അഭിനയ മികവിന്റെ ആകാശഗോപുരത്തില്‍
മോഹന്‍ലാലെന്ന അതുല്യ നടന്റെ അഭിനയജീവിതത്തിലെ മറ്റൊരുജ്വമുഹൂര്‍ത്തം ഈ ഓണത്തിന് തീയേറ്ററുകളിലെത്തുന്നു. കെ പി കുമാരന്റെ ആകാശ ഗോപുരം എന്ന ചിത്രം, ലാലിന്റെ അഭിനയ നൈപുണ്യത്തിന്റെ മറ്റൊരു ഭാവം വെളിപ്പെടുത്തുന്നു.
നേട്ടങ്ങളുടെ ആകാശത്തില്‍ വിഹരിക്കുമ്പോഴും മനസിനുളളില്‍ വളരുന്ന ആത്മസംഘര്‍ഷങ്ങളുടെ ഗോപുരവുമായി ജീവിക്കുന്നവരുടെ കഥയാണ് ആകാശ ഗോപുരം. നാടകകലയുടെ ആചാര്യനായ ഇബ്സന്റെ മാസ്റ്റര്‍ ബില്‍ഡര്‍ എന്ന സൃഷ്ടിയെ അധികരിച്ചാണ് സംവിധായകന്‍ കെ പി കുമാരന്‍ ആകാശഗോപുരം ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിലെ ആല്‍ബര്‍ട്ട് സാംസണ്‍ എന്ന കഥാപാത്രം മോഹന്‍ലാലിനെ അംഗീകാരങ്ങളുടെ ഔന്നിത്യത്തിലേയ്ക്ക് ഒരിക്കല്‍ കൂടി എത്തിച്ചേക്കാം.
കലാചാതുര്യം നിറഞ്ഞു തുളുമ്പുന്ന വാസ്തുശില്‍പങ്ങളുടെ നിര്‍മ്മിതിയ്ക്ക് കേളികേട്ട ആര്‍ക്കിടെക്റ്റാണ് സാംസണ്‍. ലണ്ടന്‍ നഗരത്തിലെ ഒരു വമ്പന്‍ സാമ്രാജ്യത്തിന്റെ അധിപനുമാണ് അയാള്‍. പണിതുയര്‍ത്തിയ കൊട്ടാരങ്ങളിലെല്ലാം കലയുടെ കൈയൊപ്പു ചാര്‍ത്തി അയാള്‍ ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേയ്ക്ക് വളര്‍ന്നു.
അയാള്‍ക്ക് ഒരു ഭൂതകാലമുണ്ട്. ചെറുപ്പത്തില്‍ അയാള്‍ ഈ നഗരത്തില്‍ വന്നിറങ്ങുമ്പോള്‍ ഭ്രാന്തന്‍ സ്വപ്നങ്ങളും എല്ലു മുറിയെ അധ്വാനിക്കാനുളള സന്നദ്ധതയും മാത്രമായിരുന്നു കൈമുതല്‍. എത്തേണ്ടിടത്ത് കൃത്യസമയത്ത് എത്തുന്നവനാണ് ഭാഗ്യവാന്‍. സാംസണിനും ഉണ്ടായിരുന്നു അങ്ങനെയൊരു ഭാഗ്യം. ലണ്ടനിലെ പ്രശസ്ത ആര്‍ക്കിടെക്റ്റായ എബ്രഹാമാണ് ഭാഗ്യത്തിന്റെ രൂപത്തില്‍ സാംസണിനു മുന്നിലെത്തിയത്.


Click it and Unblock the Notifications