twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മറ്റൊരു യക്ഷിക്കഥ കൂടി...

    By Staff
    |

    മറ്റൊരു യക്ഷിക്കഥ കൂടി...

    വിനയന്റെ ആകാശഗംഗ ഹിറ്റായപ്പോള്‍ യക്ഷിസിനിമകളുടെ ഒരു പരമ്പര തന്നെ മലയാളത്തിലുണ്ടായി. വെളുത്ത വസ്ത്രത്തില്‍ ഭീതിപ്പെടുത്തുന്ന കണ്ണുകളുമായി എത്തുന്ന സുന്ദരിയായ യക്ഷിയോടുള്ള കമ്പം സിനിമക്കാര്‍ക്ക് ഇനിയും ശമിച്ചിട്ടില്ല. മലയാളത്തില്‍ ഇതാ മറ്റൊരു യക്ഷികഥ കൂടി....

    മണ്‍പാത്രങ്ങള്‍ നിര്‍മിക്കുന്ന കുശവന്‍മാര്‍ മാത്രം താമസിക്കുന്ന പ്രദേശമാണ് കുടവള്ളൂര്‍ ഗ്രാമം. നല്ലവരായ കുറെ മനുഷ്യര്‍ താമസിക്കുന്ന പ്രകൃതിമനോഹരമായ ഗ്രാമം.

    അവരുടെ മൂപ്പനാണ് പരമേശ്വരന്‍. അയാളുടെ മകന്‍ ചുപ്രന്‍ ഒരു ഊമയാണ്. അവന് നാവായി എപ്പോഴും അവന്റെ കൂട്ടുകാരന്‍ ഗണേശന്‍ കൂടെകാണും. മൂപ്പന്റെ വീടിന് തൊട്ടടുത്താണ് ഭാര്‍ഗവി താമസിക്കുന്നത്. ആരുടെയും തുണയില്ലാതെ തനിച്ച് താമസിക്കുന്ന ഭാര്‍ഗവി കുടവള്ളൂരുകാരെ സംബന്ധിച്ച് ഒരു നിഗൂഢതയാണ്. അവളോടുള്ള ഭയവും അവരെല്ലാം മനസില്‍സൂക്ഷിക്കുന്നു.

    കുടവള്ളൂര്‍ കാവിലെ ദേവിയെ ആ ഗ്രാമത്തിലുള്ളവരെല്ലാം ആരാധിക്കുന്നു. തങ്ങള്‍ക്ക് നന്മ വരുത്തുന്നത് ദേവിയാണെന്നാണ് അവരുടെയെല്ലാം വിശ്വാസം.

    കുടവള്ളൂര്‍ കാവിലെ ഉത്സവം എല്ലാവര്‍ക്കും മതിമറക്കാനും ഭക്തിയില്‍ ആറാടാനുമുള്ള ദിവസമാണ്. ആ വര്‍ഷവും ഉത്സവം വന്നു. ഗ്രാമീണരെല്ലാം ഉത്സാഹഭരിതരായി. എന്നാല്‍ ഉത്സവനാളില്‍ അവരുടെ ഉത്സാഹം കെട്ടുപോയി.

    കാവിലെ പൂജാകര്‍മങ്ങള്‍ ആരംഭിക്കുന്ന സമയത്ത് കനത്ത മഴയും കൊടുങ്കാറ്റുമുണ്ടായി. ശ്രീകോവിലിന്റെ നട താനേ അടഞ്ഞു. ഉത്സവത്തില്‍ തിടമ്പെഴുന്നള്ളിക്കുന്ന ആനയ്ക്ക് മദമിളകി. മദമിളകിയ ആന ഒരാളെ ചവിട്ടിക്കൊന്നു.

    അത് ദേവീകോപമായിരുന്നു. ദേവപ്രശ്നത്തില്‍ ദേവീകോപത്തിന്റെ കാരണങ്ങള്‍ വ്യക്തമായി. പണ്ടെങ്ങോ ആത്മത്യാഗം ചെയ്ത കാമുകീകാമുകന്മാരുടെ കഥ ദേവീപ്രശ്നം വെച്ചപ്പോഴാണ് ഗ്രാമീണര്‍ അറിയുന്നത്. വീട്ടുകാര്‍ ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കാത്ത അവരുടെ ശാപം ആ ഗ്രാമത്തിനു മുകളില്‍ എപ്പോഴും ഭീതി വിതക്കാവുന്നതായി നിലിനില്‍ക്കുന്നുണ്ടത്രെ.

    ഗ്രാമീണര്‍ക്ക് ആ ശാപത്തില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ പുറംനാട്ടില്‍ നിന്നും രക്ഷകനെ കൊണ്ടുവരണം. അവിടത്തുകാര്‍ക്കാര്‍ക്കും ആ ഗ്രാമത്തെ രക്ഷിക്കാനാവില്ല.

    അങ്ങനെ രക്ഷകനായി കരുണന്‍ എന്ന മന്ത്രവാദിയെത്തി. അയാള്‍ ഭാര്‍ഗവിയുടെ വീട്ടില്‍ താമസിച്ചു. തുടര്‍ന്ന് നടന്നത് ഗ്രാമീണരെ അലോസരപ്പെടുത്തിയ ചില സംഭവങ്ങളായിരുന്നു. അവരെ ഭീതിയിലാഴ്ത്താന്‍ യക്ഷികഥകള്‍ പിറന്നു. ബെന്നി പി. നായരമ്പലം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ഭാര്‍ഗവീനിലയം തുടര്‍ന്നു പറയുന്നത് നിഗൂഢത നിറഞ്ഞ സംഭവങ്ങള്‍ക്ക് പിന്നിലെ സത്യത്തെ കുറിച്ചാണ്.

    ഭാര്‍ഗവിയായി അഭിനയിക്കുന്നത് വാണി വിശ്വനാഥ് ആണ്. സുരേഷ് കൃഷ്ണ കരുണനാവുന്നു. കൊച്ചിന്‍ ഹനീഫ, മാള അരവിന്ദന്‍, അനൂപ്, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, നാരായണന്‍കുട്ടി, അമീര്‍ജാന്‍, സാലു കൂറ്റനാട്, കോട്ടയം നസീര്‍, കലാഭവന്‍ ഷാ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

    ചിത്രത്തിലെ ഗാനങ്ങള്‍ ബെന്നി പി. നായരമ്പലം തന്നെ രചിച്ചിരിക്കുന്നു. വര്‍ഗീസ് ആന്റണി സംഗീതം പകരുന്നു. ക്യാമറ പിപ്പി അമീര്‍ജാന്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X