തീയേറ്റര്‍ കീഴടക്കാന്‍ അവനെത്തുന്നു
രജനീകാന്തിന്റെ ബില്ല റിലീസ് ചെയ്തത് 1980ലാണ്. സ്റ്റൈല്‍ മന്നന് സൂപ്പര്‍സ്റ്റാര്‍ പദവി ഉറപ്പിച്ച ചിത്രം. മൈ നൈം ഈസ് ബില്ല എന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ അന്ന് തമിഴകം മുഴുവന്‍ മൂളി നടന്നു.
കെ ബാലാജി നിര്‍മ്മിച്ച ബില്ല സംവിധാനം ചെയ്തത് ആര്‍ കൃഷ്ണമൂര്‍ത്തി. രജനീകാന്തിനൊപ്പം ബാലാജിയും ശ്രീപ്രിയയും മേജര്‍ സൗന്ദര്‍രാജനുമടങ്ങിയ വന്‍താരനിരയാണ് അഭിനയിച്ചത്.
എം എസ് വിശ്വനാഥനായിരുന്നു സംഗീത സംവിധാനം.
രജനീകാന്തിന്റെ ബില്ലയാകട്ടെ 1978ല്‍ പുറത്തിറങ്ങിയ അമിതാഭ്ബച്ചന്‍ ചിത്രമായ ഡോണിന്റെ റീമേക്കായിരുന്നു. നരീമാന്‍ ഇറാനി നിര്‍മ്മിച്ച ഡോണ്‍ ചന്ദ്ര ബെറോദാണ് സംവിധാനം ചെയ്തത്. ജാവേദ് അക്തറിന്റെ വരികള്‍ക്ക് ഈണമൊരുക്കിയത് കല്യാണ്‍ജി ആനന്ദ്ജി.
ഹിന്ദിയില്‍ രണ്ടാം തവണയും ഡോണ്‍ രംഗപ്രേവശം ചെയ്തു. ആധുനികകാലത്തെ അധോലോക നായകനായി അരങ്ങ് തകര്‍ത്തത് ഷാരൂഖ് ഖാന്‍.
വീണ്ടും തമിഴില്‍ ബില്ലയെത്തുന്നു. ബില്ലയാവുന്നത് അജിത്ത്. കഥയില്‍ യാതൊരു മാറ്റവും വരുത്താതെയാണ് തങ്ങളും ബില്ലയെ സ്ക്രീനിലെത്തിക്കുന്നതെന്ന് നിര്‍മ്മാതാവ് അനന്ത സുരേഷും സംവിധായകന്‍ വിഷ്ണു വര്‍ദ്ധനും പറയുന്നു. കോടികള്‍ ചെലവിട്ട് വിദേശ ലൊക്കേഷനുകളില്‍ ചിത്രീകരിക്കുന്ന ബില്ല അജിത്തിന്റെ സൂപ്പര്‍താര പദവി ഉറപ്പിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
മലേഷ്യയിലെ തൂക്കുപാലത്തില്‍ അജിത്ത് ഡ്യൂപ്പില്ലാതെ അഭിനയിച്ച സംഘട്ടന രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റാണെന്ന് വിഷ്ണുവര്‍ദ്ധന്‍ അവകാശപ്പെടുന്നു.
ബില്ലയിലെ ഗ്ലാമര്‍ വിഭാഗം കൈകാര്യം ചെയ്യുന്നത് നയന്‍താരയും നമിതയുമാണ്. ഇരുവരും തമ്മിലുളള സംഘട്ടന രംഗവും ചിത്രത്തിലുണ്ട്. ബിക്കിനിയണിഞ്ഞ് നയന്‍താര പ്രത്യക്ഷപ്പെടുന്ന ചിത്രമെന്ന പ്രത്യേകതയും പുതിയ ബില്ലയ്ക്കുണ്ട്.
യുവശങ്കര്‍ രാജയാണ് ബില്ലയുടെ സംഗീതം. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, കാമറ കൈകാര്യം ചെയ്യുന്നത് നീരവ് ഷാ.
നവംബറില്‍ റിലീസ് ചെയ്യുമെന്ന് ഉറപ്പിച്ച ബില്ലയ്ക്കു വേണ്ടി ശ്വാസമടക്കി കാത്തിരിക്കുകയാണ് അജിത്തിന്റെയും നയന്‍താരയുടെയും ആരാധകരൊന്നാകെ.
![]()
![]()
![]()


Click it and Unblock the Notifications