മന്ത്രക്കാഴ്ചകളുടെ പകല്‍പ്പൂരം
മന്ത്രക്കാഴ്ചകളുടെ പകല്‍പ്പൂരം
അമാനുഷികമായ കഴിവുകള്‍ക്ക് കീര്‍ത്തി കേട്ടയാളാണ് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്. മന്ത്രവിദ്യയാല്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിവുള്ള തേജസി. ഒരിക്കല്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിനെ തേടി മംഗലാപുരത്തു നിന്നും ചിലരെത്തി.
അവിടെ ഒരു യക്ഷി വാഴുകയാണ്. കുംഭ മാസ രാത്രികളിലെല്ലാം ബ്രാഹ്മണരെ പ്രാപിച്ചു കൊല്ലുകയാണ് യക്ഷി. ആര്‍ക്കും തടയാനാവാത്ത ഈ ഹത്യ മൂലം പരിസരത്തുള്ളവരെല്ലാം ഭയന്നുകഴിയുകയാണ്.
ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് യക്ഷിയെ തളക്കാനുള്ള ഉദ്യമവുമായി അവരോടൊപ്പം പോയി. യക്ഷിയെ തളയ്ക്കാന്‍ നമ്പൂതിരിപ്പാട് ഒരു ഉപായം കണ്ടെത്തി. യക്ഷിയെ പ്രകോപിപ്പിച്ച് തന്റെ മുന്നിലേക്ക് കൊണ്ടുവരിക. യക്ഷിയുടെ മുന്നില്‍ വച്ച് മറ്റൊരു സ്ത്രീയുമായി ബന്ധപ്പെടുക. അത് കണ്ടാല്‍ യക്ഷി ദുര്‍ബലയാവും. ആസമയം യക്ഷിയെ തളക്കാനാവും.
നമ്പൂതിരിയുടെ ഉപായനുസരിച്ച് കന്യകയായ ഒരു ശൂദ്രസ്ത്രീയെ കൊണ്ടുവന്നു. യക്ഷിയെ തളയ്ക്കാനുള്ള ശ്രമത്തിനിടയില്‍ നമ്പൂതിരി അവളുമായി ബന്ധപ്പെട്ടു. യക്ഷിയെ തളയ്ക്കുകയും ചെയ്തു.
ശൂദ്രസ്ത്രീയായ കന്യക ഗര്‍ഭിണിയായി. എന്നാല്‍ നമ്പൂതിരി ഒരു ബ്രാഹ്മണസ്ത്രീയെയാണ് വിവാഹം ചെയ്തത്. ഗര്‍ഭിണിയായ ഭാര്യയെ പ്രസവത്തിനായി കാളവണ്ടിയിലേക്ക് കൊണ്ടുപോകുമ്പോള്‍ എതിരെ മറ്റൊരു കാളവണ്ടിയില്‍ ഗര്‍ഭിണിയായ ശൂദ്രസ്ത്രീയുമെത്തി. ഇരുകാളവണ്ടികളും അടുത്തെത്തിയപ്പോള്‍ രണ്ട് സ്ത്രീകള്‍ക്കും പ്രസവവേദന ആരംഭിച്ചു. ഇരുവരും അവിടെ വെച്ചുതന്നെ പ്രസവിച്ചു. രണ്ടും ആള്‍മക്കള്‍. പ്രസവത്തിന് ശേഷം ഇരുവരുടെയും കുഞ്ഞുങ്ങളെ പരസ്പരം മാറിപ്പോയി. ശൂദ്രസ്ത്രീയുടെ കുഞ്ഞിനെയാണ് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് മനയിലേക്ക് കൊണ്ടുപോയത്.
വര്‍ഷങ്ങള്‍ പലതു കടന്നുപോയി. ബ്രഹ്മദത്തന്‍ നമ്പൂതിപ്പാട് മരിച്ചതിനെ തുടര്‍ന്ന് അനുജനായ സൂരി നമ്പൂതിരിപ്പാട് ബ്രഹ്മദത്തന്റെ മകനായ ഗൗരീദാസനെയും അമ്മയെയും മനയില്‍ നിന്ന് അടിച്ചിറക്കി.
ഇതിനിടയില്‍ ശൂദ്രസ്ത്രീയുടെ മകനായി വളര്‍ന്ന മാണിക്യനെന്ന മറ്റേ മകന്‍ എല്ലാ കള്ളത്തരങ്ങളും കാണിക്കുന്ന ഒരുവനായി മാറി. യക്ഷിയെ തളച്ച അമ്പലത്തില്‍ ഒരിക്കല്‍ അവന്‍ മോഷ്ടിക്കാനെത്തി. യക്ഷിയെ തളച്ച രത്നം പതിച്ച ചിലമ്പ് അവന്‍ മോഷ്ടിച്ചു. അതോടെ യക്ഷി മോചിതയായി. തന്നെ തളച്ച നമ്പൂതിരിയുടെ മകന് ശൂദ്രസ്ത്രീയില്‍ പിറന്ന മകനെ പ്രാപിച്ചു കൊല്ലുമെന്ന് ശപഥമെടുത്ത യക്ഷി ഗൗരീദാസനെയും തേടി അലയാന്‍ തുടങ്ങി.
ഇതിനിടെ ഗൗരീദാസന്‍ അഛന്‍ നമ്പൂതിരിയുടെ എല്ലാ കഴിവുകളും സ്വായത്തമാക്കി കഴിഞ്ഞിരുന്നു. തന്നെ അടിച്ചിറക്കിയ മനയില്‍ തന്നെ അവന്‍ പൂജ നടത്താനായി എത്തി.
ഇതിനിടെ യക്ഷിയെ തളയ്ക്കാന്‍ ഗൗരീദാസന്‍ നിയോഗിതനായി. അതിനായി അവന്‍ യാത്ര തിരിച്ചു. ആ ദൗത്യത്തില്‍ അവന്‍ വിജയിക്കുകയും ചെയ്തു.
തിരിച്ച് തന്റെ മനയിലേക്ക് തന്നെ പോവുക എന്നതായിരുന്നു ഗൗരീദാസന്റെ ലക്ഷ്യം. തന്നെ അടിച്ചിറക്കിയ സൂരിനമ്പൂതിരിപ്പാടിനോട് പകരം വീട്ടി ആ വീട്ടില്‍ അവന് കടക്കണം. തന്റെ യാത്രക്കിടയില്‍ കണ്ടുമുട്ടിയ സീമന്തിനി എന്ന പെണ്‍കുട്ടിയും അവനോടൊപ്പം ഉണ്ടായിരുന്നു. സൂര്യമംഗലം തറവാട്ടിലേക്ക് കടക്കാന്‍ ഗൗരീദാസന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളെ കുറിച്ചാണ് അനില്‍ ബാബു സംവിധാനം ചെയ്യുന്ന പകല്‍പൂരം തുടര്‍ന്നുപറയുന്നത്.
ഗൗരീദാസനായി അഭിനയിക്കുന്നത് മുകേഷാണ്. ഗീതു മോഹന്‍ദാസ് സീമന്തിനിയായും. സൂരി നമ്പൂതിരെ ബാബു നമ്പൂതിരിയും ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിനെ റിസബാവയും മാണിക്യനെ സലിംകുമാറും അവതരിപ്പിക്കുന്നു. ഡോ. കവിത എന്ന പുതുമുഖവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജഗതി ശ്രീകുമാര്‍, സി. ഐ. പോള്‍, ഹരിശ്രീ അശോകന്‍, സുബൈര്‍, ജഗന്നാഥ വര്‍മ, കണ്ണൂര്‍ ശ്രീലത, യമുന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ചിത്രത്തിന്റെ രചന രാജന്‍ കിരിയത്തിന്റേതാണ്. എസ്. രമേശന്‍ നായരുടെ ഗാനങ്ങള്‍ക്ക് രവീന്ദ്രന്‍ സംഗീതം പകരുന്നു.


Click it and Unblock the Notifications