കുട്ടനാടന്‍ ഗ്രാമത്തിന്റെ ജലോത്സവം
കുട്ടനാടന്‍ ഗ്രാമത്തിന്റെ ജലോത്സവം
കുട്ടനാട്ടിലെ പ്രസിദ്ധമായ തറവാടാണ് ആലക്കല്‍. ആര്‍ക്കും എന്ത് സഹായവും നല്‍കിപ്പോന്നിരുന്ന ഒരു സമ്പന്ന ഭൂതകാലം ആലക്കല്‍ കുടുംബത്തിനുണ്ട്. ഇന്ന് ആ തറവാട് ക്ഷയിച്ചുതുടങ്ങി. എങ്കിലും സഹായത്തിനായി എത്തുന്ന ആരെയും നിരാശരാക്കി മടക്കിയയ്ക്കാന്‍ തറവാടിന്റെ കുടുംബനാഥനായ ആലക്കല്‍ ഗോവിന്ദന് മനസു വരാറില്ല.
ആലക്കല്‍ ഗോവിന്ദന്റെ മകനാണ് ചന്ദ്രന്‍. ആ കുടുംബത്തിന്റെ ബാധ്യത ഇന്ന് അയാളുടെ ചുമലിലാണ്. പ്രതാപ ഐശ്വര്യങ്ങള്‍ നശിച്ചെങ്കിലും അഭിമാനം വിടാത്ത ആ കുടുംബത്തിന് അത്താണിയാണ് അയാള്‍. ഒരു ഫോട്ടോഗ്രാഫറായ ചന്ദ്രന് തന്റെ കുടുംബത്തെ മുന്നോട്ടു കൊണ്ടുപോവുകയെന്നത് മാത്രമേ മുന്നിലുള്ളൂ. അതിന് വേണ്ടി അയാള്‍ എന്ത് ജോലിയും ചെയ്യും. കുട്ടനാട് കേബിള്‍ വിഷനില്‍ വാര്‍ത്താ വായനക്കാരനായി അയാള്‍ ചെല്ലുന്നത് അങ്ങനെയാണ്.
ഈടുറ്റ ബന്ധമാണ് ചന്ദ്രനും അച്ഛന്‍ ഗോവിന്ദനും തമ്മിലുള്ളത്. കുടുംബം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന അച്ഛന് വേണ്ടി എന്ത് കഠിന പ്രവൃത്തിയും ചന്ദ്രന്‍ ചെയ്യും. ഒരു വല്ലാത്ത ആത്മബന്ധമാണ് ആ അച്ഛനും മകനും തമ്മിലുള്ളത്.
ചന്ദ്രനെ മനസില്‍ കൊണ്ടുനടക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട് ആ ഗ്രാമത്തില്‍- ഗീത. തന്റെ വിവാഹം അന്തസായി നടത്താന്‍ പണമുണ്ടാക്കുന്നതില്‍ വ്യാപൃതയാണ് ഗീത. ഗീതയുടെ വളരെ ചെറുപ്പത്തിലേ വള്ളം മുങ്ങി അച്ഛനും അമ്മയും മരിച്ചു. പാപ്പയമ്മയാണ് അവളെ വളര്‍ത്തിയത്.
ചന്ദ്രന് ഗീതയെ ഇഷ്ടമാണെങ്കിലും അത് പ്രകടിപ്പിക്കാന്‍ അയാള്‍ ഇഷ്ടപ്പെടുന്നില്ല. തന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് ചിന്തിക്കാന്‍ പോലും പറ്റാത്തതിനാല്‍ ഗീതയുമായി അയാള്‍ അകലം പാലിക്കുന്നു. എന്നാല്‍ ചന്ദ്രന്റെ അവളോടുള്ള മനോഭാവമൊന്നും ഗീതയ്ക്ക് പ്രശ്നമല്ല. ചന്ദ്രനെ മനസില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ഗീത അവനെ പിന്തുടര്‍ന്നു.
നാട്ടിലെ ബോട്ട് ക്ലബിന്റെ പ്രസിഡന്റാണ് ഗോവിന്ദന്‍, രണ്ട് വര്‍ഷമായി വള്ളം കളിയില്‍ ട്രോഫി നേടുന്നത് ഗോവിന്ദന്റെ ക്ലബാണ്. മൂന്നാം വര്‍ഷവും ട്രോഫി തങ്ങള്‍ക്ക് തന്നെയെന്ന് ഉറപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ഗോവിന്ദന്റെ നേതൃത്വത്തില്‍ നടക്കുകയാണ്.
അതിനിടയിലാണ് ദുബായ് ജോസ് എന്ന പുതുപണക്കാരന്‍ ആ നാട്ടിലെത്തുന്നത്. അയാളുടെ വരവ് ആ ഗ്രാമത്തില്‍ ചില സംഭവവികാസങ്ങള്‍ ഉണ്ടാക്കി. സിബി മലയില്‍ സംവിധാനം ചെയ്യുന്ന ജലോത്സവത്തിന്റെ തുടര്‍ന്നുള്ള കഥയ്ക്ക് ആ സംഭവവികാസങ്ങളാണ് വഴിത്തിരിവാകുന്നത്.
ചന്ദ്രന്റെയും ഗീതയുടെയും പ്രണയകഥയും കുട്ടനാടന്‍ ഗ്രാമത്തിന്റെ ജീവിതകഥയുമാണ് ജലോത്സവത്തിന്റെ പ്രമേയം. ചന്ദ്രനായി കുഞ്ചാക്കോ ബോബനും ഗീതയായി നവ്യാ നായരുമാണ് അഭിനയിക്കുന്നത്. ഗോവിന്ദനെ നെടുമുടി വേണുവും ദുബായ് ജോസിനെ ബാലേട്ടന്‍ ഫെയിം റിയാസ് ഖാനും അവതരിപ്പിക്കുന്നു.
ജഗതി, ജഗദീഷ്, മച്ചാന്‍ വര്‍ഗീസ്, വിജയകുമാരി, പുതുമുഖം ജോണ്‍സണ്‍ എന്നിവരാണ് മറ്റു താരങ്ങള്‍. പഴയകാല നടി സുജാത ചിത്രത്തില്‍ ഗോവിന്ദന്റെ ഭാര്യയായി അഭിനയിക്കുന്നു.
സിന്ധുരാജിന്റേതാണ് രചന. ബി. ആര്‍. പ്രസാദിന്റെയും ശരത്ചന്ദ്രവര്‍മയുടെയും ഗാനങ്ങള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് സംഗീതം പകരുന്നു. ഛായാഗ്രഹണം വേണുഗോപാല്‍. അടൂര്‍ ഗ്രേറ്റ് മൂവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ശ്യാം ജയനാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications