ആക്രിക്കച്ചവടവുമായി വീണ്ടും മമ്മൂട്ടി
തൊട്ടതൊന്നും പിഴയ്ക്കാത്ത സംവിധായക ജോടിയാണ് റാഫി മെക്കാര്‍ട്ടിന്‍ ടീം. സൂപ്പര്‍താരങ്ങളില്ലാതെ, തിരക്കഥയുടെ കരുത്തില്‍ ഒട്ടേറെ ചിത്രങ്ങള്‍ വിജയിപ്പിച്ച പാരമ്പര്യമുളള പ്രഗത്ഭര്‍. സൂപ്പര്‍താരങ്ങള്‍ക്കു വേണ്ടി അവരുടെ പേന ചലിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ആരാധക പ്രതീക്ഷ വാനോളമുയരുന്നത് സ്വാഭാവികം.
മമ്മൂട്ടിയ്ക്കു വേണ്ടി മായാവി സൃഷ്ടിച്ചപ്പോഴും മോഹന്‍ലാലിനു വേണ്ടി ഹലോ ഒരുക്കിയപ്പോഴും അവര്‍ ആരാധകരുടെ പ്രതീക്ഷയ്ക്ക് ഒരു പിഴവും വരുത്തിയില്ല. മായാവിയുടെ സംവിധായകന്‍ ഷാഫിയായിരുന്നു. എങ്കിലും മായാവി ഒരു റാഫി മെക്കാര്‍ട്ടിന്‍ ചിത്രമെന്ന് വിശേഷിപ്പിക്കുന്നതാവും നല്ലത്. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ആവോളമുളള പ്രമേയങ്ങള്‍ തിരഞ്ഞെടുക്കാനും ഇതുവരെ കേള്‍ക്കാത്ത തമാശകള്‍ അവതരിപ്പിക്കാനും അസാധ്യമിടുക്ക് ഈ ജോടിക്കുണ്ട്.
മമ്മൂട്ടിയെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ ടീം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ലൗ ഇന്‍ ബാങ്കോക്ക്. മായാവിയെയും ഹലോയെയും വെല്ലുന്ന വിജയമാണ് ഈ ചിത്രത്തില്‍ നിന്ന് സിനിമാ വൃത്തങ്ങളും ആരാധകരും പ്രതീക്ഷിക്കുന്നത്.
ആക്രി മച്ചുവെന്ന കഥാപാത്രമാണ് ചിത്രത്തില്‍ മമ്മൂട്ടിയുടേത്. കോടീശ്വരനായ ആക്രിക്കച്ചവടക്കാരന്‍. വിദ്യാഭ്യാസം കമ്മി. എന്നാല്‍ ലോകതത്ത്വങ്ങള്‍ എന്ന പേരില്‍ തട്ടിവിടുന്ന ഭൂലോക മണ്ടത്തരങ്ങള്‍ക്ക് ഒരു കുറവുമില്ല. എല്ലാം കേട്ട് തലയാട്ടാന്‍ രണ്ടു സുഹൃത്തുക്കളും മച്ചുവിനുണ്ട്. നാരായണനും ഷുക്കൂറും.


Click it and Unblock the Notifications