For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉണ്ണിയുട കഥ; പരമശിവത്തിന്റെയും

  By Staff
  |

  ഉണ്ണിയുട കഥ; പരമശിവത്തിന്റെയും

  ചെറിയ പ്രായത്തില്‍ തന്നെ ഒരു കുടുംബത്തിന്റെ ഭാരം ചുമലില്‍ ഏറ്റേണ്ടിവന്നവനാണ് ഉണ്ണി. കുടുംബത്തെ കടബാധ്യതകളുടെ നടുക്കടലില്‍ തള്ളിയാണ് ഉണ്ണിയുടെ അച്ഛന്‍ മരിച്ചത്. പ്രായമായ അമ്മയും രണ്ട് ഇളയസഹോദരങ്ങളുമടങ്ങിയ കുടുംബത്തിന്റെ ഭാരം അങ്ങനെ ഉണ്ണിയുടെ ചുമലിലായി.

  ബാധ്യതകള്‍ തീര്‍ക്കാന്‍ എങ്ങനെയും പണം കണ്ടെത്തിയേ തീരൂ എന്ന സ്ഥിതിയിലായി ഉണ്ണി. അങ്ങനെയാണ് അവന്‍ നാട് വിടാന്‍ തീരുമാനിച്ചത്. അലച്ചിലിനിടയില്‍ ഭായി എന്ന പേരില്‍ അറിയപ്പെടുന്ന ലോറി ഡ്രൈവറെ അവന്‍ കണ്ടുമുട്ടി. ഉണ്ണിയോട് ഭായിക്ക് എന്തോ ഒരു അനുതാപം തോന്നി.

  ഭായിയുമായുള്ള ബന്ധം ഉണ്ണിയെ ഒരു പുതിയ ലോകത്തേക്കാണ് നയിച്ചത്. അധോലോകത്തെ ഒരു ചക്രവര്‍ത്തിയുടെ സ്ഥാനത്താണ് ഭായി. ഭായിയുടെ ചുവടു പിടിച്ച് ഉണ്ണി അധോലോകത്തിന്റെ നിഗൂഢതകള്‍ പരിചയിച്ചു. അവനും പതുക്കെ ആ ലോകത്തിന്റെ നിയമങ്ങളെ നിശ്ചയിക്കുന്ന ഒരു ചക്രവര്‍ത്തിയായി മാറുകയായിരുന്നു. വാളയാര്‍ പരമശിവം എന്ന പേരില്‍ അവന്‍ അറിയപ്പെട്ടുതുടങ്ങി. ഇരട്ടമുഖമുള്ള ഒരു മനുഷ്യനായി അവന്‍ മാറി.

  ദുബായില്‍ ജോലി ചെയ്യുന്ന ഉണ്ണിയെ മാത്രമേ അവന്റെ കുടുംബത്തിന് അറിയൂ. വര്‍ഷങ്ങള്‍ക്ക് ശേഷം ദുബായില്‍ നിന്ന് താനെത്തുകയാണെന്ന് ഉണ്ണി വീട്ടില്‍ അറിയിച്ചു. നീണ്ട ഇടവേളക്ക് ശേഷ വീട്ടിലെത്തിയ അവന് ഹൃദ്യമായ വരവേല്പാണ് ലഭിച്ചത്.

  ഉണ്ണിയുടെ വീട്ടിനടുത്തു തന്നെ താമസിക്കുന്ന ഗോപിക ഉണ്ണിയുടെ അമ്മയുമായി ഏറെ അടുപ്പത്തിലാണ്. ഉണ്ണിയുടെ അമ്മ അവനു വേണ്ടി കണ്ടുവച്ചിരിക്കുന്ന പെണ്ണാണ് ഗോപിക. ഗോപികയെ വിവാഹം ചെയ്യാന്‍ ആദ്യമൊക്കെ ഉണ്ണി വിസമ്മതിച്ചു. എന്നാല്‍ പതുക്കെ അവന്‍ അവളുമായുള്ള പ്രണയത്തിലേക്ക് വഴുതിവീണു.

  ഇതിനിടയിലാണ് ഉണ്ണിയുടെ ഇളയ സഹോദരനായ ബാലുവിന് പൊലീസില്‍ ജോലി കിട്ടുന്നത്. സബ് ഇന്‍സ്പെക്ടറായി നിയമിതനായ ബാലുവിന് ലഭിക്കുന്ന ആദ്യത്തെ ദൗത്യം കള്ളക്കടത്തുകാരനായ വാളയാര്‍ പരമശിവത്തെ കണ്ടെത്തി അറസ്റ് ചെയ്യുക എന്നതാണ്.

  സംസ്ഥാന സര്‍ക്കാരിനും ചില രാഷ്ട്രീയ നേതാക്കള്‍ക്കും തലവേദനയായി മാറിക്കഴിഞ്ഞ വാളയാര്‍ പരമശിവത്തെ ഒതുക്കേണ്ടത് ചിലരുടെ നിലനില്പിന്റെ തന്നെ പ്രശ്നമായിരുന്നു. കരുത്തിനേക്കാള്‍ ബുദ്ധി ഉപയോഗിച്ചുകൊണ്ടാണ് പരമശിവം തന്റെ കരുനീക്കങ്ങള്‍ നടത്തിയിരുന്നത്. സൂത്രശാലിയായ അയാളെ ഒതുക്കുക എന്ന ദൗത്യമാണ് ബാലുവിന് മുന്നിലുള്ളത്.

  തന്റെ ദൗത്യത്തില്‍ മുന്നേറുന്നതിനിടയില്‍ വൈകിയാണ് വാളയാര്‍ പരമശിവം എന്ന കള്ളക്കടത്തുരാജാവ് തന്റെ ജ്യേഷ്ഠനാണെന്ന സത്യം ബാലു അറിയുന്നത്. അത് ചില പൊട്ടിത്തെറികള്‍ക്ക് വഴിവച്ചു.

  കുടുംബത്തിന് പ്രിയങ്കരനായ ഉണ്ണിയായും കള്ളക്കടത്തുകാരനായ വാളയാര്‍ പരമശിവമായും ഇരട്ടമുഖമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദിലീപിന്റെ വ്യത്യസ്ത വേഷമാണ് ജോഷി സംവിധാനം ചെയ്യുന്ന റണ്‍വെയില്‍ കാണുന്നത്. ബാലുവായി ഇന്ദ്രജിത്തും ഗോപികയായി കാവ്യാ മാധവനും ഭായിയായി മുരളിയും ഉണ്ണിയുടെ അമ്മയായി കവിയൂര്‍ പൊന്നമ്മയുമാണ് വേഷമിടുന്നത്.

  ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, റിയാസ്ഖാന്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

  ഉദയ്കൃഷ്ണ- സിബി കെ. തോമസ് ടീമാണ് റണ്‍വെയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സുരേഷ് പീറ്റേഴ്സാണ്. ഛായാഗ്രഹണ പി. സുകുമാര്‍. നൗഷാദും മോഹനും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രം സ്വര്‍ഗചിത്ര തിയേറ്ററുകളിലെത്തിക്കും.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X