യുവസംഗീതസംവിധായകന്‍ വിഷ്ണു ശ്യാം വിവാഹിതനായി
കണ്ണൂര്‍: യുവസംഗീതസംവിധായകന്‍ വിഷ്ണു ശ്യാം വിവാഹിതനായി. എറണാകുളം സ്വദേശിനി ആലീസ് ജോജായാണ് വധു. കണ്ണൂര്‍ കൈരളി ഹെറിറ്റേജ് റിസോര്‍ട്ടില്‍ വെച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മതപരമായ ചടങ്ങുകളൊന്നും ഇല്ലാതെ വളരെ ലളിതമായിട്ടായിരുന്നു വിവാഹം സംഘടിപ്പിച്ചത്.
പ്രശസ്ത സംഗീതസംവിധായകന്‍ വിദ്യാസാഗറിന്റെ ശിഷ്യനാണ് വിഷ്ണു ശ്യാം. നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന വിദ്യാസാഗര്‍ ഇരുവര്‍ക്കും എല്ലാ അനുഗ്രഹങ്ങളും നേര്‍ന്നു. സിനിമാ-ഗാനരംഗത്തെ നിരവധി പ്രമുഖര്‍ വിഷ്ണുവിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

കണ്ണൂര്‍ സ്വദേശിയായ വിഷ്ണു അഭിഭാഷകനായ ശ്യാം കുമാറിന്റെയും ഡോക്ടറായ പി.പി.ഷൈലജയുടെയും മകനാണ്. ജോജോ സക്കറിയയുടെയും ബീന കെ.ബാബുവിന്റെയും മകളാണ് ആലീസ് ജോജോ. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ പൈലറ്റായി ജോലി ചെയ്യുകയാണ് ആലീസ്.
നടന്‍ ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്‍ സിനിമയുടെ മോഷന്‍ പോസ്റ്ററിന്റെ സംഗീതം, ദൃശ്യം രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ മ്യൂസിക് എന്നിവ ഒരുക്കിയത് വിഷ്ണു ആയിരുന്നു. ഇവ രണ്ടും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂമന്‍ സിനിമയുടെ പാട്ടുകളും പശ്ചാത്തലസംഗീതവും വിഷ്ണു തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ട്വെല്‍ത്ത് മാന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് വിഷ്ണുവാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഉടന്‍ പുറത്തിറങ്ങും. മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന റാമിലും സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് വിഷ്ണു ശ്യാമാണ്.

Recommended Video
എം.സി.ജിതിന്‍ സംവിധാനം ചെയ്ത നോണ്‍സെന്‍സ് എന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചത് വിഷ്ണുവായിരുന്നു. പ്രശസ്ത ഗാനരചയിതാവ് വിനായക് ശശികുമാര്‍ സംവിധാനം ചെയ്ത ഹായ് ഹലോ കാതല്‍ എന്ന ഹ്രസ്വചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നതും വിഷ്ണു ശ്യാം തന്നെയാണ്. ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ഷോര്‍ട്ട്ഫിലിമിന്റെ സംഗീതവും ഏറെ ഹൃദ്യമായിരുന്നു.


Click it and Unblock the Notifications











