കെജിഎഫ് പ്രീമിയറിനിടെ കരന്റ് പോയാല്‍ ഇലക്ട്രിസിറ്റി ഓഫീസില്‍ ബോംബ് വെക്കും! യഷിന്റെ ആരാധകരോ?
ഒരു ഒറ്റ സിനിമയിലൂടെ കരിയര്‍ തന്നെ മാറി മറിഞ്ഞ ഒരുപാട് താരങ്ങളുണ്ട്. സിനിമയില്‍ എത്രക്കാലം സജീവമായി നിന്നാലും വലിയ മാറ്റം വന്നെന്ന് വരില്ല. ബാഹുബലിയിലൂടെ പ്രഭാസ് തെളിയിച്ചത് അതായിരുന്നു. ബാഹുബലി പോലെ ഇന്ത്യയില്‍ അത്രയധികം തരംഗമായ മറ്റൊരു സിനിമ പിറന്നിട്ടില്ലെന്ന് പറയാം. എന്നാല്‍ കന്നഡയില്‍ നിര്‍മ്മിച്ച കെജിഎഫ് ആ റെക്കോര്‍ഡ് തിരുത്താനുള്ള ശ്രമത്തിലായിരുന്നു.
ചരിത്രത്തെ ആസ്പദമാക്കി ഒരുക്കിയ ആക്ഷന്‍ ചിത്രമായിരുന്നു കെജിഎഫ്. രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിക്കുന്ന സിനിമയില്‍ റോക്കിംഗ് സ്്റ്റാര്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ യഷ് ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ റിലീസിനെത്തിയ ദിവസം മുതല്‍ പിന്നീടിങ്ങോട്ട് തരംഗമായിരുന്നു. ഇപ്പോഴിതായ ചിത്രം ടെലിവിഷന്‍ പ്രീമിയറായി എത്തുകയാണ്. അതിനിടെ വൈദ്യുതി പോയാല്‍ ഇലക്ട്രിസിറ്റി ഓഫീസിന് ബോംബ് വെക്കുമെന്ന് ഭീഷണി സന്ദേശം വന്നിരിക്കുകയാണ്.

കെജിഎഫ്
ക്രിസ്തുമസിന് മുന്നോടിയായി റിലീസിനെത്തിയ കന്നഡ ചിത്രമായിരുന്നു കെജിഎഫ്. സാധാരണ കേരളത്തില്‍ കന്നഡ ചിത്രങ്ങള്‍ക്ക് വലിയ പ്രധാന്യം ലഭിക്കാറില്ലെങ്കിലും അത്രയും പ്രധാന്യത്തോടെയായിരുന്നു കെജിഎഫ് വന്നത്. പ്രശാന്ത് നീല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. ഹോംബിള്‍ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ നിര്‍മ്മിച്ച സിനിമ 50 കോടിയോളം മുതല്‍ മുടക്കിലെത്തിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനിയായിരുന്ന കോളാര്‍ പ്രദേശത്തെ അധികരിച്ചാണ് സിനിമയുടെ കഥ ഒരുക്കിയത്.

കേരളത്തില്‍ മിന്നിച്ചു
കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് എന്നതിന്റെ ചുരുക്കെഴുത്താണ് കെജിഎഫ്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നിങ്ങനെ വിവിധ ഭാഷകളില്‍ ചിത്രം റിലീസിന് എത്തിയിരുന്നു. മലയാളത്തില്‍ ചുരുക്കം സ്‌ക്രീനുകളാണ് സിനിമയ്ക്ക് ലഭിച്ചതെങ്കിലും അവിടെയും മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരിക്കുന്നത്. കന്നഡ സിനിമയിലെ റോക്കിംഗ് സ്റ്റാര്‍ എന്ന് വിളിപേരുള്ള യഷ് ആണ് കെജിഎഫിലെ നായകന്‍. ശ്രീനിധി ഷെട്ടിയാണ് നായിക. ഇവരെ കൂടാതെ ഒരുപാട് താരങ്ങളാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. യഷിന്റെ കരിയര്‍ ബ്രേക്ക് മൂവിയാണിതെന്ന് ഒറ്റവാക്കില്‍ പറയാം. തിയറ്ററുകളില്‍ നിന്നും ലഭിച്ച പിന്തുണ ബോക്‌സോഫീസ് കളക്ഷനിലും പ്രകടമായിരുന്നു.

ടെലിവിഷന്‍ പ്രീമിയര്‍
റിലീസിനെത്തി മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് കെജിഎഫ് ടെലിവിഷന്‍ പ്രീമിയറായി എത്തുന്നത്. അതിനിടെയാണ് കെജിഎഫ് കണ്ട് കൊണ്ടിരിക്കുമ്പോള്‍ വൈദ്യുതി മുടങ്ങിയാല്‍ ഇലക്ട്രിസിറ്റി ഓഫീസിന് ബോംബ് വെക്കുമെന്ന് ഭീഷണി സന്ദേശം വന്നത്. മാംഗ്ലൂര്‍ ഇലക്ട്രിസിറ്റി സപ്ലെ കമ്പനി ലിമിറ്റഡിന്റെ (മെസ്‌കോം) ഷിവമോഗയിലെ ഭദ്രാവതിയിലെ ഓഫീസിലാണ് ഭീഷണി സന്ദേശം എത്തിയത്. എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ക്കായിരുന്നു യഷിന്റെ ആരാധകന്റെ പേരിലുള്ള കത്ത് വന്നത്.

ഭീഷണി കത്ത് വന്നതിങ്ങനെ..
കെജിഎഫിന്റെ പ്രദര്‍ശനം നടക്കുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി വൈദ്യൂതി മുടക്കിയാല്‍ നിങ്ങള്‍ ബാക്കിയുണ്ടാവില്ല. നിങ്ങളുടെ ഓഫീസും അവിടെയുണ്ടാവില്ല. അത് ഞങ്ങള്‍ കത്തിക്കും എന്നാണ് കത്തിലൂടെ വന്ന ഭീഷണി. കത്ത് വന്നതിന് പിന്നില്‍ ചില രാഷ്ട്രീയക്കളികളുമുണ്ടെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കെജിഎഫ് താരം യഷ് മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന നടി സുമലത അംബരീഷിന് വേണ്ടി അടുത്തിടെ പ്രചരണത്തിന് ഇറങ്ങിയിരുന്നു.

കന്നഡയിലെ ഹിറ്റ് സിനിമ
കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന തുടങ്ങി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയ പ്രേക്ഷകശ്രദ്ധ നേടാന്‍ കെജിഎഫിന് കഴിഞ്ഞിരുന്നു. കെജിഎഫിന്റെ വിജയത്തോടെ കന്നഡ സിനിമയുടെ മാര്‍ക്കറ്റും വിപുലപ്പെട്ടിരിക്കുകയാണ്. റിലീസിനെത്തി വെറും അഞ്ച് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമ കന്നഡയില്‍ നിന്നുമുള്ള ആദ്യ ആഗോള ഹിറ്റ് മൂവി എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ഇനി വരാനിരിക്കുന്ന രണ്ടാം ഭാഗം അതിലും മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന കാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications