For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്രിസ്റിയുടെ കൃത്യം

  By Staff
  |

  ക്രിസ്റിയുടെ കൃത്യം

  ക്രിസ്റി- കാഴ്ചയില്‍ സുമുഖന്‍, മാന്യന്‍. എന്നാല്‍ ശാന്തമായ ആ മുഖത്തിന് പിന്നില്‍ ഒരു കൊലയാളിയുടെ ക്രൗര്യം പതിഞ്ഞിരിപ്പുണ്ട്. മുംബൈയില്‍ നിന്ന് അയാള്‍ കേരളത്തിലെത്തിയതു തന്നെ ഒരു കൊലപാതക ദൗത്യവുമായാണ്. പെരുമാറ്റത്തില്‍ തികഞ്ഞ മാന്യത പുലര്‍ത്തുന്ന ക്രിസ്റിയെ ആദ്യം പരിചയപ്പെടുന്നവര്‍ക്ക് നല്ലതേ പറയാനുണ്ടാകൂ. മാന്യനായ യുവാവ് എന്ന് അയാളെ വിശേഷിപ്പിക്കാന്‍ അവര്‍ക്ക് മടിയുണ്ടാകില്ല. എന്നാല്‍ അയാളെ അറിയുന്നവര്‍ക്ക് മാത്രമേ അയാളുടെ യഥാര്‍ഥ മുഖമെന്തെന്ന് മനസിലാക്കാനാവൂ. മുംബൈയില്‍ അയാള്‍ നടത്തിയ വീരകൃത്യങ്ങളുടെ കഥകളാണ് അത്തരക്കാര്‍ക്ക് പറയാനുള്ളത്. ഒരു വാടകകൊലയാളിയുടെ ക്രൗര്യം നിറഞ്ഞുനില്‍ക്കുന്ന മനസിനെ കുറിച്ചാണ് അവര്‍ക്ക് വിവരിക്കാനുള്ളത്. മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് വന്ന ക്രിസ്റി തേടുന്ന ഇര ഒരു പെണ്‍കുട്ടിയാണ്- കോടീശ്വരിയായ സാന്‍ട്ര. സുന്ദരിയായ ആ പെണ്‍കുട്ടിയെ വധിച്ച് അയാള്‍ക്കു തിരിച്ചുപോകണം. ആ ദൗത്യം എത്രയും വേഗം അവന് തീര്‍ക്കണം. അതിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് അവന്‍. വെറുമൊരു പെണ്‍കുട്ടിയെ കൊല്ലാന്‍ എന്തിനാണ് മുംബൈയില്‍ നിന്നും ക്രിസ്റിയെ പോലുള്ളൊരാളെ കൊണ്ടുവന്നത്? തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഈ ദൗത്യത്തിന് എന്തിന് തന്നെ ചോദ്യം ക്രിസ്റിയും ആദ്യം ചോദിച്ചതാണ്. എന്നാല്‍ ആ ദൗത്യം ക്രിസ്റി തന്നെ പൂര്‍ത്തിയാക്കണമെന്ന് അതിനായി അയാളെ നിയോഗിച്ചവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അയാള്‍ മുംബൈയില്‍ നിന്നും കേരളത്തിലെത്തിയത്.

  സാന്‍ട്രയെ കൊല്ലാന്‍ അവിചാരിതമായ ഒരു അവസരം ക്രിസ്റിക്ക് ഒത്തുകിട്ടി. അത് വിനിയോഗിക്കാന്‍ അയാള്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ക്രിസ്റിയുടെ ആക്രമണത്തില്‍ നിന്ന് ഭാഗ്യത്തിന്റെ തുണയോടെ സാന്‍ട്ര രക്ഷപ്പെട്ടു. തന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് അതോടെ സാന്‍ട്ര മനസിലാക്കി.

  തന്റെ ജീവന്‍ ആപത്തിലാണെന്ന് സാന്‍ട്ര പൊലീസിന് പരാതി നല്‍കി. തന്നെ കൊല്ലാന്‍ ശ്രമിച്ചയാളെ കുറിച്ച് അവള്‍ പൊലീസിനോട് വിവരിച്ചു. അവളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു ചെറുപ്പക്കാരനെ പൊലീസ് പിടികൂടി. അയാളെ കണ്ടപ്പോള്‍ സാന്‍ട്ര ഞെട്ടി. അവളെ കൊല്ലാന്‍ ശ്രമിച്ച യുവാവ് തന്നെയായിരുന്നു അത്.

  തന്നെ ആക്രമിച്ചത് അയാള്‍ തന്നെയാണെന്ന് സാന്‍ട്ര പൊലീസിനോട് പറഞ്ഞു. എന്നാല്‍ സത്യം മറ്റൊന്നാണെന്ന് സാന്‍ട്രക്ക് താമസിയാതെ ബോധ്യപ്പെട്ടു. പൊലീസ് പിടിച്ചുകൊണ്ടുവന്ന ആ ചെറുപ്പക്കാരന്‍ ക്രിസ്റി ആയിരുന്നില്ല. ക്രിസ്റിയുടെ മുഖഛായയുള്ള സത്യ എന്ന യുവായിരുന്നു അത്.

  മ്യുസീഷ്യനായ സത്യയെ താന്‍ തെറ്റിദ്ധരിച്ചതാണെന്ന് മനസിലാക്കിയതോടെ സാന്‍ട്രക്ക് മാനസികമായി വിഷമം തോന്നി. അവള്‍ അവനോട് ക്ഷമാപണം നടത്തി. ആ കൂടിക്കാഴ്ചയിലൂടെ അവര്‍ നല്ല സുഹൃത്തുക്കളായി മാറി.

  ഇതിനിടയില്‍ ക്രിസ്റി വീണ്ടും സാന്‍ട്രയെ അപായപ്പെടുത്താന്‍ ശ്രമിച്ചു. ആ ശ്രമവും പാളി. ക്രിസ്റിക്ക് അങ്ങനെയൊരു അനുഭവം ആദ്യമായിരുന്നു. ക്രുദ്ധനായ അയാള്‍ അവളെ കൊലപ്പെടുത്താനുള്ള പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഒരു ഭാഗത്ത് അവളെ കൊല്ലാന്‍ ക്രിസ്റി ശ്രമിക്കുമ്പോള്‍ മറുഭാഗത്ത് അവളെ രക്ഷിക്കാന്‍ സത്യയും ശ്രമിക്കുന്നുണ്ടായിരുന്നു. കൊലയാളിക്കും രക്ഷകനും ഇടയിലുള്ള ഒരു നൂല്‍പ്പാലത്തിലായി സാന്‍ട്രയുടെ ജീവിതം.

  അവളുടെ ജീവിതത്തില്‍ തുടര്‍ന്നുണ്ടായ വഴിത്തിരിവുകളെ കുറിച്ചാണ് വിജി തമ്പി ഒരുക്കുന്ന കൃത്യം പറയുന്നത്. ക്രിസ്റി, സത്യ എന്നീ ഇരട്ടക്കഥാപാത്രങ്ങളായി പൃഥ്വിരാജ് അഭിനയിക്കുമ്പോള്‍ സാന്‍ട്രയായി വേഷമിടുന്നത് പവിത്രയാണ്.

  ജഗതി ശ്രീകുമാര്‍, സിദ്ദിക്ക്, സലിംകുമാര്‍, ഹര്‍ഷന്‍, പി. ശ്രീകുമാര്‍, ടോണി, നാസര്‍ ലത്തീഫ്, ജെയിംസ്, ബെന്‍സണ്‍, ദീപു, ഡോ. അംബി, പപ്പന്‍, ഈവ, ശ്രുതി മേനോന്‍, കല്പന, അംബികാറാവു, സംഗീതാ തമ്പി, വേണി, സൗമ്യ, ശ്യാമ തുടങ്ങിയ നീണ്ട താരനിര തന്നെയുണ്ട് ഈ ചിത്രത്തില്‍.

  അന്‍സര്‍ കലാഭവന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിക്കുന്നത് കലൂര്‍ ഡെന്നിസാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ഉദയ്കുമാര്‍ സംഗീതം നല്‍കുന്നു. ഛായാഗ്രഹണം ഷാംദത്ത്. ഉത്രട്ടാതി ഫിലിംസിന്റെ ബാനറില്‍ ശശി അയ്യന്‍ചിറ നിര്‍മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് ഉത്രട്ടാതി ഫിലിംസ് റിലീസാണ്.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X