twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മയിലാട്ടം: ദേവന്റെയും പളനിയുടെയും കഥ

    By Staff
    |

    മയിലാട്ടം: ദേവന്റെയും പളനിയുടെയും കഥ

    അച്ഛനും അമ്മയുമില്ലാത്ത ദേവന്‍ ജീവിക്കുന്നതു തന്നെ അവന്റെ മൂന്ന് സഹോദരിമാര്‍ക്ക് വേണ്ടിയാണ്. അവര്‍ക്കായാണ് അവന്‍ കഷ്ടപ്പെടുന്നതും പണം സമ്പാദിക്കുന്നതും. എല്ലാവരെയും വിവാഹം കഴിച്ചയച്ചെങ്കിലും അവരെല്ലാം ഇപ്പോഴും താമസിക്കുന്നത് ദേവനോടൊപ്പമാണ്.

    ദേവന്‍ സഹോദരിമാരെ ആത്മാര്‍ഥമായി സ്നേഹിക്കുന്നെങ്കിലും സഹോദരിമാരുടെ സ്നേഹത്തില്‍ അത്ര ആത്മാര്‍ഥതയൊന്നുമില്ല. വിവാഹം ചെയ്ത് കുടുംബമായി കഴിഞ്ഞ അവര്‍ക്ക് ദേവനെ പിഴിഞ്ഞ് സ്വന്തം കാര്യം ഭദ്രമാക്കാനാണ് നോട്ടം. ദേവന്‍ വിവാഹം കഴിക്കുന്നത് അവര്‍ ഇഷ്ടപ്പെടാത്തതിന്റെ കാരണം തങ്ങള്‍ക്ക് ലഭിക്കുന്നതെല്ലാം അതോടെ നഷ്ടമാവുമെന്ന ഭയമാണ്. കര്‍ഷകശ്രീ അവാര്‍ഡ് ലഭിച്ച ദേവന് കിട്ടിയ രണ്ടു ലക്ഷം രൂപ എങ്ങനെയെങ്കിലും വീതിച്ചെടുക്കാന്‍ അവന് ചുറ്റും കൂടിയിരിക്കുകയാണ് സഹോദരിമാര്‍ ഇപ്പോള്‍.

    ദേവനെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന പെണ്‍കുട്ടിയാണ് അവന്റെ അമ്മാവന്റെ മകളായ മീനാക്ഷി. എന്നാല്‍ അവന് മനസില്‍ ഇഷ്ടമുണ്ടെങ്കിലും വലിയ അടുപ്പമൊന്നും അവന്‍ അവളോട് കാണിക്കാറില്ല. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ അവന് പ്രേമിച്ചു നടക്കാനൊന്നും സമയമില്ലാത്തതു തന്നെ കാരണം.

    മറ്റൊരു കൃഷിക്കാരനും സുഹൃത്തുമായ ദാസനോടൊപ്പം പൊള്ളാച്ചിയിലേക്ക് നടത്തിയ യാത്ര ദേവന്റെ ജീവിതത്തിലെ വഴിത്തിരിവായി. ദാസന് ഒരു ട്രാക്ടര്‍ വാങ്ങാന്‍ വേണ്ടിയണ് പൊള്ളാച്ചിയില്‍ പോയത്. അവിടെ വച്ച് ദാസന്റെ കൈയിലുണ്ടായിരുന്ന പണം മോഷണം പോയി.

    പൊള്ളാച്ചിയില്‍ വെച്ചാണ് ദേവന്‍ പളനിയെ കാണുന്നത്. പളനിയുമായുള്ള കൂടിക്കാഴ്ച അവനെ ഞെട്ടിച്ചു. ദേവന്റെ തനിപ്പകര്‍പ്പായിരുന്നു പളനി. അവര്‍ പരസ്പരം കണ്ടതോടെ അവരുടെ ജീവിതത്തില്‍ തന്നെ ചില സംഭവങ്ങള്‍ക്ക് തുടക്കമായി.

    അടുത്ത ഗ്രാമമായ ശിങ്കനല്ലൂരില്‍ സ്ഥിരതാമസമാക്കിയ ആളാണ് പളനി. വളരെ വ്യത്യസ്തമായ ആചാരങ്ങളുള്ള ഒരു ഗ്രാമമാണ് ശിങ്കനെല്ലൂര്‍. പളനി ആളൊരു കവല ചട്ടമ്പിയാണ്. തെറ്റ് കണ്ടാല്‍ അവന്‍ ആരെയും നിന്നു തല്ലും.

    പളനിയും ദേവനും ചില തീരുമാനങ്ങളിലെത്തി. ഇരുവരും പരസ്പരം തങ്ങളുടെ സ്ഥാനങ്ങള്‍ വച്ചുമാറി. പളനി ദേവന്റെ ഗ്രാമത്തിലേക്കും ദേവന്‍ ശിങ്കനെല്ലൂരിലേക്കും പോയി. ദേവന്‍ എന്ന കര്‍ഷകനായി പളനി അഭിനയിച്ചു.

    പളനിയുടെ ഗ്രാമത്തില്‍ ദേവന് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നു. ഒപ്പം പളനിയെ മനസില്‍ സൂക്ഷിക്കുന്ന മൈഥിലിയുടെ മുന്നില്‍ അവന്‍ പളനിയായി നിന്നുകൊടുത്തു.

    പളനിയും ദേവനുമായി ഇരട്ടക്കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയറാമിന് വ്യത്യസ്തമായ അഭിനയ അനുഭവമാണ് വി. എം. വിനുവിന്റെ മയിലാട്ടം സമ്മാനിക്കുന്നത്. മൈഥിലിയായി രംഭയും മീനാക്ഷിയെ ഇന്ദ്രജയും അഭിനയിക്കുന്നു.

    ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, സായികുമാര്‍, കലാഭവന്‍ മണി, മണിയന്‍പിള്ള രാജു, അഗസ്റിന്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, റിയാസ്ഖാന്‍, കോട്ടയം പുരുഷു, ബിന്ദു പണിക്കര്‍, റിസബാവ, സാദിഖ്, യമുന, പൂര്‍ണിമ, പൊന്നമ്മ ബാബു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

    മണി ഷൊര്‍ണൂരിന്റേതാണ് രചന. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകരുന്നു. ഛായാഗ്രഹണം വേണുഗോപാല്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X