കേരള പശ്ചാത്തലത്തില്‍ ഒരു പ്രിയന്‍ ചിത്രം
കേരള പശ്ചാത്തലത്തില്‍ ഒരു പ്രിയന്‍ ചിത്രം
ചെറുതുരുത്തി.
നീണ്ടുകിടക്കുന്ന നിളാതീരം.
പ്രിയദര്‍ശന്‍ തിരക്കിലാണ്. ഒരു ടെന്റിനുള്ളില്‍ പ്രിയദര്‍ശനും സഹായികളും ഒരു നൃത്തരംഗത്തിനായുള്ള നൃത്തസംവിധായകന്റെ തയ്യാറെടുപ്പുകള്‍ നോക്കിനില്‍ക്കുകയാണ്.
ഏതാണ്ട് നൂറോളം പുരുഷന്മാര്‍ നൃത്തരംഗത്തില്‍ അണിനിരക്കുന്നതിനായി തയ്യാറെടുത്തുനില്‍ക്കുന്നുണ്ട്. അമ്പതോളം സ്ത്രീകളും. പുരുഷന്മാരെല്ലാം ദോത്തിയും മുള കൊണ്ടുള്ള തൊപ്പിയും ധരിച്ചിരിക്കുന്നു. സ്ത്രീകള്‍ വര്‍ണാഭമായ വേഷങ്ങളിലാണ്.
മോഹന്‍ലാലും സൗന്ദര്യയും പങ്കെടുക്കുന്ന ഗാനരംഗമാണത്. മോഹന്‍ലാല്‍ തിളങ്ങുന്ന അലങ്കാരപ്പണികളോടെയുള്ള കറുത്ത വേഷത്തിലാണ്. ചുവടുവെക്കുന്ന മോഹന്‍ലാലിനൊപ്പം സൗന്ദര്യയും രംഗത്തെത്തി. ക്യാമറയോട് ഘടിപ്പിച്ചിരിക്കുന്ന മോണിട്ടറിലൂടെ പ്രിയദര്‍ശന്‍ ഫ്രെയ്മുകള്‍ നിരീക്ഷിക്കുന്നുണ്ട്.
ഏറെ കാലത്തിന് ശേഷമാണ് പ്രിയന്‍ തന്റെ ചിത്രം കേരളത്തില്‍ വെച്ച് ചിത്രീകരിക്കുന്നത്. കാക്കക്കുയില്‍, തേന്മാവിന്‍ കൊമ്പത്ത്, കിലുക്കം തുടങ്ങിയ ചിത്രങ്ങളെല്ലാം തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലുമായാണ് ചിത്രീകരിച്ചത്. എന്നാല്‍ കിളിച്ചുണ്ടന്‍മാമ്പഴത്തിന്റെ കഥ കേരള പശ്ചാത്തലത്തിലായതിനാല്‍ ചിത്രീകരണം കേരളത്തില്‍ വെച്ചുതന്നെയായി.
സൂപ്പര്‍താര പരിവേഷത്തില്‍ നിന്ന് മാറി ചിരിപ്പിക്കുന്ന വേഷമണിയുകയാണ് മോഹന്‍ലാല്‍ കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍. മരക്കച്ചവടക്കാരന്‍ അബ്ദുവെന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. തന്റെ പ്രിയപ്പെട്ട ആമിനയെ വിവാഹം കഴിക്കുക എന്നതാണ് അബ്ദുവിന്റെ ലക്ഷ്യം. മൊയ്തൂട്ടി ഹാജിയാര്‍ അവളെ വിവാഹം ചെയ്തിരിക്കുകയാണ്. അയാളുടെ മൂന്നാമത്തെ ഭാര്യയാണ് ആമിന. ഹാജിയാരുടെ പിടിയില്‍ നിന്നും അവളെ രക്ഷിക്കാന്‍ അബ്ദു നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് കിളിച്ചുണ്ടന്‍ മാമ്പഴം.
ഏറെ കാലത്തിന് ശേഷം ശ്രീനിവാസന്‍ പ്രിയദര്‍ശന് വേണ്ടി തിരക്കഥ രചിക്കുകയാണ്. ശ്രീനിയും പ്രിയനും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്. പഴയതു പോലെ മോഹന്‍ലാല്‍-പ്രിയന്‍-ശ്രീനി ടീം വീണ്ടും ഒന്നുചേരുമ്പോള്‍ പ്രേക്ഷകര്‍ ഒരു നല്ല ചിത്രമാണ് പ്രതീക്ഷിക്കുന്നത്.
ജഗതി, തിലകന്‍, കൊച്ചിന്‍ ഹനീഫ എന്നിവര്‍ക്കൊപ്പം മന്ത്രി ഗണേഷ്കുമാറും ഈ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മന്ത്രിയായതിന് ശേഷം ഗണേഷ് അഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണിത്.


Click it and Unblock the Notifications