»   » ദുരന്തങ്ങളുടെ വേലിയേറ്റവുമായി ഭദ്ര

ദുരന്തങ്ങളുടെ വേലിയേറ്റവുമായി ഭദ്ര

Posted By:
Subscribe to Filmibeat Malayalam

ദുരന്തങ്ങളുടെ വേലിയേറ്റവുമായി ഭദ്ര

ജോസഫ് സെബാസ്റ്യന്‍ എംപിയുടെ പേഴ്സണല്‍ സെക്രട്ടറിയാണ് ജയദേവന്‍. എംപിയുടെ രഹസ്യങ്ങള്‍ ഇരുചെവിയറിയാതെ സൂക്ഷിക്കാന്‍ ജയദേവന് കഴിഞ്ഞിരുന്നു. എംപിക്കും ജയദേവനെ വിശ്വാസമായിരുന്നു.

എന്നാല്‍ ഒരിക്കല്‍ തന്റെ ഭാര്യയാകാന്‍ പോകുന്ന സുഭദ്ര എന്ന പാവം പെണ്ണിനെ വിവാഹത്തലേന്ന് നേതാവ് ബലാത്സംഗം ചെയ്യുന്നതും കൊലപ്പെടുത്തുന്നതും കണ്ടപ്പോള്‍ ജയദേവന്റെ നിയന്ത്രണം വിട്ടു. നേതാവിനോടുള്ള വിശ്വാസവും കൂറുമൊക്കെ ഒറ്റ നിമിഷം കൊണ്ടു തകര്‍ന്നുവീണു. രണ്ടു പേരും വര്‍ഗ്ഗശത്രുക്കളെ പോലെ പോരാട്ടത്തിനിറങ്ങി.

എന്നാല്‍ അധികാരവും പണവും ആള്‍ബലവും ജോസഫ് സെബാസ്റ്യന് അനുകൂലമായിരുന്നു. ഭാര്യയെ ഇല്ലാതാക്കിയതു പോലെതന്നെ ജയദേവനെയും അയാള്‍ ഇല്ലാതാക്കി. അതൊരു അപകടമരണമാക്കി തീര്‍ക്കാന്‍ എംപിക്ക് തന്റെ അധികാരസ്വാധീനം ധാരാളമായിരുന്നു.

എന്നാല്‍ അതിനു ശേഷം ജോസഫ് സെബാസ്റ്യന്റെ ജീവിതം ആകെ ദുരന്തങ്ങളുടേതായിരുന്നു. കാറ്റിലൂടെ ഒഴുകിയെത്തുന്ന വസ്ത്രം അദ്ദേഹത്തിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങി. അതൊരു തുടക്കമായിരുന്നു. വികൃതമായൊരു മുഖം തറവാട്ടിലെ അംഗങ്ങളുടെ ജീവനു വില പറയാന്‍ തുടങ്ങി. മരണം തുടര്‍ക്കഥയായി.

ഭദ്ര തന്റെ പ്രതികാരം തുടങ്ങിക്കഴിഞ്ഞു. എംപിയുടെ മകളുടെ വിവാഹം നടത്തില്ലെന്ന് ശപഥം ചെയ്ത അവള്‍ എംപിയുടെ മകന്‍ റോക്കിയെ ഇതിനകം തന്നെ വകവരുത്തിക്കഴിഞ്ഞു. കൂടാതെ സ്ത്രീകള്‍ക്കെതിരെ അക്രമം നടത്തുന്നവര്‍ക്കെതിരെയും സുഭദ്ര എന്ന യക്ഷി പൊരുതുകയാണ്.

അഞ്ചോളം ചിത്രങ്ങള്‍ നിര്‍മ്മിച്ച മമ്മി സെഞ്ച്വറി ആദ്യമായി സംവിധാന രംഗത്തേക്കു കടക്കുന്ന ഹൊറര്‍ ചിത്രമാണ് ഭദ്ര. ശങ്കറും ജഗദീഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്ത്രീ എന്ന സീരിയലിലൂടെ ശ്രദ്ധേയയായ വിനയാ പ്രസാദാണ് നായിക. ഏറെക്കാലത്തിനു ശേഷമാണ് വിനയാപ്രസാദ് സിനിമയില്‍ എത്തുന്നത്. ക്യാപ്റ്റന്‍ രാജു, മാമുക്കോയ, മാള അരവിന്ദന്‍, സലിം കുമാര്‍, രുദ്ര പ്രസാദ്, അനിത, അഞ്ജലി, കനകലത ഫിലോമിന എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

തിരക്കഥയും സംഭാഷണവും ടൈറ്റസ് മഞ്ജു. രാജീവ് മാധവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് പി.സി. മോഹന്‍. കലാ സംവിധാനം സജി വര്‍ക്കല. ഡിടിഎസില്‍ തയ്യാറാകുന്ന ഈ ചിത്രം ന്യൂമാസ് റിലീസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X