twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വരികളില്‍ ചിരിയൊളിപ്പിച്ച് വീണ്ടും ശ്രീനി

    By Staff
    |

    സലിം കുമാറിന് ഒരു സ്വര്‍ണപ്പണിക്കാരന്റെ വേഷമാണ് ഈ ചിത്രത്തില്‍. അയാള്‍ മേലുകാവിലെ ആസ്ഥാന കവിയുമാണ്.

    പൊന്മുടിയെന്നാല്‍ കാടിന്‍ നടുവില്‍ കേവലമൊരുപിടി മണ്ണല്ലാ
    പലകോടികള്‍ തട്ടാന്‍ ആശിപ്പവരുടെ മേശപ്പുറമല്ലോ

    എന്ന സുപ്രസിദ്ധമായ വടക്കേമുറിയുടെ കവിത മതി ആളെ മനസിലാക്കാന്‍.

    പലിശക്കാരന്‍ ഈപ്പച്ചനായി എത്തുന്നത് ഇന്നസെന്റാണ്. കഥയിലെ നായകനായ ബാര്‍ബര്‍ ബാലനെ ഒരിക്കല്‍ ആട്ടിപ്പുറത്താക്കിയിട്ടുണ്ട് ദുഷ്ടനായ ഈപ്പച്ചന്‍. ബാര്‍ബര്‍ഷാപ്പിലെ കറങ്ങുന്ന കസേരയുണ്ടാക്കാന്‍ ഈപ്പച്ചന്റെ ആഞ്ഞിലിമരത്തിന് വില പറയാന്‍ ബാലന്‍ ഒരിക്കല്‍ മുതലാളിയെ കാണാനെത്തി. ബാലനെ മുതലാളി ആട്ടിപ്പുറത്താക്കിയെന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ സ്വഭാവം മനസിലാവില്ല.

    ബാര്‍ബര്‍ ബാലന്റെ കളിച്ചങ്ങാതിയാണ് സൂപ്പര്‍സ്റ്റാര്‍ അശോക് രാജെന്ന കാര്യം മേലുകാവാകെ പരന്നതോടെ ഈപ്പച്ചന്‍ ബാലന്റെ ബാര്‍ബര്‍ ഷോപ്പിലെത്തി. കറങ്ങുന്ന കസേരയും സോപ്പും ചീപ്പും ബ്ലേഡും എന്നുവേണ്ട വേണ്ടതെല്ലാം ബാലന് അയാള്‍ സൗജന്യമായി വാങ്ങിക്കൊടുത്തു.

    ബാര്‍ബര്‍ ബാലനെ അവതരിപ്പിക്കുന്നത് ശ്രീനിവാസനാണ്. നാട്ടിന്‍പുറത്തെ ദരിദ്രനായ ബാര്‍ബര്‍. ദരിദ്രനായതു കൊണ്ടു തന്നെ ബാലന്റെ ബാര്‍ബര്‍ ഷോപ്പിന് ബ്യൂട്ടി പാര്‍ലര്‍ പദവിയില്ല. കറങ്ങുന്ന കസേരയോ കൊതിപ്പിക്കുന്ന സുഗന്ധമോ ആഡംബര ഉപകരണങ്ങളോ വായിക്കാന്‍ സിനിമാ മാസികയോ ഒന്നും ബാലനില്ല. ഇതൊക്കെയുളള മറ്റൊരു ബാര്‍ബര്‍ഷാപ്പ് വന്നതോടെ ഉളള കച്ചവടവും തീര്‍ന്നു കിട്ടി. വീട്ടില്‍ അരിവാങ്ങാന്‍ പാങ്ങില്ലാത്തതിനാല്‍ റിഡക്ഷന്‍ റേറ്റിലാണ് ബാലന്‍ മുടിവെട്ടുന്നത്.

    ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി ബാലന്‍ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലാണ് ചേര്‍ത്തത്. ഫീസടയ്ക്കാത്തതിനാല്‍ കുട്ടികള്‍ സ്ക്കൂളിന് പുറത്തായി. അപ്പോഴാണ് പക്ഷികള്‍ പറക്കട്ടെയെന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് സൂപ്പര്‍സ്റ്റാര്‍ അശോക് രാജ് മേലുകാവിലെത്തുന്നത്.

    ഒരു ദിവസം ബാലന്റെ കുട്ടികളാണ് പറഞ്ഞത്, അച്ഛന്റെ പഴയ സുഹൃത്താണ് സൂപ്പര്‍സ്റ്റാര്‍ അശോക് രാജെന്ന്. ബാലന്‍ ഓര്‍ത്തു നോക്കി. ഇരുപത്തി അഞ്ചു വര്‍ഷം മുമ്പ് താന്‍ അശോക് രാജിനെ പരിചയപ്പെട്ടിട്ടുണ്ട്. ശരിയാണ്. പക്ഷേ, അയാള്‍ ഇന്നെവിടെ താനിന്നെവിടെ? പഴയ പരിചയവുമായി ചെന്നാല്‍.............?

    പിറ്റേന്നു തന്നെ ഓട്ടോഗ്രാഫ് വാങ്ങിത്തരണമെന്ന് ഭാര്യയും മക്കളും നിര്‍ബന്ധം പിടിച്ചു. ബാലന്റെ സൂഹൃത്താണ് അശോക് രാജെന്ന വിവരം വീട്ടില്‍ പറഞ്ഞ കുട്ടികള്‍ നാട്ടിലും സ്ക്കൂളിലും പറഞ്ഞു. ഫീസ് കൊടുക്കാതെ ബാലന്റെ കുട്ടികളെ സ്ക്കൂളുകാര്‍ തിരികെ പ്രവേശിപ്പിച്ചു. ഫീസില്ലെങ്കിലും വേണ്ടില്ല സ്ക്കൂളില്‍ അശോക് രാജിനെ എത്തിക്കുന്ന കാര്യം ബാലന്‍ ഏറ്റാല്‍ മതിയെന്ന നിലപാടിലേയ്ക്ക് മാനേജ്മെന്റ് താണു.

    ബാലന്റെ കടയില്‍ കറങ്ങുന്ന കസേരയും മറ്റ് സാമഗ്രികളും പലിശക്കാരന്‍ ഈപ്പച്ചന്‍ സൗജന്യമായി സമ്മാനിച്ചു. സൂപ്പര്‍സ്റ്റാറിനൊപ്പം സ്വന്തം വീട്ടില്‍ ഒരുനേരത്തെ ഭക്ഷണം കഴിക്കാനുളള അവസരം ബാലന്‍ ഉണ്ടാക്കണമെന്ന ചെറിയ ആവശ്യമായിരുന്നു ഈപ്പച്ചന്.

    ബാര്‍ബര്‍ ബാലന്‍ സൂപ്പര്‍ സ്റ്റാറിനെ കാണുമോ? കണ്ടാല്‍ അശോക് രാജ് അയാളെ തിരിച്ചറിയുമോ? പലിശക്കാരന്‍ പാപ്പച്ചനും സ്ക്കൂള്‍ മാനേജ്മെന്റും ബാലനിലൂടെ ആഗ്രഹിക്കുന്ന സൂപ്പര്‍സ്റ്റാറിന്റെ സൗഹൃദസ്വപ്നം പൂവണിയുമോ?

    ശ്രീനിവാസന്റെ തൂലികയ്ക്കേ അറിയൂ ഉത്തരം.

    ഭാര്‍ഗവ ചരിതം മൂന്നാം ഖണ്ഡം എന്ന സൂപ്പര്‍ ഫ്ലോപ്പ് ചിത്രത്തിലാണ് മമ്മൂട്ടിയും ശ്രീനിവാസനും ഇതിനു മുമ്പ് ഒന്നിച്ചത്.

    ലൂമിയര്‍ ഫിലിംസിന്റെ ബാനറില്‍ മുകേഷും ശ്രീനിവാസനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മോഹന്‍. ശ്രീനിയുടെ ഭാര്യാ സഹോദരനാണ് മോഹന്‍. സത്യന്‍ അന്തിക്കാടിന്റെയും ശ്രീനിവാസന്റെയും ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി മോഹന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

    കാമറ പി ശ്രീകുമാര്‍. ഗിരീഷ് പുത്തഞ്ചേരിയും അനില്‍ പനച്ചൂരാനും എഴുതുന്ന വരികള്‍ക്ക് ഈണം പകരുന്നത് എം ജയചന്ദ്രന്‍.

    സെവന്‍ ആര്‍ട്ട്സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X