മമ്മൂട്ടി ജോയിയായതില്‍ സക്കറിയയ്ക്ക് സന്തോഷം
തന്റെ കഥാപാത്രമായ പാലാക്കാരന്‍ ജോയിയായുള്ള മമ്മൂട്ടിയുടെ പ്രകടനം നൂറുശതമാനം തനിയ്ക്കിഷ്ടമായെന്ന് എഴുത്തുകാരന്‍സക്കറിയ. കാഞ്ഞിരപ്പള്ളിയില്‍ പുതിയ ചിത്രമായ പ്രെയ്‌സ് ദി ലോര്‍ഡിന്റെ ലൊക്കേഷനില്‍ എത്തിയപ്പോഴാണ് സക്കറിയ തന്റെ അഭിപ്രായം പറഞ്ഞത്. മമ്മൂട്ടി ജോയിയെന്ന കഥാപാത്രത്തെ ജീവസ്സുറ്റതാക്കി. എന്റെ മനസിലെ ജോയിയെ അങ്ങനെതന്നെ പ്രതിഫലിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എനിയ്ക്ക് അതിയായ സന്തോഷമുണ്ട്- ഇങ്ങനെയായിരുന്നു സക്കറിയയുടെ പ്രതികരണം.
കാഞ്ഞിരപ്പള്ളിയില്‍ കുളപ്പുറം ആനത്താനം ടോമി സെബാസ്റ്റിയന്റെ വീട്ടിലാണ് പ്രെയ്‌സ് ദി ലോര്‍ഡിന്റെ ചിത്രീകരണം നടക്കുന്നത്. ഡിസംബര്‍ 4ന് ബുധനാഴ്ചയാണ് സക്കറിയയെ സെറ്റിലെത്തിയത്. മമ്മൂട്ടിയുമായി അല്‍പനേരം സംസാരിച്ചശേഷമാണ് അദ്ദേഹം യാത്രപറഞ്ഞിറങ്ങിയത്.

പാലയ്ക്കപ്പുറം ലോകമില്ലെന്ന് കരുതുന്ന സാധാരണക്കാരനായ കര്‍ഷനാണ് മമ്മൂട്ടിയുടെ ജോയ്. ഇദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്ക് മറ്റ് പലരും കടന്നുവരുന്നതോടെയുണ്ടാകുന്ന സംഭവങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പൊടിയുമായി അവതരിപ്പിക്കുകയാണ് ചിത്രത്തില്‍. നവാഗതനായ ഷിബു ഗംഗാധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രെയ്‌സ് ദി ലോര്‍ഡ് എന്ന കഥയോട് നീതി പുലര്‍ത്താന്‍ ഷിബുവിന് കഴിയുന്നുണ്ടെന്നും സക്കറിയ പറഞ്ഞു. ടിപി ദേവരാജനാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.
ഇമ്മാനുവലില്‍ മമ്മൂട്ടിയുടെ ഭാര്യാവേഷത്തിലെത്തിയ റീനു മാത്യൂസാണ് പ്രെയ്‌സ് ദി ലോര്‍ഡില്‍ മമ്മൂട്ടിയുടെ ഒരു നായിക. രണ്ടാമത്തെ താരം മുംബൈയില്‍ നിന്നുള്ള മോഡല്‍ ആകാംഷ പുരിയാണ്.


Click it and Unblock the Notifications











