For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഊമകളുടെ പ്രണയത്തിന്റെ കഥ

  By Staff
  |

  ഊമകളുടെ പ്രണയത്തിന്റെ കഥ

  വിനയന്റെ ഊമപെണ്ണിന് ഉരിയാടാപയ്യന്‍ രണ്ട് ഊമകളുടെ പ്രണയത്തിന്റെ കഥയാണ്. മാര്‍ത്താണ്ഡപുരം കൊട്ടാരത്തിലെ പ്രതാപിയായ രാജശേഖര വര്‍മയുടെ ഏകമകളാണ് ഗോപികാ വര്‍മ. അതീവ സുന്ദരിയും ചിത്രകാരിയുമാണ് ഗോപിക. സൗഭാഗ്യങ്ങളുടെ മടിത്തട്ടിലാണ് അവള്‍ ജനിച്ചുവീണതെങ്കിലും അവള്‍ക്ക് ചില വൈകല്യങ്ങളുണ്ടായിരുന്നു. സംസാരിക്കാനോ കേള്‍ക്കാനോ കഴിയില്ല.

  ഗോപിക നന്നായി ചിത്രം വരയ്ക്കും. കൗമാരത്തിലേ ഒരു കാര്യം അവള്‍ തീരുമാനിച്ചിരുന്നു. വിവാഹം കഴിക്കുന്നത് തന്നെ പോലുള്ള ഒരാളെ ആയിരിക്കും. അങ്ങനെയൊരാളെ അവള്‍ കണ്ടെത്തുകയും ചെയ്തു. ഒരിക്കല്‍ റോഡരികില്‍ പരസ്യചിത്രം വരച്ചുകൊണ്ടിരിക്കുന്ന ബേബി ഉമ്മനെ അവള്‍ കണ്ടു.

  പുഷ്പരാജന്‍ നടത്തുന്ന പുഞ്ചിരി അഡ്വര്‍ടൈസിംഗ് കമ്പനിയില്‍ ജോലിക്കാരനാണ് ബേബി ഉമ്മന്‍. നന്നായി ചിത്രം വരക്കാന്‍ കഴിവുള്ള ബേബിയും ഗോപികയെ പോലെ ഒരു ഊമയാണ്.

  വഴിവക്കില്‍ താന്‍ വരക്കുന്ന ചിത്രം നോക്കിനില്‍ക്കുന്ന ഗോപികയെ ബേബി കണ്ടു. തന്നെയാണ് അവള്‍ നോക്കുന്നതെന്ന് അവന്‍ കരുതി. അവന്റെ കൂടെയുണ്ടായിരുന്ന കൂട്ടുകാരും അങ്ങനെയാണ് കരുതിയത്. അവന്‍ അവളില്‍ ആകൃഷ്ടനായി.

  ഗോപികയുടെ മനസിലും പ്രണയത്തിന്റെ മൊട്ടുകള്‍ വിരിഞ്ഞു. ചിത്രത്തോടൊപ്പം ചിത്രകാരനും അവളുടെ മനസില്‍ ഇടം പിടിച്ചു.

  പരസ്പരം ആകൃഷ്ടരായ ഇരുവരും പിന്നീട് കണ്ടുമുട്ടി. അപ്പോഴാണ് ബേബി ഊമയാണെന്ന് ഗോപികയ്ക്കും ഗോപിക ഊമയാണെന്ന് ബേബിയ്ക്കും മനസിലായത്. താന്‍ തേടികൊണ്ടിരുന്ന ആളെ കണ്ടെത്തിയിരിക്കുകയാണെന്ന് ഗോപികയ്ക്ക് ബോധ്യമായി. ആ ബന്ധം ദൃഢമായി.

  ബേബിയെ കൂടാതെ മൂന്ന് പേര്‍ കൂടിയുണ്ട് പുഞ്ചിരി അഡ്വര്‍ടൈസിംഗ് കമ്പനിയില്‍. ബേബിയും ടോണിയും കൊച്ചുകുട്ടനും. കൊച്ചുകുട്ടനുമുണ്ട് ബേബിയെ പ്പോലെ ജന്മനായുള്ള വൈകല്യം. ഒരു കൂനനാണ് അയാള്‍. പക്ഷേ എല്ലാ വൈകല്യങ്ങളും മറന്ന് അവര്‍ ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ കണ്ടെത്തി. പുഞ്ചിരി പുഷ്പരാജിനാവട്ടെ അവരെ നാല് പേരെയും ഏറെയിഷ്ടമായി.

  ഇതിനിടയിലാണ് ഗോപികയുടെ പിതാവ് രാജശേഖരവര്‍മ തന്റെ സഹോദരിയുടെ മകനായ ഇന്ദ്രജിത്തുമായി അവളുടെ വിവാഹം ഉറപ്പിക്കുന്നത്. ബോംബെയിലാണ് ഇന്ദ്രജിത്ത് . സ്വഭാവദൂഷ്യങ്ങള്‍ പലതുമുള്ള ഇന്ദ്രജിത്തിനെ ഗോപികയ്ക്ക് ഒരിക്കലും ഇഷ്ടപ്പെടാനാവുമായിരുന്നില്ല.

  ഗോപികയെ വിവാഹം ചെയ്യാനായി നാട്ടിലെത്തിയപ്പോഴാണ് ഇന്ദ്രജിത്ത് തന്റെ പ്രതിശ്രുതവധു മറ്റൊരാളുമായി പ്രണയത്തിലാണെന്ന് അറിയുന്നത്. തുടര്‍ന്നുണ്ടായത് അപ്രതീക്ഷിതമായ സംഭവവികാസങ്ങളായിരുന്നു.

  ഊമകളുടെ പ്രണയകഥ പറയുന്ന വിനയന്‍ മറ്റൊരു ഹിറ്റ് കൂടി തീര്‍ക്കാനൊരുങ്ങുകയാണ് ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെ. ഗോപികയെ കാവ്യാ മാധവന്‍ അവതരിപ്പിക്കുമ്പോള്‍ ബേബി ഉമ്മനായെത്തുന്നത് പുതുമുഖം ജയസൂര്യയാണ്. മറ്റൊരു പുതുമുഖം കൂടിയുണ്ട് ഈ ചിത്രത്തില്‍- നടന്‍ സുകുമാരന്റെ മകന്‍ഇന്ദ്രജിത്ത്. തന്റെയതേ പേരിലുള്ള കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.

  കൊച്ചുകുട്ടനെ ഹരിശ്രീ അശോകനും പുഷ്പരാജിനെ കൊച്ചിന്‍ ഹനീഫയും ടോണിയെ സുധീഷും അവതരിപ്പിക്കുന്നു. സന്തോഷായി സന്തോഷ് തന്നെ.

  ജഗദീഷ്, കലാഭവന്‍ മണി, രാജന്‍ പി. ദേവ്, മാള അരവിന്ദന്‍, റിസബാവ, സായികുമാര്‍, ബിന്ദു പണിക്കര്‍, കല്പന, കാര്‍ത്തിക, യമുന, അനു ആനന്ദ്, കോഴിക്കോട് ശാരദ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

  വിനയന്റേതു തന്നെയാണ് കഥ. തിരക്കഥ, സംഭാഷണം കലൂര്‍ ഡെന്നീസ്. യൂസഫലി കേച്ചേരിയും വിനയനും രചിച്ച ഗാനങ്ങള്‍ക്ക് മോഹന്‍ സിതാരം ഈണം പകരുന്നു. യേശുദാസ്, ചിത്ര, എം. ജി. ശ്രീകുമാര്‍, സുജാത എന്നിവരാണ് ഗായകര്‍.

  ഛായാഗ്രഹണം ഉത്പല്‍ വി. നായനാര്‍. ഷിര്‍ദിസായി ക്രിയേഷന്‍സിന്റെ ബാനറില്‍ പി. കെ. ആര്‍. പിള്ള ചിത്രം നിര്‍മിക്കുന്നു.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X