. അവിവാഹിതയായ അരുന്ധതിക്ക് പുരുഷന്‍മാരോടെല്ലാം വിദ്വേഷമാണ്. വനിതാ പൊലീസായ മുംതാസിന് രാമകൃഷ്ണനോട് മുടിഞ്ഞ പ്രമേവും. ഒരേ സമയം വിദ്വേഷവും പ്രേമവും ഏറ്റുവാങ്ങി രാമകൃഷ്ണന്‍ എലത്തൂര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ ജീവിക്കുന്നു. അയാളെ പ്രേമിക്കുന്ന നിയ മേനോനെയാണ് രാമകൃഷ്ണന് ഇഷ്ടം. വനിതാ പൊലീസ് സ്റ്റേഷനിലെ ഏക ആണായിട്ടു വിലസുന്ന രാമകൃഷ്ണനിലാണ് ഇനി ആസിഫ് അലിക്ക് പ്രതീക്ഷ.
മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രമാണ് ആസിഫ് അലി ഇനി പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ജയറാമിനൊപ്പം അഭിനയിച്ച മൈലാഞ്ചി മൊഞ്ചുള്ള വീട് വേണ്ടത്ര വിജയം നേടാത്തത് ആസിഫിന് വലിയൊരു തിരിച്ചടിയായി. പൃഥ്വിരാജിനൊപ്പം അഭിനയിച്ച സപ്തമശ്രീ തസ്‌കരയില്‍ ഉണ്ടാക്കിയ പേര് ഇവിടെ നഷ്ടമാകുകയായിരുന്നു. അല്ലെങ്കിലും ആസിഫിന്റെ ജാതകത്തില്‍ അങ്ങനെയൊരു പ്രശ്‌നമുണ്ടെന്നു തോന്നുന്നു. സീനിയര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ചിത്രങ്ങളെല്ലാം പൊട്ടിപ്പോയിട്ടുണ്ട്.

മമ്മൂട്ടിക്കൊപ്പം ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തിലാണ് ആസിഫ് അഭിനയിച്ചത്. മമ്മൂട്ടി തന്നെ നിര്‍മിച്ച ചിത്രമായ അനൂപ് കണ്ണന്‍ സംവിധാനം ചെയത് ഈ ചിത്രം. എന്നാല്‍ ബോക്‌സ് ഓഫിസില്‍ തകര്‍ന്ന ചിത്രമായിരുന്നു ഇത്. മോഹന്‍ലാലിനൊപ്പം റെഡ് വൈന്‍ എന്ന ചിത്രമാണ് ആസിഫ് പ്രതീക്ഷയോടെ ചെയ്തത്. സലാം ബാപ്പുവിന്റെ ഈ ചിത്രവും വന്‍പരാജയമായി. ഇപ്പോഴിതാ ജയറാമിനൊപ്പം അഭിനയിച്ച മൈലാഞ്ചി മൊഞ്ചുള്ള വീടും തകര്‍ന്നിരിക്കുന്നു. അതേസമയം യുവതാരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം വിജയിക്കുന്നുമുണ്ട്.
കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച ഓര്‍ഡിനറി വന്‍ വിജയമായിരുന്നു. സുഗീത് സംവിധാനം ചെയ്ത ഈ ചിത്രം പ്രതിനായക വേഷമായിരുന്നു ആസിഫിന്. പൃഥ്വിക്കൊപ്പം അഭിനയിച്ച സപ്തമശ്രീയും വന്‍ വിജയം നേടി. കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പമുള്ള ട്രാഫികും വന്‍വിജയമായിരുന്നു.
നായകനായി സ്ഥിരമായ വിജയം നേടാന്‍ കഴിയാത്ത ആസിഫിന് ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടിയിലെ പൊലീസ് ഡ്രൈവര്‍ വലിയ പ്രതീക്ഷയാണുനല്‍കുന്നത്. ഇതു കഴിഞ്ഞാല്‍ വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചെയ്യാനുള്ളത്.


Click it and Unblock the Notifications











