twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗ്രാമഫോണില്‍ ജീവിതത്തിന്റെ സംഗീതം

    By Staff
    |

    ഗ്രാമഫോണില്‍ ജീവിതത്തിന്റെ സംഗീതം

    കമലിന്റെ ഗ്രാമഫോണി ലൂടെ സംഗീതം ഒഴുകിത്തുടങ്ങി. ചരിത്രം ഉറങ്ങുന്ന, മിശ്രിത സംസ്കാരത്തിന്റെ അവശേഷിപ്പുകളുള്ള മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തിലാണ് കമല്‍ ഗ്രാമഫോണിന്റെ കഥ പറയുന്നത്. ജൂതത്തെരുവില്‍ കമല്‍ ചിത്രീകരണം തുടങ്ങിക്കഴിഞ്ഞു.

    പേര് പോലെ തന്നെ സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഗ്രാമഫോണ്‍. സംഗീത പശ്ചാതലത്തിലാണ് കമല്‍ പുതിയ ചിത്രത്തിന്റെ കഥ പറയുന്നത്.

    പ്രശസ്തനായ സംഗീതജ്ഞനായ രവീന്ദ്രനാഥ്. സംഗീതത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. മനസില്‍ സംഗീതം മാത്രം ധ്യാനിച്ച് കഴിഞ്ഞ രവീന്ദ്രനാഥിന് പക്ഷേ ജീവിതത്തില്‍ ഒന്നും നേടാനായില്ല. അയാളുടെ ജീവിതം ഒരു പരാജയമായിരുന്നു. അയാളുടെ കുടുംബത്തിന് ഒട്ടേറെ തിക്താനുഭവങ്ങള്‍ നേരിടേണ്ടിവന്നു.

    അഛന്‍ പ്രശസ്തനായ സംഗീതജ്ഞനാണെങ്കിലും സംഗീതത്തോടുള്ള വൈമുഖ്യത്തോടെയാണ് രവീന്ദ്രനാഥിന്റെ മകന്‍ സച്ചിദാനന്ദന്‍ വളര്‍ന്നത്. സംഗീതം തനിക്കും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ മാത്രമേ തന്നിട്ടുള്ളൂവെന്ന തിരിച്ചറിവോടെയാണ് വളര്‍ന്നത്.

    ജീവിക്കാന്‍ വേണ്ടി സച്ചിദാനന്ദന്‍ എന്തു ജോലിയും ചെയ്യാന്‍ തയ്യാറായി. സംഗീതത്തോടും അഛനോടും അവന്റെ മനസില്‍ വിമുഖത മാത്രമേയുണ്ടായിരുന്നുള്ളൂ. ജീവിതത്തില്‍ പിടിച്ചുകയറുക എന്നതു മാത്രമായിരുന്നു അവന്റെ ലക്ഷ്യം.

    രവീന്ദ്രനാഥിന് ഒരു കാമുകിയുണ്ടായിരുന്നു- ജൂതനായ ഗ്രിഗറിയുടെ മകള്‍ സാറ. രവീന്ദ്രനാഥുമായുള്ള ബന്ധം അവളുടെ ജീവിതം തന്നെ നരകമയമാക്കി. -ആ ബന്ധത്തെ സമൂഹം അംഗീകരിച്ചില്ല. അവര്‍ക്ക് പിരിയേണ്ടി വന്നു. ഒരിക്കല്‍ ഒരു ജൂതന്‍ സാറെയ വിവാഹം കഴിക്കാനായി വന്നെങ്കിലും രവീന്ദ്രനാഥുമായുള്ള ബന്ധത്തെ കുറിച്ചറിഞ്ഞ് അയാള്‍ പിന്‍വാങ്ങി. ആ സംഭവത്തിന് ശേഷം അവള്‍ വീടിന് പുറത്തിറങ്ങിയിട്ടില്ല.

    ഗ്രിഗറിയുടെ കൊച്ചുമകളാണ് ജെന്നിഫര്‍. നഗരത്തിലെ ഒരു ഹോട്ടലില്‍ ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജെന്നിഫര്‍ അസാമാന്യമായ തന്റേടമുള്ള പെണ്‍കുട്ടിയാണ്. ഒരിക്കല്‍ സച്ചിദാനന്ദന് പണത്തിന് ബുദ്ധിമുട്ടുണ്ടായപ്പോള്‍ ജെന്നിഫറാണ് സഹായിച്ചത്. സച്ചിയും ജെന്നിഫറും തമ്മില്‍ പ്രണയത്തിലാണ്. അഛന്റെ ജീവിതത്തിലെ സംഭവങ്ങള്‍ മകന്റെ ജീവിതത്തിലും ആവര്‍ത്തിക്കുന്നു.

    ഇതിനിടയിലാണ് മുംബൈയില്‍ നിന്ന് ആര്യാദേവിയും മകള്‍ പൂജയുമെത്തുന്നത്. രവീന്ദ്രനാഥ് കൈപിടിച്ചുയര്‍ത്തിയ ഗായികയാണ് ആര്യാദേവി. മുംബൈയില്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നതിനെ തുടര്‍ന്നാണ് ആര്യാദേവി മകളോടൊത്ത് സച്ചിദാനന്ദന്റെ വീട്ടിലെത്തിയത്. ആര്യാദേവിയുടെ വരവ് സച്ചിയുടെ ജീവിതത്തിലുണ്ടാക്കിയ പ്രശ്നങ്ങളെ കുറിച്ചാണ് ഗ്രാമഫോണ്‍ തുടര്‍ന്നു പറയുന്നത്.

    ദിലീപാണ് സച്ചിദാനന്ദനെ അവതരിപ്പിക്കുന്നത്. ജന്നിഫറായി മീരാ ജാസ്മിനും പൂജയായി നവ്യാ നായരും. രവീന്ദ്രനാഥിനെ മുരളിയും സാറയെ രേവതിയും അവതരിപ്പിക്കുന്നു.

    കമലിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും രചിക്കുന്നത് ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ്. ഗിരീഷ് പുത്തഞ്ചേരിയുടെയും സച്ചിദാനന്ദന്‍ പുഴങ്കരയുടെയും വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം പി. സുകുമാര്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X