»   » ഇളവന്നൂര്‍ കോവിലകത്തെ യക്ഷി

ഇളവന്നൂര്‍ കോവിലകത്തെ യക്ഷി

Posted By: Super
Subscribe to Filmibeat Malayalam

ഇളവന്നൂര്‍ കോവിലകത്ത് ഒരു യക്ഷിയെത്തുന്നു. വെള്ളസാരിയുമുടുത്ത് പാദം വരെ നീളുന്ന മുടിയുമായി പാതിരാവില്‍ പാട്ടുംപാടിയെത്തുന്ന യക്ഷിയുടെ കഥയല്ലിത്....

ബാലഗോപാലന്‍ പ്രശസ്തനായ ഒരു പത്രപ്രവര്‍ത്തകനാണ്. ഒരു യാത്രക്കിടയില്‍ ബാലു റോസി എന്ന പെണ്‍കുട്ടിയെ പരിചയപ്പെടുന്നു. പെട്ടെന്ന് തന്നെ അവര്‍ നല്ല സുഹൃത്തുക്കളുമായി. എന്നാല്‍ താമസിയാതെ റോസി മരണമടയുന്നു.

പിന്നെ റോസിയുടെ ആത്മാവ് ബാലഗോപാലിനെ വേട്ടയാടുന്നു. ബാലു പോകുന്നിടത്തെല്ലാം റോസിയുമുണ്ടാവും. ബാലുവിന്റെ ജീവന്‍ തന്നെ അപകടത്തിലാവുന്ന തരത്തിലാണ് റോസിയുടെ ആത്മാവ് ബാലുവിന്റെ പിന്നാലെ അലയുന്നത്.

ഇതിനിടെ ഇളവന്നൂര്‍ കോവിലകത്തെ ഈശ്വരവര്‍മ്മയുടെയും മീനാക്ഷിയമ്മയുടെയും മകള്‍ അഞ്ജലിയുമായി ബാലുവിന്റെ വിവാഹം ഉറപ്പിക്കുന്നു.
ഇളവന്നൂര്‍ കോവിലകം തട്ടിയെടുക്കാനുള്ള മഹേന്ദ്രവര്‍മ്മയുടെ ശ്രമങ്ങള്‍ മണത്തറിഞ്ഞ ബാലു ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് കോവിലകത്തെത്തുന്നത്. അവിടെ വച്ചാണ് അയാള്‍ അഞ്ജലിയെ കണ്ടുമുട്ടുകയും അവര്‍ പരസ്പരം പ്രണയബദ്ധരാവുകയും ചെയ്യുന്നത്.

റോസിയുടെ ആത്മാവ് ബാലുവിനെ തേടി ഇളവന്നൂര്‍ കോവിലകത്തുമെത്തുന്നു. പിന്നെ റോസിയുടെ പിടിയില്‍ നിന്നും ബാലുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ്. അതിനായി കടമറ്റത്ത് കത്തനാരുടെ പിന്‍തലമുറക്കാരനായ ഫാദര്‍ റൊസാരിയോ വരെ എത്തുന്നു. ഫാദര്‍ റൊസാരിയോക്ക് റോസിയുടെ ആത്മാവിനെ തളയ്ക്കാനാവുമോ....?

രാജസേനന്റെ പുതിയ ചിത്രമായ മേഘസന്ദേശം ഇളവന്നൂര്‍ കോവിലകത്തെത്തുന്ന യക്ഷിയുടെ കഥയാണ് പറയുന്നത്. തന്റെ പതിവ് രീതിയായ കുടുംബകഥയില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ രാജസേനന്‍ ഒരു യക്ഷിക്കഥ പരീക്ഷിക്കുകയാണ്. എന്നാല്‍ രാജസേനന്‍ ചിത്രങ്ങളുടെ അടയാളമായ ഹ്യൂമര്‍ മേഘസന്ദേശത്തിലുമുണ്ട്.

സുരേഷ്ഗോപി ആദ്യമായി രാജസേനന്റെ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് മേഘസന്ദേശത്തിന്. ഹ്യൂമറും ഹൊററും പ്രണയവും സംഗീതവും ചേര്‍ന്ന ചിത്രമായിരിക്കും ഇത്.

ഡാര്‍ലിംഗ് ഡാര്‍ലിംഗിന്റെ വിജയത്തിന് ശേഷം രാജസേനന്‍ അണിയിച്ചൊരുക്കുന്ന മേഘസന്ദേശത്തില്‍ ഗ്രാഫിക്സിന് ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നു.

കാലാപാനി, ഇന്ത്യന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗ്രാഫിക്സ് നിര്‍വഹിച്ച വെങ്കിക്കാണ് ഈ ചിത്രത്തിന്റെയും ഗ്രാഫിക്സ് ചുമതല.

ബാലഗോപാലായി സുരേഷ്ഗോപിയും അഞ്ജലിയായി സംയുക്താ വര്‍മ്മയും എത്തുന്നു. ആന്ധ്രയില്‍ നിന്നുമെത്തുന്ന രാജശ്രീനായര്‍ റോസിയുടെ വേഷം അവതരിപ്പിക്കുന്നു. ഇളവന്നൂര്‍ കോവിലകത്തെ ഈശ്വരവര്‍മ്മയെ അവതരിപ്പിക്കുന്നത് ഒടുവില്‍ ഉണ്ണികൃഷ്ണനാണ്.

Read more about: cinema suresh gopi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X