തീക്കനല്‍ പോലെ ഗുല്‍മോഹര്‍
ഗുല്‍ മോഹര്‍. വിപ്ലവസ്വപ്നങ്ങളുടെ അഗ്നികാന്തിയേറ്റു വാങ്ങിയ പൂക്കള്‍. ഇന്ദുചൂഡന്റെ ജീവിതവും അതുപോലെയായിരുന്നു. ആളുന്ന ജ്വാലയുടെ തീക്ഷ്ണതയും അനിശ്ചിതത്വവും മുറ്റിയ ജീവിതം. സ്വയം എരിഞ്ഞു തീരുമ്പോഴും മറ്റുളളവരുടെ പ്രതീക്ഷയും സ്വപ്നങ്ങളും ഇന്ദുചൂഡനില്‍ ഭദ്രമായിരുന്നു.
ജയരാജിന്റെ പുതിയ ചിത്രമാണ് ഗുല്‍മോഹര്‍. ഇന്ദുചൂഡന്‍ എന്ന നായകനെ അവതരിപ്പിക്കുന്നത് സൂപ്പര്‍ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത്. എഴുപതുകളില്‍ കേരളത്തിലെ കലാലയങ്ങളില്‍ പടര്‍ന്ന തീപിടിച്ച ചിന്തകളുടെ തനിപ്പകര്‍പ്പാണ് ഈ ചിത്രം. സ്വപ്നങ്ങളും പ്രതീക്ഷകളും യൗവനവും നാളേയ്ക്കു വേണ്ടി ഒഴുക്കിക്കളഞ്ഞ ചെറുപ്പക്കാരുടെ കഥ.
അടിയന്തിരാവസ്ഥയ്ക്കു ശേഷമുളള ഒരു കാമ്പസാണ് ഗുല്‍മോഹറില്‍ പുനര്‍ജനിക്കുന്നത്. വിപ്ലവത്തിന്റെ കനലുകള്‍ ഉള്ളില്‍ കിടന്നു നീറിയ വിദ്യാര്‍ത്ഥിയായി, മലയാള അധ്യാപകനായി, തടവുകാരനായി രഞ്ജിത്ത് അഭിനയത്തിന്റെ കരുത്തുളള മുഖങ്ങള്‍ നമുക്ക് കാണിച്ചു തരികയാണ് ഈ ചിത്രത്തിലൂടെ.
സിനിമാ പൗരുഷത്തിന് പുതിയ ഭാവം രചിച്ച എഴുത്തുകാരനാണ് രഞ്ജിത്ത്. മംഗലശേരി നീലകണ്ഠനും മകന്‍ കാര്‍ത്തികേയനും കണിമംഗലം ജഗന്നാഥനും പൂവളളി ഇന്ദുചൂഡനുമൊക്കെ പകരക്കാരില്ലാത്ത പുരുഷകേസരികളാണ് മലയാള സിനിമയില്‍. ആ കഥാപാത്രങ്ങള്‍ക്കൊക്കെ ജീവന്‍ കൊടുത്ത എഴുത്തുകാരന്‍, മറ്റൊരു സംവിധായകനു വേണ്ടി പൗരുഷത്തിന്റെ പുതിയ കഥയെഴുതുകയാണ്, അഭിനയത്തികവു കൊണ്ട്.
കോളജിലെ തീവ്രവാദികളായ ആറംഗ സംഘത്തിന്റെ നേതാവ് അതേ കോളജിലെ അധ്യാപകനാണ്. അയാളുടെ കോഡ് നാമമാണ് ഗുല്‍മോഹര്‍. സമത്വത്തിനും നീതിയ്ക്കും വേണ്ടി എന്തും ചെയ്യുന്നവരാണ് ഈ സംഘത്തിലെ അംഗങ്ങള്‍.
അനീതിയെക്കുറിച്ചുളള വാര്‍ത്തകള്‍ നാടിന്റെ ഏതു ഭാഗത്ത് നിന്നെത്തിയാലും ഇവര്‍ പ്രതികരിച്ചിരിക്കും. ആദിവാസികളുടെ പേടിസ്വപ്നമായ ചാക്കോ മുതലാളിയെ കൊല്ലാന്‍ അവര്‍ തീരുമാനിച്ചതും അങ്ങനെയൊരു പ്രതികരണത്തിന്റെ ഭാഗമായി തന്നെ. ആദിവാസികളെ പീഡിപ്പിക്കുകയും അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്ന ചാക്കോ മുതലാളി കൊല്ലപ്പെടേണ്ടയാള്‍ തന്നെയെന്ന് ഇന്ദുചൂഡനും സംഘവും തീരുമാനിച്ചു.


Click it and Unblock the Notifications