For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പള്ളിക്കരയുടെ രക്ഷകനായി ഫാന്റം പൈലി

  By Staff
  |

  പള്ളിക്കരയുടെ രക്ഷകനായി ഫാന്റം പൈലി

  പള്ളിക്കര എന്ന മലയോര ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന പൈലി ബോളിവുഢിലെ അറിയപ്പെടുന്ന ഒരു ഡ്യൂപ്പാണ്. ഒന്നാം കിട ഹിന്ദി നടന്മാര്‍ക്കു വേണ്ടി സംഘട്ടന രംഗങ്ങളിലും മറ്റും അഭിനയിക്കുന്ന പൈലി ഒരു നടനാവുക എന്ന മോഹത്തോടെയാണ് ഹിന്ദി സിനിമാ ലോകത്തെത്തിയത്. അത് സാധിക്കില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ പിന്തിരിഞ്ഞില്ല. അങ്ങനെയാണ് പൈലി എന്ന ഡ്യൂപ്പിന്റെ ജീവിതം ആരംഭിക്കുന്നത്. ആ ജീവിതം അയാള്‍ ശരിക്ക് ആസ്വദിക്കുകയും ചെയ്തു.

  ബോളിവുഡിലെ അറിയപ്പെടുന്ന ഡ്യൂപ്പിന് ഒരു പേരും പതിഞ്ഞുകിട്ടി- ഫാന്റം പൈലി.ഒരിക്കല്‍ ആയാസമേറിയ ഒരു രംഗത്തില്‍ അഭിനയിക്കുന്നതിനിടെ പൈലിയ്ക്ക് പരിക്കേറ്റു. ശരീരത്തിന് ക്ഷതമേറ്റാല്‍ ഡ്യൂപ്പിന്റെ ജീവിതത്തിനും ക്ഷതമേല്‍ക്കും. ആരോഗ്യം തിരിച്ചെടുക്കാനായി ചികിത്സ നടത്തുക എന്ന ഉദ്ദേശ്യത്തോടെ പൈലി നാട്ടിലേക്ക് തിരിച്ചു- പള്ളിക്കരയിലേക്ക്. അനിയന്‍ ജോസൂട്ടി അവിടെയാണ് താമസിക്കുന്നത്.

  പള്ളിക്കരയില്‍ പൈലിയെത്തുമ്പോള്‍ അവിടെ ഒരു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. അടുത്ത കാലത്തുണ്ടായ ഭൂമിക്കുലുക്കവും ഉരുള്‍പൊട്ടലും നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. പ്രകൃതി ഇങ്ങനെ കോപിക്കുന്നതിന് കാരണം നാട്ടിലെ കരിങ്കല്‍ ക്വാറിയാണെന്നാണ് നാട്ടുകാര്‍ കരുതുന്നത്. തമിഴനായ പെരുമാളിന്റേതാണ് ക്വാറി.

  നാട്ടുകാര്‍ പാറമടയ്ക്കെതിരെ സമരം തുടങ്ങി. ഫാദര്‍ പോത്തച്ചന്‍ കോടാലിപ്പറമ്പിലാണ് സമരത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍ സമ്പന്നനായ പെരുമാള്‍ ആളും അര്‍ഥവും ഉപയോഗിച്ച് അതിനെ നേരിട്ടു. പോരാത്തതിന് സ്ഥലം ഇന്‍സ്പെക്ടര്‍ സെബാസ്റ്യന്‍ അയാള്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്യുന്നുണ്ട്.

  പൈലി നാട്ടുകാരുമായി ചേര്‍ന്ന് പെരുമാളിനെ നേരിട്ടു. പൈലിയുടെ ഇടപെടല്‍ പലപ്പോഴും സംഘട്ടനങ്ങളിലേക്ക് വരെ നയിച്ചു. പെരുമാളിനെയും ഇന്‍സ്പെക്ടര്‍ സെബാസ്റ്യനെയും പൈലി നേരിട്ടു.

  ഇതിനിടെയാണ് സതി എന്ന പെണ്‍കുട്ടിയുമായി പൈലി അടുക്കുന്നത്. ആദ്യം ചില്ലറ സ്വരചേര്‍ച്ചയില്ലായ്മയില്‍ തുടങ്ങിയ ആ ബന്ധം പതുക്കെ പ്രണയത്തിലേക്ക് വഴിമാറി.

  തങ്ങളുടെ ജീവനും ഭൂമിക്കും വേണ്ടിയുള്ള സമരത്തില്‍ പൈലിയെ രക്ഷകനായി നാട്ടുകാര്‍ കണ്ടുതുടങ്ങി. നാട്ടുകാരുടെ ലക്ഷ്യം നേടിയെടുക്കുന്നതിനായി പൈലി നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് ബിജു വര്‍ക്കിയുടെ ഫാന്റം പൈലി.

  മമ്മൂട്ടി ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് ഫാന്റം പൈലി യിലൂടെ. മറവത്തൂര്‍ കനവിലേതു പോലെ മമ്മൂട്ടിയുടെ മാനറിസങ്ങളെല്ലാം പ്രയോജനപ്പെടുത്തുന്ന കഥാപാത്രമാണ് ഫാന്റം പൈലിയിലേത്.

  പെരുമാളായി അഭിനയിക്കുന്നത് മനോജ് കെ. ജയനാണ്. സതിയായി കന്നഡ നടി മാളവിക അഭിനയിക്കുന്നു. ജോസൂട്ടിയെ അവതരിപ്പിക്കുന്നത് നിഷാന്ത് സാഗര്‍. ഇന്നസെന്റ്, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, എന്‍. എഫ്. വര്‍ഗീസ്, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, നാരായണന്‍കുട്ടി, അശ്വതി, മഞ്ജു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

  അജിത്തിന്റേതാണ് കഥ. തിരക്കഥ ബിജു വര്‍ക്കിയും സംഭാഷണം ഡെന്നീസ് ജോസഫും രചിക്കുന്നു. ഗിരീഷ് പുത്തഞ്ചിേരിയുടെ ഗാനങ്ങള്‍ക്ക് ദേവ സംഗീതം പകരുന്നു. ക്യാമറ ബിജു വിശ്വനാഥ്.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X