»   » തൊമ്മന്റെ മക്കള്‍

തൊമ്മന്റെ മക്കള്‍

Posted By:
Subscribe to Filmibeat Malayalam

തൊമ്മന്റെ മക്കള്‍

രണ്ടു മക്കളാണ് തൊമ്മന്- ശിവനും സത്യനും. ആ മൂന്ന് പേരും വേര്‍പിരിയാത്ത ഒരു മനസാണെന്ന് പറയണം. ആ നാട്ടില്‍ അവരെ അറിയാത്തവരായി ആരുമില്ല.

നന്നാവാന്‍ തീരുമാനിച്ചാണ് തൊമ്മനും മക്കളും ആ നാടുവിട്ടത്. അത്രകണ്ടു പ്രശ്നങ്ങളും പൊല്ലാപ്പുകളും അവര്‍ ആ നാട്ടിലുണ്ടാക്കിയിട്ടുണ്ട്. ഒരു പ്രത്യേക സാഹചര്യത്തില്‍ ആ നാട് വിടാന്‍ അവര്‍ തീരുമാനിച്ചു. ഒരു ദിവസം ആരുമറിയാതെ, ആ നാട് വിട്ട് അവര്‍ പോയി.

ആ നാട് വിടാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. നാട്ടില്‍ പല പൊല്ലാപ്പുകളുമുണ്ടാക്കിയിട്ടുണ്ടെങ്കിലും അതൊന്നും തെറ്റായ ലക്ഷ്യങ്ങള്‍ക്കായിരുന്നില്ല. തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നതിന്റെ കൂടെ നില്‍ക്കുക. അതിന് വേണ്ടി എന്തു ത്യാഗവും ചെയ്യുക. അതാണ് അവരുടെ രീതി. ഒരു കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടാല്‍ അതിനായി എന്തു പ്രശ്നത്തെയും നേരിടും. തങ്ങളുടെ ലക്ഷ്യം കാണാന്‍ എന്തു മാര്‍ഗവും തേടും.

തൊമ്മന്‍ മിക്ക സമയത്തും മദ്യലഹരിയിലായിരിക്കും. മദ്യപിച്ചാല്‍ അയാള്‍ വലിയ പ്രശ്നക്കാരനല്ല. എന്നാല്‍ കുടിക്കാതിരുന്നാലോ അയാള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഏതറ്റം വരെ പോകുമെന്ന് പറയാനാവില്ല. അതുകൊണ്ട് അച്ഛനെ കുടിപ്പിക്കുന്നത് മക്കള്‍ രണ്ടു പേരും തന്നെയാണ്. മദ്യപിച്ചാല്‍ അപ്പന്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെയോര്‍ത്ത് മക്കള്‍ അച്ഛനെ നന്നായി കുടിപ്പിക്കും. അതല്ലാതെ അവര്‍ക്ക് വേറെ നിര്‍വാഹമില്ല. എന്നാലോ മക്കള്‍ എന്തെങ്കിലും കാര്യത്തിന് മുന്നിട്ടിറങ്ങിയാല്‍ അതിനോടൊപ്പം തൊമ്മനും കാണും.

ശിവനും സത്യനും ഭിന്നസ്വഭാവക്കാരാണ്. ശിവനെ കാണാന്‍ പരമയോഗ്യനാണ്. പൗരുഷവും സൗന്ദര്യവും തുടിച്ചുനില്‍ക്കുന്നുണ്ട് അവന്റെ മുഖത്ത്. ചെവിയില്‍ കുണുക്കിട്ട്, പല നിറങ്ങളുള്ള കുപ്പായവുമിട്ട് ഒരു മൈക്കിള്‍ ജാക്സണ്‍ സ്റൈല്‍. മുന്‍കോപിയായ ശിവന്‍ കാള പെറ്റെന്ന് കേട്ടാല്‍ കയറെടുക്കുന്ന പ്രകൃതക്കാരനാണ്. പുള്ളി എന്തെങ്കിലും പ്രശ്നത്തില്‍ ഇടപെട്ടാല്‍ അത് തല്ലിലേ കലാശിക്കൂ.

ഇളയവന്‍ സത്യന്‍ കാഴ്ചയില്‍ പരുക്കനാണ്. ആറടി പരുക്കന്‍ ഭാവവുമുള്ള അവനെ കണ്ടാല്‍ പ്രശ്നക്കാരനാണെന്ന് തോന്നും. എന്നാല്‍ കാണുന്നതു പോലെയല്ല പുള്ളി. ശുദ്ധനാണ്. ആളുകളോട് സ്നേഹമുള്ളവനാണ്.

അക്ഷരാഭ്യാസം തൊട്ടുതീണ്ടാത്തവരാണ് തൊമ്മനും മക്കളും. സ്കൂളിന്റെ പടി കയറാത്ത അവര്‍ക്ക് പക്ഷേ അതൊന്നും ഒരു പോരായ്മയായി തോന്നിയിട്ടില്ല.

ശിവനും സത്യനും തമ്മില്‍ ചിലപ്പോള്‍ പ്രശ്നങ്ങളുണ്ടാവും. അവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായാല്‍ തൊമ്മന്‍ അതിന് പ്രതിവിധി തൊമ്മന്റെ കൈയിലുണ്ട്. ഇരുവരും തമ്മില്‍ തല്ലി പ്രശ്നം തീര്‍ക്കുക. അതാണ് തൊമ്മന്‍ മക്കളോട് ആവശ്യപ്പെടുക. തല്ലോടെ ആ പ്രശ്നം അവസാനിച്ചിരിക്കും.

ജനങ്ങളുടെയൊക്കെ ശ്രദ്ധാകേന്ദ്രമായിരുന്ന തൊമ്മനും മക്കളും ആ നാട് വിട്ടുപോയത് എന്തിനാണെന്ന് ആര്‍ക്കും അറിയില്ല. പുതിയ നാട്ടിലെത്തിയപ്പോഴും അവര്‍ക്ക് പ്രശ്നങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനായില്ല. തൊമ്മനും മക്കളും നേരിടുന്ന പുതിയ പ്രശ്നങ്ങളുടെ കഥയാണ് തുടര്‍ന്ന് ഷാഫി സംവിധാനം ചെയ്യുന്ന തൊമ്മനും മക്കളും പറയുന്നത്.

തൊമ്മനായി രാജന്‍ പി. ദേവും ശിവനായി മമ്മൂട്ടിയും സത്യനായി ലാലുമാണ് വേഷമിടുന്നത്. മറുഭാഷാ നടി ലയയാണ് ചിത്രത്തിലെ നായിക. സലിംകുമാര്‍, മനോജ് കെ. ജയന്‍, ജനാര്‍ദനന്‍, കലാശാല ബാബു, മോഹന്‍ജോസ്, അബു സലിം, മച്ചാന്‍ വര്‍ഗീസ്, യദുകൃഷ്ണന്‍, സൈജു എഴുപുന്ന, രവി, സിന്ധു മേനോന്‍, മാനസ, ബേബി ജാനകി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ബെന്നി പി. നായരമ്പലമാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് അലക്സ് പോള്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം സഞ്ജീവ് ശങ്കര്‍. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാലാണ് ചിത്രം നിര്‍മിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X