twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാലക്കാടന്‍ ഗ്രാമത്തിലെ ആന്റണിയും ക്ലിയോപാട്രയും

    By Staff
    |

    പാലക്കാടന്‍ ഗ്രാമത്തിലെ ആന്റണിയും ക്ലിയോപാട്രയും

    ഷേക്സ്പിയറുടെ പ്രശസ്തനാടകമായ ആന്റണി ആന്റ് ക്ലിയോപാട്ര യ്ക്ക് ചലച്ചിത്ര ഭാഷ്യം ഒരുക്കുകയാണ് ജയരാജ് കണ്ണകിയിലൂടെ. ആന്റണിയെയും ക്ലിയോപാട്രയെയും സീസറിനെയും പാലക്കാടന്‍ ഗ്രാമത്തില്‍ പറിച്ചുനടുന്ന ജയരാജ് ഷേക്സ്പിയര്‍ നാടകത്തിന്റെ കേരളീയമായ ആവിഷ്കാരത്തിനാണ് ശ്രമിക്കുന്നത്. ആന്റണി മാണിക്യനായും ക്ലിയോപാട്ര കണ്ണകിയായും സീസര്‍ ചോമയായും ഈ ചിത്രത്തില്‍ പുതുജന്മമെടുക്കുന്നു.

    ഏറെ നിഗൂഢതകളുള്ള സ്ത്രീയാണ് കണ്ണകി. കണ്ണകിയെ കുറിച്ച് അവളുടെ ഗ്രാമത്തിലും പരിസരഗ്രാമങ്ങളിലും പരന്നിരിക്കുന്ന വിചിത്രമായ കഥകള്‍ അനേകം. ആ ഗ്രാമത്തിലുള്ളവര്‍ക്കെല്ലാം അവള്‍ നിഗൂഢമായ ഒരു സമസ്യയാണ്. യഥാര്‍ഥത്തില്‍ എന്താണ് അവള്‍ക്ക് പിന്നിലെ സത്യമെന്ന് അവര്‍ക്കാറുമറിയില്ല.

    ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യമാണ് കണ്ണകിക്ക്. ഓട്ടന്‍ ചള്ളയിലെ ചോമയും പൊള്ളാച്ചി കൗണ്ടറും അവളെ മോഹിച്ചു. എന്നാല്‍ പുറംലോകത്തോട് എന്നും ഒരു അകലം പുലര്‍ത്തിയ കണ്ണകി അങ്ങനെ ആര്‍ക്കും വഴങ്ങുന്നവളായിരുന്നില്ല. അവളുടെ മനസില്‍ സ്ഥാനം കണ്ടെത്തണമെങ്കില്‍ അവളുടെ സങ്കല്പങ്ങള്‍ക്ക് ഇണങ്ങുന്ന അപൂര്‍വതകളുള്ള ഒരാളായിരിക്കണം.

    അങ്ങനെയൊരാളെ കണ്ണകി കണ്ടെത്തുക തന്നെ ചെയ്തു- മാണിക്യനെ. കൗണ്ടറെ കോഴിപ്പോരില്‍ തോല്പിച്ച മാണിക്യനെ അവള്‍ മോഹിച്ചു. അവനെ തന്റേതാക്കണമെന്നതായി അവളുടെ ലക്ഷ്യം. മാണിക്യന്‍ ആദ്യം അവള്‍ക്ക് വഴങ്ങിയില്ലെങ്കിലും കൗതുകം ജനിപ്പിച്ച കഥകളിലെ നായികയെ കാണാന്‍ അയാള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ കണ്ണകിയെ കാണാന്‍ മാണിക്യനെത്തി. അവള്‍ ഒരു സാധാരണക്കാരിയല്ലെന്ന് മാണിക്യന് മനസിലായി. അയാള്‍ അവളില്‍ അനുരക്തനാവുകയും ചെയ്തു.

    കണ്ണകിയെ മോഹിക്കുന്ന പൊള്ളാച്ചി കൗണ്ടര്‍ക്കും ചോമയ്ക്കും ഇത് സഹിക്കാവുന്നായിരുന്നില്ല. മാണിക്യന്റെ ഉറ്റസുഹൃത്താണെങ്കിലും കണ്ണകിയെ ആശിക്കുന്ന ചോമയില്‍ ക്രമേണ മാണിക്യനോട് വൈരാഗ്യം വളര്‍ന്നു.

    ചോമയുടെ സഹോദരിയാണ് കുമുദം. അവളോട് ഒരു സഹോദരിയോടെന്ന പോലെ സ്വാതന്ത്യ്രത്തോടെ പെരുമാറിയിരുന്ന മാണിക്യനോട് അവള്‍ക്ക് പ്രണയമായിരുന്നു. മാണിക്യന്റെ പെരുമാറ്റത്തെ മറ്റൊന്നായി അവള്‍ തെറ്റിദ്ധരിച്ചു. മാണിക്യനും കണ്ണകിയും പ്രണയബദ്ധരാണെന്ന് അറിഞ്ഞതോടെ അവള്‍ തകര്‍ന്നുപോയി. തന്റെ സങ്കടങ്ങള്‍ സഹോദരനോട് അവള്‍ പറഞ്ഞു.

    അനിയത്തിയുടെ വേദന ചോമയ്ക്ക് സഹിക്കാനാവുമായിരുന്നില്ല. മാണിക്യന്‍ അതോടെ മാണിക്യന്റെ ശത്രു തന്നെയായി. താന്‍ മോഹിക്കുന്നവളെ തട്ടിയെടുക്കുക കൂടി ചെയ്ത അവനോട് പ്രതികാരം ചെയ്യാന്‍ അവന്‍ വെമ്പി. മാണിക്യന്റെ ശത്രുവായ കൗണ്ടറോടൊത്ത് അയാള്‍ അതിനുള്ള കരുക്കള്‍ നീക്കി.

    മാണിക്യന്റെയും കണ്ണകിയുടെയും പ്രണയം തകര്‍ക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് കണ്ണകി തുടര്‍ന്ന് പറയുന്നത്.

    മാണിക്യനെ ലാല്‍ അവതരിപ്പിക്കുമ്പോള്‍ കണ്ണകിയാവുന്നത് ഫയര്‍ ഫെയിം നന്ദിതാ ദാസാണ്. ചോമയെ സിദ്ദിക്കും കൗണ്ടറെ മനോജ് കെ. ജയനും കുമുദത്തെ ഗീതു മോഹന്‍ദാസും അവതരിപ്പിക്കുന്നു.

    കൊച്ചിന്‍ ഹനീഫ, കല്പന, രാമു, കോട്ടയം സോമരാജ്, സാജന്‍ പള്ളുരുത്തി, കെ. കെ. ജേക്കബ് എന്നിവരും കണ്ണകിയില്‍ അഭിനയിക്കുന്നു.

    നവാഗതനായ സജീവ് കിളികുലമാണ് കണ്ണകിയുടെ തിരക്കഥ രചിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഗാനങ്ങള്‍ക്ക് കൈതപ്രം വിശ്വനാഥന്‍ സംഗീതം പകരുന്നു. ക്യാമറ എം. ജെ. രാധാകൃഷ്ണന്‍. നീലാംബരി പ്രൊഡക്ഷന്‍സിനു വേണ്ടി മഹേഷ് രാജാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X