വല്യേട്ടനും അനിയന്‍കുട്ടനും
വല്യേട്ടനും അനിയന്‍കുട്ടനും
ഐശ്വര്യത്തിന്റെ മടിത്തട്ടില്‍ കഴിയുന്ന മാധവന്‍കുട്ടിയും പ്രഭാവതിയും തങ്ങളുടെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണം മക്കളാണെന്ന് വിശ്വസിക്കുന്നു. സ്നേഹനിധികളായ അവര്‍ ജീവിക്കുന്നത് തന്നെ മക്കള്‍ക്ക് വേണ്ടിയാണ്.
കോളജ് പ്രൊഫസറാണ് വിഷ്ണു. വിഷ്ണുവിനേക്കാള്‍ പത്തു വയസോളം താഴെയാണ് അനിയന്‍കുട്ടന്‍. വിഷ്ണു പക്വമതിയും വിവേകശാലിയുമാണെങ്കില്‍ അനിയന്‍ കുട്ടന്‍ ഉണ്ടാക്കുന്ന ചില്ലറ പൊല്ലാപ്പുകളൊക്കെ വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്.
കോളെജില്‍ അടിപൊളിയായി നടക്കുന്ന അനിയന്‍ ഒപ്പിക്കുന്ന വേലത്തരങ്ങള്‍ പലപ്പോഴും പരാതിയായി മാധവന്‍തമ്പിയുടെ ചെവിയിലെത്തും. മൂത്ത മകനെ കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളൂവെങ്കില്‍ ഇളയവനെ കുറിച്ച് എപ്പോഴും പരാതിയാണല്ലോയെന്ന് മാധവന്‍തമ്പി ആകുലപ്പെടുകയും ചെയ്യും.
കോളജില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ടാലും അനിയന്‍ കുട്ടന്റെ സഹായത്തിന് എപ്പോഴും വിഷ്ണുവുണ്ടാവും. അനിയനെന്നതിനേക്കാള്‍ മകന്റെ സ്ഥാനത്താണ് വിഷ്ണു അനിയന്‍കുട്ടനെ കാണുന്നത്. അവന്റെ ഏത് വേലത്തരവും അയാള്‍ ക്ഷമിയ്ക്കും.
വീട്ടില്‍ ചേട്ടന് കിട്ടുന്ന അംഗീകാരവും പ്രശംസകളും പലപ്പോഴും അനിയന്‍ കുട്ടന്റെ മനസില്‍ ഇഛാഭംഗമുണ്ടാക്കാറുണ്ട്. തന്നെ ആരും അംഗീകരിയ്ക്കുന്നില്ലെന്നൊരു തോന്നല്‍ അവന്റെ മനസിലുണ്ട്. ആ തോന്നല്‍ അവനെ വല്ലാത്ത ഒരു അവസ്ഥയിലെത്തിച്ചു. അവന്റെ മനസില്‍ വീട്ടുകാരെല്ലാം ശത്രുക്കളായി. ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് അത് തുടക്കമാവുകയായിരുന്നു.
രാജസേനന്‍ സംവിധാനം ചെയ്യുന്ന സ്വപ്നം കൊണ്ടൊരു തുലാഭാരം എന്ന ചിത്രത്തില്‍ വിഷ്ണുവായി അഭിനയിക്കുന്നത് സുരേഷ് ഗോപിയും അനിയന്‍ കുട്ടനാവുന്നത് കുഞ്ചാക്കോ ബോബനുമാണ്. മാധവന്‍തമ്പിയായി ജനാര്‍ദനനും പ്രഭാവതിയായി ശ്രീവിദ്യയും അഭിനയിക്കുന്നു.
തമിഴ് നടി ശ്രുതികയും സ്നേഹിതനിലൂടെ അരങ്ങേറ്റം കുറിച്ച നന്ദനയുമാണ് നായികമാര്‍. ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, മിഥുന്‍ രമേഷ്, നിവേദിത, സൗമ്യ, ഗീതാസലാം, ബിന്ദു പണിക്കര്‍ എന്നിവരും അഭിനയിക്കുന്നു.
രഘുനാഥ് പലേരിയുടേതാണ് രചന. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഔസേേപ്പച്ചന്‍ ഈണം പകരുന്നു. ഛായാഗ്രഹണം രാമചന്ദ്രബാബു.


Click it and Unblock the Notifications