ആറ് ചിത്രങ്ങള്‍ അണിയറയില്‍
ആറ് ചിത്രങ്ങള്‍ അണിയറയില്‍
മലയാള സിനിമ പതുക്കെ പ്രതിസന്ധിയുടെ വരള്‍ച്ച താണ്ടി പച്ചപിടിച്ചുവരുന്നുണ്ടെന്ന് തോന്നുന്നു. സൂചനകള്‍ അത്തരത്തിലാണ്. ക്രിസ്മസിന് ഏഴ് ചിത്രങ്ങളിറങ്ങുകയും അവയില്‍ ചിലതെല്ലാം തരക്കേടില്ലാതെ ഓടുകയും ചെയ്യുന്നു. ഇപ്പോഴിതാ കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി ഒരേ സമയം അര ഡസന്‍ ചിത്രങ്ങളുടെ ചിത്രീകരണം നടക്കുന്നു.
പ്രിയദര്‍ശന്റെ കിളിച്ചുണ്ടന്‍മാമ്പഴത്തിന്റെ ചിത്രീകരണം ഷൊര്‍ണൂരില്‍ നടന്നുവരികയാണ്. മരക്കച്ചവടക്കാരന്‍ അബ്ദുവായി മോഹന്‍ലാല്‍ അഭിനയിക്കുന്ന കിളിച്ചുണ്ടന്‍മാമ്പഴം മോഹന്‍ലാല്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഒരുക്കുന്ന ചിത്രമാണ്. ഒരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ നര്‍മം കൈകാര്യം ചെയ്യുന്നുണ്ട് ഈ ചിത്രത്തില്‍.
ഡാനിയ്ക്ക് ശേഷം ടി. വി. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പാഠം ഒന്ന് ഒരു വിലാപം ഷൊര്‍ണൂരില്‍ തുടങ്ങി. മീര ജാസ്മിനാണ് ഈ ചിത്രത്തില്‍ നായികയാവുന്നത്.
സിദ്ദിക്കിന്റെ മമ്മൂട്ടി ചിത്രമായ ക്രോണിക് ബാച്ചിലറിന്റെ ചിത്രീകരണം കൊച്ചിയില്‍ നടന്നുവരികയാണ്. മമ്മൂട്ടിയ്ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണിത്.
ജയറാം നായകനാവുന്ന സിബി മലയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗും കൊച്ചിയില്‍ നടക്കുന്നുണ്ട്. ജയറാമിന്റെ മകന്‍ കാളിദാസ് ഒരു ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജ്യോതിര്‍മയി ആദ്യമായി നായികയാവുകയാണ് ഈ ചിത്രത്തിലൂടെ.
ജയരാജിന്റെ ദിലീപ് ചിത്രം തിളക്കത്തിന്റെ ചിത്രീകരണം പൊള്ളാച്ചിയില്‍ പുരോഗമിക്കുന്നു. കാവ്യാ മാധവനാണ് ചിത്രത്തിലെ നായിക.
കണ്ണൂരില്‍ ചിത്രീകരണം നടക്കുന്ന ദീപങ്ങള്‍ സാക്ഷിയുടെ ചിത്രീകരണത്തിന് നായകനായ ബിജു മേനോനെത്തി. സംയുക്തയും ബിജുവോടൊപ്പമുണ്ടായിരുന്നു.


Click it and Unblock the Notifications