ഇരട്ടകള്‍ കള്ളനും പൊലീസുമായപ്പോള്‍...
ഇരട്ടകള്‍ കള്ളനും പൊലീസുമായപ്പോള്‍...
മലയാളത്തില്‍ ഇപ്പോള്‍ ഡബിള്‍ റോള്‍ തരംഗം അല വീശുകയാണ്. ജഗതി ജഗദീഷ് ഇന്‍ ടൗണ്‍ എന്ന നിസാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജഗതിയും ജഗദീഷും ഡബിള്‍ റോളിലാണെത്തുന്നത്.
നീലകണ്ഠനും രാഘവനും പൊലീസ് ഉദ്യോഗസ്ഥരാണ്. ആത്മാര്‍ഥ സുഹൃത്തുക്കളാണ് ഇരുവരും. വിട്ടുപിരിയാത്ത സൗഹൃദം.
രാഘവനും ദേവകിയമ്മക്കും രണ്ട് കുട്ടികളാണ്. ബാലകൃഷ്ണനും ഉണ്ണികൃഷ്ണനും. എന്നാല്‍ ദേവകിയമ്മയ്ക്കും രാഘവനും അറിയാത്ത ഒരു കാര്യമുണ്ട്. ദേവകിയമ്മ രണ്ടു തവണയും പ്രസവിച്ചത് ഇരട്ടക്കുട്ടികളെയാണെന്ന സത്യം. ആശുപത്രിയിലെ ഹെഡ് നഴ്സ് രാജമ്മ ഓരോ പ്രസവത്തിലെയും ഓരോ കുട്ടികളെ ദേവകിയമ്മ അറിയാതെ മാറ്റുകയായിരുന്നു.
രാജമ്മയുടെ ഭര്‍ത്താവ് ഭാസ്കരന്‍ കള്ളനാണ്. തന്റെ മക്കളായി ഇരുവരെയും വളര്‍ത്തിയ ഭാസ്കരന്‍ ഇരുവരെയും വിദഗ്ധന്മാരായ കള്ളന്മാരാക്കി. വളര്‍ന്നപ്പോള്‍ അവര്‍ നഗരത്തെ വിറപ്പിക്കുന്ന മോഷ്ടാക്കളായി.
രാഘവന്‍ അപ്രതീക്ഷിതമായി ഒരു അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ദേവകിയമ്മയാണ് ബാലകൃഷ്ണനെയും ഉണ്ണികൃഷ്ണനെയും വളര്‍ത്തിയത്. മുതിര്‍ന്നപ്പോള്‍ ഇരുവരും അഛനെ പോലെ പൊലീസുകാരായി. സിഐ ബാലകൃഷ്ണനും എസ്ഐ ഉണ്ണികൃഷ്ണനും.
രാഘവന്റെ സുഹൃത്തായിരുന്ന നീലകണ്ഠന്‍ പൊലീസ് കമ്മിഷണറായി. രാഘവന്റെ കുടുംബത്തോടുളള സ്നേഹം അപ്പോഴും അയാള്‍ സൂക്ഷിച്ചിരുന്നു. തന്റെ മകള്‍ രാധികയെ ഉണ്ണികൃഷ്ണന് വിവാഹം ചെയ്യാന്‍ അയാള്‍ തീരുമാനിക്കുകയും ചെയ്തു.
ഇതിനിടെ രാജമ്മ വളര്‍ത്തിയ മക്കള്‍ നഗരത്തിന്റെ തലവേദനയായി മാറികഴിഞ്ഞിരുന്നു. കള്ളന്മാരെ കണ്ടെത്തേണ്ട ചുമതല ബാലകൃഷ്ണന്റെതും ഉണ്ണികൃഷ്ണന്റേതുമായി. കള്ളന്മാരെ പിടിക്കാന്‍ അവര്‍ അരയും തലയും മുറുക്കിയിറങ്ങി.
ഇതിനിടെയാണ് അവര്‍ ഞെട്ടിപ്പിക്കുന്ന ഒരു സത്യം മനസിലാക്കിയത്. തങ്ങള്‍ തേടുന്ന കള്ളന്മാര്‍ തങ്ങളുമായി രൂപ സാദൃശ്യമുള്ളവരാണ്. അന്വേഷണത്തിന്റെ ഗതിയെ തന്നെ മാറ്റിമറിക്കുകയായിരുന്നു തുടര്‍ന്നുള്ള സംഭവങ്ങള്‍.
ജഗതിയാണ് സിഐ ബാലകൃഷ്ണനെ അവതരിപ്പിക്കുന്നത്. എസ്ഐ ഉണ്ണികൃഷ്ണനായി ജഗദീഷ്. ദേവകിയമ്മയെ കവിയൂര്‍ രേണുകയും നീലകണ്ഠനെ ഇന്നസെന്റും രാധികയെ ചാര്‍മിളയും അവതരിപ്പിക്കുന്നു.
കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, മാള അരവിന്ദന്‍, ഇന്ദ്രന്‍സ്, ടി. പി. മാധവന്‍, സുബൈര്‍, ബാബുരാജ്, കോട്ടയം നസീര്‍, സാജു കൊടിയന്‍, അബുസലിം, സിദ്ധരാജ്, സിബി വെല്ലൂരാന്‍, രാഗസുധ, രാവണ്യ, പ്രിയങ്ക, ശാന്തകുമാരി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
മഞ്ജു, ടൈറ്റസ് എന്നീ രണ്ട് തിരക്കഥാകൃത്തുക്കളെ പരിചയപ്പെടുത്തുകയാണ് നിസാര്‍ ഈ ചിത്രത്തിലൂടെ. ആര്‍. പി. ജിയുടേതാണ് കഥ.
ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ഷക്കീര്‍ ജാക്സണ്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം സി. എം. മുത്തു.


Click it and Unblock the Notifications