twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവന്‍ വരുന്നു.. ബിലാല്‍ മുഹമ്മദ്

    By Staff
    |

    അധോലോക നായകന്‍ ബിലാല്‍ മുഹമ്മദ് കൊച്ചിയിലെത്തുന്നു. കൗമാരത്തില്‍ തന്നെ നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും അകറ്റിയവരോട് പകരം ചോദിക്കാന്‍. നഷ്ടങ്ങളൊക്കെയും കണക്കു പറഞ്ഞ് തിരിച്ചു വാങ്ങാന്‍.

    അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായ മേരി ജോണ്‍ കുരിശിങ്കല്‍ നാലു കുട്ടികളെ എടുത്തു വളര്‍ത്തി. നാലു സാഹചര്യങ്ങളില്‍ ജനിച്ചവര്‍. നാലു മതങ്ങളില്‍ പിറന്നവര്‍.

    എല്ലാവരെയും തുല്യമായി സ്നേഹിച്ചു. പരിലാളിച്ചു. വിദ്യാഭ്യാസം നല്‍കി.

    അവരില്‍ മൂത്തവനായിരുന്നു ബിലാല്‍ മുഹമ്മദ്. ചെറുപ്പം മുതലെ ആരെയും വകവയ്ക്കാത്തവന്‍. ഒന്നിനെയും പേടിയില്ലാത്തവന്‍. ചങ്കുറപ്പിന്റെ ആണ്‍രൂപം.

    അതുകൊണ്ടു തന്നെ അവന്‍ പലരുടെയും നോട്ടപ്പുളളിയായി. കൊച്ചിയില്‍ അവനുണ്ടെങ്കില്‍ തങ്ങള്‍ കരുതുന്നതൊന്നും നടക്കില്ലെന്ന് പലരും തിരിച്ചറിഞ്ഞു.

    അവര്‍ വിരിച്ച വലയില്‍ അവന്‍ വീഴുക തന്നെ ചെയ്തു. സാഹചര്യങ്ങള്‍ അവനെ ഒരു പലായനത്തിന് പ്രേരിപ്പിച്ചു. അവന്‍ നാടുവിട്ടു.

    എത്തിയത് മുംബെയില്‍

    ചോരയ്ക്ക് ചോര തെരുവിലൊഴുക്കുന്ന മുംബെ അധോലോകം ചങ്കുറപ്പുളള ബിലാലിനെ ഏറ്റുവാങ്ങി. അവന്‍ മുംബെ ഭരിക്കുന്ന അധോലോക നായകന്‍മാരുടെ വലംകൈയായി.

    പതിനേഴ് വര്‍ഷങ്ങള്‍ കഴിയുന്നു. ഒരു അംഗരക്ഷകനായി അധോലോകത്തില്‍ അരങ്ങേറ്റം കുറിച്ച ബിലാല്‍ മുഹമ്മദിന്റെ സാമ്രാജ്യം വലുതായി. അവന്‍ കൊച്ചിയിലേയക്ക് വരുന്നു.

    അവിടെ അവനെ കാത്ത് അനിയന്മാരുണ്ട്. മുറിഞ്ഞു വീണ സ്നേഹത്തിന്റെ ചങ്ങലക്കണ്ണികള്‍ പെറുക്കിയെടുത്ത് വാല്‍സല്യ നിധിയായ അമ്മയും.

    എന്നാല്‍ വീടിന്റെ ചുവരുകള്‍ക്കുളളിലെ സ്നേഹപ്രകടനങ്ങള്‍ ഏറ്റുവാങ്ങാനായിരുന്നില്ല അവന്‍ കൊച്ചിയിലെത്തിയത്. ചെറുപ്പത്തില്‍ ചോരയിലെഴുതി മനസിലൊട്ടിച്ച ചില കണക്കുകള്‍ അവന്റെ മനസില്‍ കനലുകളായി ജ്വലിച്ചു. ആ കനലുകളില്‍ തീയാളുമ്പോള്‍ അവന്റെ അനിയന്മാരും ഒപ്പം ചേര്‍ന്നു. പിന്നെ നടന്നത്...

    രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന ചിത്രത്തിന്റെ കാമറ ചലിപ്പിച്ചത് അമല്‍ നീരദാണ്. രാം ഗോപാല്‍ വര്‍മ്മയുടെ പ്രിയപ്പെട്ട കാമറാമാന്‍.

    അമല്‍ നീരദിന്റെ ആദ്യ ചിത്രം

    അമല്‍ നീരദ് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആലോചിച്ചപ്പോള്‍ തന്നെ അതു മലയാളത്തിലാവണം എന്നു തീരുമാനിക്കുകയും ചെയ്തു.

    മലയാളത്തിലെ ഏറ്റവും വിലയേറിയ താരത്തെ നായകനാക്കാനും തീരുമാനിച്ചു. അങ്ങനെയാണ് ബിഗ് ബി എന്ന ചിത്രം പിറക്കുന്നത്.

    ഏറെക്കാലത്തിനു ശേഷം മമ്മൂട്ടി അധോലോക നായകനായി സ്ക്രീനിലെത്തുകയാണ്, ബിലാല്‍ മുഹമ്മദായി. സ്റീല്‍ ചെയിനും പ്രത്യേക ഹെയര്‍സ്റൈലുമൊക്കെയായി മമ്മൂട്ടി തകര്‍ക്കുകയാണ് ഈ ചിത്രത്തില്‍. മംതയാണ് നായിക.

    അധോലോകത്തിന്റെ കരുത്തും ആഴവും ഈ ചിത്രം പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കും.

    സംവിധായകന്റെ കഥയ്ക്ക് തിരക്കഥ രചിക്കുന്നത് കഥാകൃത്ത് ആര്‍. ഉണ്ണി. അമല്‍ നീരദിന്റെ സഹായി സമീര്‍ താഹിറാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്.

    മമ്മൂട്ടിയ്ക്കൊപ്പം വന്‍താര

    മനോജ് കെ ജയന്‍, ബാല, സൂമിത് നവാല്‍, ഇന്നസെന്റ്, വിജയരാഘവന്‍, മണിയന്‍പിളള രാജു, അനൂപ് എന്നിവര്‍ പ്രധാന വേഷങ്ങളിലുണ്ട്.

    പ്രമുഖ ഹിന്ദി താരം നഫീസ അലിയാണ് മമ്മൂട്ടിയുടെ അമ്മയായി വേഷമിടുന്നത്.

    മരിക്കാര്‍ ഫിലിംസിനു വേണ്ടി ഷാഹുല്‍ ഹമീദും ആന്റോ ജോസഫും ചേര്‍ന്നാണ് ബിഗ് ബി നിര്‍മ്മിക്കുന്നത്.

    ഏപ്രില്‍ 14ന് ചിത്രം തീയേറ്ററുകളിലെത്തും. മലയാളസിനിമയുടെ കളക്ഷന്‍ റിക്കാര്‍ഡുകള്‍ പലതും ബിഗ് ബി തിരുത്തിയെഴുതുമെന്നുറപ്പാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X