twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ഞുമോന്‍ എന്ന തുറുപ്പുഗുലാന്‍

    By Staff
    |

    കുഞ്ഞുമോന്‍ എന്ന തുറുപ്പുഗുലാന്‍

    കെ.ടി.കുഞ്ഞുമോന്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്ന മുഖം ഒരു പക്ഷേ കപ്പടാമീശയുള്ള സിനിമാനിര്‍മാതാവിനെ ആയിരിക്കും. എന്നാല്‍ ഈ കുഞ്ഞുമോന് സിനിമയുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ ഒരു സിനിമാതാരത്തേക്കാള്‍ സുമുഖനാണ്. രോഷം വന്നാല്‍ ഒരു സിനിമാതാരത്തെ പോലെ ആക്ഷന്‍ ഹീറോ ആയി ഉറഞ്ഞുതുള്ളുകയും ചെയ്യും.

    തട്ടുതടക്കാരനായ കൊച്ചുതോമയുടെ മകനാണ് കുഞ്ഞുമോന്‍. തട്ടുക്കട രുചിയുടെ പേരില്‍ കൊച്ചുതോമയും കുഞ്ഞുതോമയും പ്രശസ്തരാണെന്നു പറയണം. ഇവരുടെ ഭക്ഷണത്തിന്റെ രുചി അറിഞ്ഞ് തട്ടുകടയിലെത്തുന്നവരുണ്ട്. അത്രക്കു കേമമാണ് ഇവരുടെ തട്ടുഭക്ഷണത്തിന്റെ രുചി.

    തട്ടുകട ബിസിനസിനൊപ്പം കുഞ്ഞുമോന് ഹരമുള്ള മറ്റൊന്നു കൂടിയുണ്ട്- ചീട്ടുകളി. ചീട്ടു കൊണ്ടുള്ള കളിയില്‍ കുഞ്ഞുമോനെ തോല്പിക്കാന്‍ ആരുമില്ലെന്നാണ് പറയാറ്. വന്‍കിട ചീട്ടുകളിക്കാരുമായി കളിച്ച് കുഞ്ഞുമോന്‍ പണം വാരും. തുറുപ്പുചീട്ട് ഉപയോഗിച്ച് ഏത് കൊലക്കൊമ്പന്‍ ചീട്ടുകളിക്കാരനെയും കുഞ്ഞുമോന്‍ മലര്‍ത്തിയടിക്കും.

    ചീട്ടുകളിയിലുള്ള കുഞ്ഞുമോന്റെ ഈ അതിരുവിട്ട കമ്പം മറ്റു പല പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. കുഞ്ഞുമോനെ ജയിക്കാന്‍ കള്ളക്കളിക്ക് ആരെങ്കിലും ശ്രമിച്ചാല്‍ അയാളുടെ യഥാര്‍ത്ഥരൂപം പുറത്തുവരും. അതോടെ എതിരാളികളുമായുള്ള കൈയാംകളിയാകും. തനിക്കു നേരെ വരുന്നവനെയൊക്കെ കുഞ്ഞുമോന്‍ കയറി അലക്കും. കുഞ്ഞുമോന്റെ ഈ സ്വഭാവം തോമക്ക് ഒരു തലവേദനയാണ്. അതിനാലാണ് കൊച്ചിയില്‍ നിന്ന് ഇയാളുടെ ശല്യമൊഴിവാക്കാന്‍ കോഴിക്കോട്ടേക്ക് അയച്ചത്.

    കോഴിക്കോട് ഒരു കൂട്ടുകാരനോടൊപ്പമാണ് കുഞ്ഞുമോന്‍ കഴിയുന്നത്. അവിടെ അവന്റെ തട്ടുകടയില്‍ ചില്ലറ സഹായങ്ങളും കലാപരിപാടികളുമായി കുഞ്ഞുമോന്‍ വിലസി നടന്നു. ഇതിനിടയിലാണ് കൊച്ചിയില്‍ തോമക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നത്.

    പഞ്ചനക്ഷത്ര ഹോട്ടലായ താജ് റസിഡന്‍സിയുടെ അടുത്തു തന്നെയാണ് കൊച്ചുതോമയുടെ തട്ടുകട. ഹോട്ടലിന്റെ എംഡിയും മറ്റും ചേര്‍ന്ന് കൊച്ചുതോമയുടെ തട്ടുകട പൊളിച്ചൂനീക്കാന്‍ നീക്കങ്ങള്‍ തുടങ്ങി. സ്വന്തം സ്ഥലത്തു തന്നെയാണ് തോമ തട്ടുകട നടത്തുന്നതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലുകാരുടെ ഹുങ്കിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ തോമക്കായില്ല.

    തോമയുടെ മുന്നില്‍ പിന്നെ ഒരു മാര്‍ഗം മാത്രമേയുണ്ടായിരുന്നുള്ളൂ. കോഴിക്കോടേക്ക് നാടുകടത്തിയ കുഞ്ഞുമോനെ തിരിച്ചുവിളിക്കുക. കോഴിക്കോടുള്ള കുഞ്ഞുമോന് അപ്പന്റെ ഫോണ്‍ വന്നു. വിവരങ്ങളറിഞ്ഞതോടെ കുഞ്ഞുമോന്‍ കൊച്ചിയില്‍ പറന്നെത്തി. ആള്‍സ്വാധീനവും ശക്തിയുമുള്ള എതിരാളികളെ ചീട്ടുകടിയിലെന്ന പോലെ മലര്‍ത്തിയടിക്കാന്‍ കുഞ്ഞുമോന്‍ തയ്യാറെടുക്കുകയായിരുന്നു.

    കുഞ്ഞുമോന്റെ സാന്നിധ്യത്തില്‍ തുടര്‍ന്നങ്ങോട്ട് എല്ലാം സംഭവബഹുലമായി. ജോണി ആന്റണി സംവിധാനം ചെയ്യുന്ന തുറുപ്പുഗുലാന്‍ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കുഞ്ഞുമോന്‍ എന്ന കഥാപാത്രം സൂപ്പര്‍താരത്തിന്റെ എല്ലാ മാനറിസങ്ങളും ഉപയോഗപ്പെടുത്തി ഒരുക്കിയിട്ടുള്ള വേഷമാണ്. തോമയായി വേഷമിടുന്നത് ഇന്നസെന്റാണ്.

    തമിഴ് നടി സ്നേഹയാണ് ചിത്രത്തിലെ നായിക. ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, ക്യാപ്റ്റന്‍ രാജു, ഭീമന്‍രഘു, ജനാര്‍ദനന്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തിലുണ്ട്.

    രചന ഉദയ്കൃഷ്ണ, സിബി കെ. തോമസ്. ഛായാഗ്രഹണം സഞ്ജീവ് ശങ്കര്‍. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നത് അലക്സ് പോള്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X