twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കള്ളക്കഥാപാത്രങ്ങളുമായി കാക്കക്കുയില്‍

    By Super
    |

    ദുബായില്‍ പോവുക എന്ന ലക്ഷ്യവുമായാണ് ശിവരാമന്‍ മുംബൈയിലെത്തിയത്. അവിടെവച്ച് അയാളുടെ ബാഗും പണവും നഷ്ടപ്പെട്ടു. എങ്ങോട്ടെന്നില്ലാതെ അലഞ്ഞു നടന്ന ശിവരാമന്റെ കണ്ണില്‍ യാദൃച്ഛികമായാണ് ഗോവിന്ദന്‍കുട്ടി വന്നുപെട്ടത്.

    ഈ ഗോവിന്ദന്‍കുട്ടിക്കൊരു പൂര്‍വ കഥയുണ്ട് - ശിവരാമനെത്തന്നെ പറ്റിച്ച കഥ. ഒരിക്കല്‍ അച്ഛന്റെ പെന്‍ഷന്‍വാങ്ങിവരുന്ന വഴിക്ക് കുടനിവര്‍ത്താന്‍വേണ്ടി ശിവരാമന്‍ പണം ഗോവിന്ദന്‍കുട്ടിയെ ഏല്പിച്ചു. ആ മഴയില്‍ ഇഷ്ടന്‍ പണവുമായി മുങ്ങി. പിന്നെ കാണുന്നത് ഈ മുംബൈ നഗരത്തിലെ തിരക്കിലാണ്. ഇവിടെയും ഗോവിന്ദന്‍കുട്ടി അല്പസ്വല്പം തട്ടിപ്പുമായി ത്തന്നെയാണ് ജീവിക്കുന്നത്. ശിവരാമനെ വിട്ട് അഡ്വ. നമ്പീശന്റെ ഗുമസ്തനായി ഗോവിന്ദന്‍കുട്ടി കുറെ നാള്‍ ജോലിചെയ്തു. ഒരിക്കല്‍ നമ്പീശന്‍ നല്‍കിയ ജാമ്യത്തുകയുമായി വീണ്ടും മുങ്ങി.

    ഓടി രക്ഷപ്പെടാന്‍ തുനിഞ്ഞ ഗോവിന്ദന്‍കുട്ടിയെ ശിവരാമന്‍ പിടിച്ചുനിര്‍ത്തി. ശിവരാമന്റെ കഷ്ടപ്പാട് കേട്ടപ്പോള്‍ ഗോവിന്ദന്‍കുട്ടിക്കും സഹതാപം തോന്നി. അങ്ങനെ അവര്‍ ഇരുവരും ഗോവിന്ദന്‍കുട്ടിയുടെ താമസസ്ഥലത്തേക്ക് പോയി.

    ഇവിടെവച്ച് അവര്‍ ഒരു തമ്പുരാനെ പരിചയപ്പെടുന്നു. ഒരു കാര്‍ അപകടത്തില്‍ തമ്പുരാന്റെ മകനും ഭാര്യയും മരിച്ചു. തമ്പുരാനും ഭാര്യക്കും കാഴ്ച നഷ്ടപ്പെട്ടു. 27 വര്‍ഷമായി അവര്‍ ഇരുട്ടിന്റെ ലോകത്താണ്. തമ്പുരാന്റെ കൊച്ചുമകന്‍ അമേരിക്കയിലാണ്. അച്ഛനും അമ്മയും നഷ്ടപ്പെട്ട ചെറിയകുട്ടിയായിരുന്ന അവന്‍ നാട്ടിലേക്ക് വരുന്നുണ്ടെന്ന വിവരം തമ്പുരാന് ലഭിച്ചു.

    പക്ഷെ ചില കാരണം കൊണ്ട് കൊച്ചുതമ്പുരാന് വരാന്‍ കഴിഞ്ഞില്ല. ആറുമാസം കഴിഞ്ഞേ ഇനി വരുകയുള്ളൂ എന്നറിയിച്ചുകൊണ്ടുള്ള ടെലഗ്രാം ശിവരാമന്റെയും ഗോവിന്ദന്‍കുട്ടിയുടെയും കൈയിലാണ് കിട്ടുന്നത്. അതോടെ ഇരുവരും ഒരു കള്ളക്കളിക്ക് തയ്യാറെടുത്തു. രണ്ടുപേരും തമ്പുരാന്റെ കൊച്ചുമോന്‍ ചമഞ്ഞ് കൊട്ടാരത്തിലെത്തി. ഒരാള്‍ സ്പര്‍ശമായും മറ്റൊരാള്‍ ശബ്ദമായും.

    താല്‍ക്കാലിക നിലനില്പായിരുന്നു ശിവരാമന്റെയും ഗോവിന്ദന്‍കുട്ടിയുടെയും ലക്ഷ്യം. ആറു മാസം കഴിഞ്ഞ് തമ്പുരാന്റെ കൊച്ചുമോന്‍ തിരിച്ചുവരുമ്പോള്‍ എന്ത് സംഭവിക്കുമെന്നവര്‍ ചിന്തിച്ചതേയില്ല. കൊച്ചുമോനെ അകമഴിഞ്ഞ് സ്നേഹിച്ച തമ്പുരാനെയും തമ്പുരാട്ടിയെയും ഇരുവരും തിരിച്ചും സ്നേഹിച്ചു. ആ സ്നേഹത്തിന്റെ പേരില്‍ കൊച്ചുമോന്‍ വിവാഹം കഴിക്കണമെന്ന് തമ്പുരാന്‍ ആവശ്യപ്പെട്ടു. അമേരിക്കയിലുള്ള ഒരു പെണ്ണിനെ ഇഷ്ടപ്പമാണെന്നും അവളെ മാത്രമേ കല്യാണം കഴിക്കൂ എന്നും കൊച്ചുമോന്‍ വാശിപിടിച്ചപ്പോള്‍ തമ്പുരാനും തമ്പുരാട്ടിയും സമ്മതിച്ചു.

    പക്ഷെ ശിവരാമന്റെയും ഗോവിന്ദന്‍കുട്ടിയുടെയും കഷ്ടകാലം തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. അധികം വൈകാതെ കൊച്ചുമോന്റെ കാമുകി കൊട്ടാരത്തിലെത്തി. തങ്ങളുടെ സങ്കല്പ കഥാപാത്രം മുന്നില്‍ നിന്നു വന്നപ്പോള്‍ സുഹൃത്തുക്കള്‍ ആകെ വലഞ്ഞു. പിന്നീടങ്ങോട് കള്ളം ശരിയാക്കാനുള്ള ഒരു ജീവന്മരണപോരാട്ടമാണ്.

    ചന്ദ്രലേഖയ്ക്കു ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് കാക്കക്കുയില്‍. കള്ളക്കഥാപാത്രങ്ങള്‍ എന്ന അര്‍ത്ഥത്തിലാണ് ചിത്രത്തിന് കാക്കക്കുയില്‍ എന്ന പേരിട്ടതെന്ന് പ്രിയദര്‍ശന്‍ പറയുന്നു. ശിവരാമനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഗോവിന്ദന്‍കുട്ടിയെ അവതരിപ്പിക്കുന്നത് മുകേഷാണ്. വന്ദനത്തിനു ശേഷം മോഹന്‍ലാലും മുകേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മുംബൈയില്‍ നിന്നുള്ള ആര്‍സുവാണ് നായിക. നെടുമുടി വേണു തമ്പുരാനും കവിയൂര്‍ പൊന്നമ്മ തമ്പുരാട്ടിയും ആകുന്നു. ജഗതി, ഇന്നസെന്റ്, ജഗദീഷ്, ടി.പി. മാധവന്‍, സുകുമാരി, ശാലുമേനോന്‍, സുചിത്ര എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍. കൂടാതെ ബോളിവുഡ് ആക്ഷന്‍ ഹീറോ സുനില്‍ഷെട്ടി ചിത്രത്തില്‍ ഒരു അതിഥിവേഷവും ചെയ്യുന്നു.

    Read more about: mohanlal mukesh
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X