twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിദ്ധാര്‍ഥന്റെ കുബേര ജീവിതം

    By Staff
    |

    സിദ്ധാര്‍ഥന്റെ കുബേര ജീവിതം

    സിദ്ധാര്‍ഥന് ജീവിതത്തില്‍ ഒരു ലക്ഷ്യം മാത്രമേയുള്ളൂ. ഒരു കുബേരനായി മാറുക എന്നതാണ് അത്. തന്നെ സംബന്ധിച്ചിടത്തോളം അത് തീര്‍ത്തും അന്യമായ ഒരു സ്വപ്നം മാത്രമാണെന്ന് സിദ്ധാര്‍ഥന് അറിയാഞ്ഞിട്ടല്ല.

    കര്‍ണാടകത്തിലെ കുടകില്‍ താമസിക്കുന്ന സിദ്ധാര്‍ഥന്‍ മലയാളിയാണ്. അവിടെ അയാളെത്തിയിട്ട് വര്‍ഷങ്ങളായി. നൃത്തമാടിയും വേഷം കെട്ടിയും ജീവിക്കുന്നവനാണ് അവന്‍. താമസം ഒരു കൊച്ചുകുടിലില്‍. ജീവിക്കാന്‍ വേണ്ടി പല വിധം വേഷങ്ങള്‍ കെട്ടുന്ന സിദ്ധാര്‍ഥന് കുബേരന്റെ ജീവിതത്തിലേക്കുള്ള ദൂരം വളരെയേറെയാണ്.

    എങ്കിലും മാസത്തില്‍ ഒരു ദിവസം അയാള്‍ കുബേരനായി തന്നെ ജീവിക്കും. തന്റെ ജീവിതലക്ഷ്യം നിറവേറ്റുന്നതിന്റെ പ്രതീതിയിലായിരിക്കും മാസത്തില്‍ ഒരു ദിവസം അയാള്‍. മാസത്തിലെ ആദ്യദിവസം തന്റെ കുടിലിന് തൊട്ടടുത്തുള്ള മണിമാളികയില്‍ അയാളെത്തും. ഒരു വലിയ പണക്കാരന്റെ ബംഗ്ലാവ് ആണത്. അതാരാണ് എന്നൊന്നും സിദ്ധാര്‍ഥന് അറിയില്ല. ബംഗ്ലാവിന്റെ ഉടമയെ അയാള്‍ ഒരിക്കലും കണ്ടിട്ടുമില്ല. മാസത്തിലെ ആദ്യദിവസം അയാള്‍ അവിടെയുണ്ടാവും. അവിടെ ഒരു കുബേരനെ പോലെ സിദ്ധാര്‍ഥന്‍ കഴിയും.

    സിദ്ധാര്‍ഥന് ഒരു കാമുകിയുണ്ട്-സുന്ദരിയായ കുടകുകാരി ഗൗരി. നിഷ്കളങ്കയായ ആ പെണ്‍കുട്ടിയുടെ സ്നേഹത്തില്‍ അയാള്‍ തന്റെ നിരാശകള്‍ മറക്കാന്‍ ശ്രമിക്കുന്നു. പിന്നെ മൂന്ന് കൊച്ചുചങ്ങാതിമാരും. ധനനും ലക്ഷ്മിയും കനകവുമാണ് അത്.

    അവരോടൊപ്പമാണ് സിദ്ധാര്‍ഥന്‍ ബംഗ്ലാവിലെത്തുക. അവിടെയെത്തി അയാള്‍ ബംഗ്ലാവില്‍ രാജകീയമായി താമസിക്കും. ബംഗ്ലാവിലെ കുതിരയുടെ മുകളിലേറി സവാരി നടത്തും. ബോട്ട് റേസില്‍ ആനന്ദം കണ്ടെത്തും.

    മാസത്തില്‍ ഒരു ദിവസം മാത്രമേ സിദ്ധാര്‍ഥന് അതിന് അനുവാദമുള്ളൂ. മാസത്തിലെ ഒന്നാം തീയതി മാത്രം. പിറ്റേന്ന് രാവിലെ സ്ഥലം വിട്ടുകൊള്ളണം. ബംഗ്ലാവിലെ വേലക്കാരായ തെയ്യുണ്ണിയും അബ്ദുവും ആണ് ഈ ഒരു ദിവസത്തെ കുബേര ജീവിതത്തിന് സിദ്ധാര്‍ഥന് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത്.

    തെയ്യുണ്ണിക്കും അബ്ദുവിനും ഇതിനായി കൈക്കൂലി കൊടുക്കണം. എങ്ങനെയെങ്കിലും കുറച്ചു പണം അതിനായി അയാള്‍ എവിടെ നിന്നെങ്കിലും ഉണ്ടാക്കും. അങ്ങനെ എല്ലാ മാസവും ഒന്നാം തീയതി സിദ്ധാര്‍ഥന്‍ ഒരു കുബേരനാവും.

    എന്നാല്‍ ഒന്നാം തീയതികളിലെ സിദ്ധാര്‍ഥന്റെ കുബേര ജീവിതത്തിന് അന്ത്യം കുറിച്ച് അവളെത്തി- ശ്രദ്ധ. ബംഗ്ലാവിന്റെ ഉടമയുടെ മകളായ പെണ്‍കുട്ടി. അഛന്‍ മരിച്ചതില്‍ പിന്നെ അവള്‍ ആ ബംഗ്ലാവില്‍ വന്നിട്ടില്ല. ഏറെ നാളുകള്‍ക്ക് ശേഷം വന്നപ്പോഴാകട്ടെ കാണുന്നത് സിദ്ധാര്‍ഥനെയും.

    ബംഗ്ലാവില്‍ പതിവു പോലെ ഒരു ഒന്നാം തീയതിയിലെത്തിയ സിദ്ധാര്‍ഥന്‍ പിറ്റേന്ന് ഉണരാന്‍ അല്പം വൈകിപോയി. അന്ന് അയാള്‍ മുന്നില്‍ കണ്ടത് ശ്രദ്ധയെയാണ്. ബംഗ്ലാവില്‍ നിന്ന് അയാളെ അവള്‍ ആട്ടിപ്പുറത്താക്കി.

    സിദ്ധാര്‍ഥനും ശ്രദ്ധയും പിന്നെ കടുത്ത ശത്രുതയിലായി. ആ ശത്രുത അപ്രതീക്ഷിതമായ സംഭവവികാസങ്ങളാണ് സിദ്ധാര്‍ഥന്റെ ജീവിതത്തിലുണ്ടാക്കിയത്.

    സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന കുബേരനില്‍ സിദ്ധാര്‍ഥനായി അഭിനയിക്കുന്നത് ദിലീപാണ്. ശ്രദ്ധയായി സംയുക്താ വര്‍മയും ഗൗരിയായി ഉമാശങ്കരിയും. മറ്റൊരു പ്രധാന കഥാപാത്രത്തെ മോഹന്‍ അവതരിപ്പിക്കുന്നു. കലാഭവന്‍ മണി, ഹരിശ്രീ അശാേേകന്‍, ജഗതി ശ്രീകുമാര്‍, സുരേഷ് കൃഷ്ണന്‍, റിസബാവ, മങ്കാ മഹേഷ്, ബിന്ദു രാമകൃഷ്ണന്‍, റസിയ, പൂജപ്പുര രവി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. നടി മേനകയുടെ മകള്‍ കീര്‍ത്തി, മാസ്റര്‍ വിഘ്നേഷ്, ബേബി അലീഷ എന്നിവരാണ് ബാലകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    വി. സി. അശോകിന്റേതാണ് രചന. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം പകരുന്നു. യേശുദാസ്, എം. ജി. ശ്രീകുമാര്‍, ചിത്ര, സുജാത, സ്വര്‍ണലത എന്നിവരാണ് ഗായകര്‍. ഛായാഗ്രഹണം സാലു ജോര്‍ജ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X