twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിരിമരുന്നുമായി മറ്റൊരു ജോഡി

    By Staff
    |

    കോമഡി ജോഡികള്‍ സിനിമാ പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമല്ല. ഭാസിയും ബഹദൂറും മുതല്‍ ദിലീപും ഹരിശ്രീ അശോകന്‍, ദിലീപ് സലിം കുമാര്‍ ജോടികള്‍ വരെ പ്രേക്ഷകരെ മത്സരിപ്പിച്ച് ചിരിപ്പിച്ചിട്ടുണ്ട്. ആ നിരയിലേയ്ക്ക് വരികയാണ് അടുത്ത ജോടി. അതേ പുതിയ കോമഡി സെന്‍സേഷന്‍ സുരാജ് വെഞ്ഞാറമൂട്, ചിരിച്ചും ചിരിപ്പിച്ചും സൂപ്പര്‍താരമായ ദിലീപുമായി ഒന്നിക്കുന്നു. ചിത്രം റോമിയോ.

    നാടോടിക്കാറ്റു മുതല്‍ അക്കരെയക്കരെയക്കരെ വരെയിലെ മോഹന്‍ലാല്‍ ശ്രീനിവാസന്‍ ടീമും കിലുക്കത്തിലെ മോഹന്‍ലാല്‍ ജഗതി ടീമും പഞ്ചാബി ഹൗസിലെ ദിലീപ് ഹരിശ്രീ അശോകന്‍ ടീമുമൊക്കെ പെട്ടെന്ന് ഓര്‍മ്മയിലേയ്ക്ക് ഓടിക്കയറുന്ന കോമഡി ജോടികളാണ്. തെങ്കാശിപ്പട്ടണത്തില്‍ ദിലീപ് സലിം കുമാര്‍ ടീമും നമ്മെ ഏറെ ചിരിപ്പിച്ചിട്ടുണ്ട്.

    പഞ്ചാബി ഹൗസും തെങ്കാശിപ്പട്ടണവുമൊക്കെ എഴുതി തൂലിക പിടിച്ചതും ഒരുജോടിക്കൈകളാണ്. റാഫി മെക്കാര്‍ട്ടിന്‍ ടീം. ഈ ടീം രാജസേനനു വേണ്ടി എഴുതുന്ന ഏറ്റവും പുതിയ തിരക്കഥയാണ് റോമിയോ. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ആണ്‍ നെഴ്സ് മനുകൃഷ്ണന്റെ വേഷമാണ് ദിലീപിന്. പ്രശാന്ത് കുന്നുംപുറം എന്ന സിനിമാ ഭ്രാന്തന്റെ വേഷത്തില്‍ സുരാജ് എത്തുന്നു.

    കുടുകുടാ ചിരിപ്പിക്കുന്ന ഒരു രംഗത്തിലാണ് സുരാജിനെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ് ഒരു സിനിമാ നടന്‍ ആശുപത്രിയിലായെന്ന് വാര്‍ത്ത പരക്കുന്നു. മുഖമാകെ കറുത്ത് കരിവാളിച്ച നിലയില്‍ അബോധാവസ്ഥയിലാണ് നടനെ ആശുപത്രിയിലെത്തിക്കുന്നത്.

    നടനാരാണെന്ന് അറിയാനുളള ആകാംക്ഷ നെഴ്സുമാരില്‍ പരക്കുന്നത് സ്വാഭാവികം. അതുകൊണ്ട് രണ്ടു മണിക്കൂര്‍ പരിശ്രമിച്ച് അവര്‍ അദ്ദേഹത്തിന്റെ മുഖം വെളുപ്പിക്കുന്നു. ബോധം വീണ് വേദന കൊണ്ട് പുളയുന്ന പ്രശാന്ത് ദയനീയമായി നെഴ്സുമാരോട് ചോദിച്ചു.

    "ഇത് ആശുപത്രിയോ ബ്യൂട്ടി പാര്‍ലറോ ചേച്ചിമാരെ. എന്റെ കാലിനാണ് മുറിവ് അതിന് മുഖം മിനുക്കിയിട്ടെന്താ കാര്യം".

    നെഴ്സിന്റെ മറുപടി ഇങ്ങനെ, "ഏത് നടനാണെന്നറിയാന്‍ നോക്കിയതാ..."

    തര്‍ക്കം മുറുകിയപ്പോള്‍ ആണ്‍നെഴ്സ് മനുകൃഷ്ണനെത്തി. പരിക്കേറ്റ സിനിമാ നടനെക്കണ്ട് ഞെട്ടിയ മനു ചോദിച്ചു. "നീയാണോ അപകടം പറ്റിയ നടന്‍. നിനക്ക് ചാന്‍സ് കിട്ടിയോടാ....."

    പ്രശാന്തിന്റെ ദയനീയമായ മറുപടി ഇതായിരുന്നു. "ബോംബ് സ്ഥോടന സീനായിരുന്നു എടുക്കാന്‍ പോയത്. ഞാന്‍ ചാന്‍സ് ചോദിക്കാന്‍ ചെന്നപ്പോഴേയ്ക്ക് ആ ബോംബ് പൊട്ടി". എല്ലാ പ്രതീക്ഷയും തകര്‍ന്ന പ്രശാന്ത് കുന്നുംപുറമെന്ന ഭാവി സൂപ്പര്‍സ്റ്റാറിന്റെ നിലവിളി കേട്ട് മനുവിന്റെ കണ്ണു നിറഞ്ഞു.

    റോമിയോയിലെ ഈ ജോടിയുടെ പടയോട്ടം ഇവിടെ തുടങ്ങുന്നു.

    മീശയെടുത്ത് കപ്പടാ കൃതാവും വെച്ച സുരാജിനെ കാണുമ്പോള്‍ തന്നെ തീയേറ്ററില്‍ ചിരിയുടെ പൂക്കുറ്റി വിരിയുമെന്നുറപ്പ്.

    പ്രശാന്ത് കുന്നുംപുറം മനുവിന്റെ സുഹൃത്താവുന്നതും സിനിമ വഴി തന്നെ. സിനിമാ താരമാണ് മനുവിന്റെ അച്ഛന്‍ രതീഷ് കുമാര്‍. ജനം തിരിച്ചറിയുന്ന ഒരു വേഷവും ഇതുവരെ ചെയ്തിട്ടില്ലെങ്കിലും പ്രശാന്തിന് രതീഷ് കുമാര്‍ സൂപ്പര്‍ സ്റ്റാറാണ്. രതീഷ് കുമാര്‍ വഴി സിനിമയില്‍ കടക്കാനാവുമെന്ന് കരുതിയ പ്രശാന്ത് കുന്നുംപുറം അദ്ദേഹത്തിന്റെ വീട്ടിലെ നിത്യസന്ദര്‍ശകനാവുന്നു.

    അങ്ങനെയാണ് സമപ്രായക്കാരനായ മനുവുമായി പ്രശാന്ത് സൗഹൃദത്തിലാവുന്നത്. തന്റെ സൂപ്പര്‍സ്റ്റാറായ രതീഷ് കുമാറിനും അദ്ദേഹത്തിന്റെ മകനും എന്താവശ്യമുണ്ടെങ്കിലും അറി‍ഞ്ഞു സഹായിക്കുന്നവനാണ് പ്രശാന്ത് കുന്നുംപുറം.

    ദിലീപ് സുരാജ് ജോടി സിനിമയിലെ പുതിയ ട്രെന്റ് സെറ്ററാകുമെന്ന് തന്നെയാണ് തിരക്കഥാജോടികളുടെ അഭിപ്രായം. ദിലീപിന്റെയും സുരാജിന്റെയും കെമിസ്ട്രി ക്ലിക്കാകുമെന്ന് ഇവര്‍ വിശ്വസിക്കുന്നു.

    റാഫിമെക്കാര്‍ട്ടിന്റെ മുന്‍ചിത്രങ്ങളായ മായാവി, ഹലോ എന്നീ ചിത്രങ്ങളില്‍ സുരാജിന് ശ്രദ്ധേയമായ വേഷങ്ങള്‍ കിട്ടിയിരുന്നു. മായാവിയിലെ സുരാജിന്റെ ആദ്യസീന്‍ ഏറെ ചിരിയുണര്‍ത്തിയിരുന്നു.

    രാജസേനനാണ് റോമിയോ സംവിധാനം ചെയ്യുന്നത്. ഏറെക്കാലമായി ഒരു ഹിറ്റിന് കൊതിക്കുന്ന സംവിധായകനാണ് രാജസേനന്‍. ജയറാമിന്റെ ഭാഗ്യസംവിധായകനായ രാജസേനന് ആദ്യത്തെ കണ്‍മണിക്കു ശേഷം ഇതുവരെ ഒരു ഹിറ്റ് സിനിമ ചെയ്യാനായിട്ടില്ല.

    ഒടുവിലിറങ്ങിയ കനകസിംഹാസനമാകട്ടെ വന്‍പരാജയവുമായിരുന്നു. അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന തന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന് തിരക്കഥയെഴുതിയ റാഫി മെക്കാര്‍ട്ടിന്‍ ജോടിയെ വീണ്ടും ആശ്രയിക്കുകയാണ് രാജസേനന്‍. നായകനായി ജനപ്രിയ നായകന്‍ ദിലീപും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X