കോട്ടായി പൊന്നാരിമംഗലമായി, മമ്മൂട്ടി മേജര്‍ പട്ടാഭിരാമനും
കോട്ടായി പൊന്നാരിമംഗലമായി, മമ്മൂട്ടി മേജര്‍ പട്ടാഭിരാമനും
പാലക്കാടിടുത്തുള്ള കോട്ടായി ഗ്രാമം പൊന്നാരിമംഗലമായി. ലാല്‍ ജോസിന്റെ പട്ടാളത്തിനായാണ് കോട്ടായി പൊന്നാരിമംഗലമായത്. ലാല്‍ ജോസിന് വേണ്ടി കോട്ടായിക്കാര്‍ പലരും പൊന്നാരിമംഗലം കാരായി ചിത്രത്തിലും എത്തുന്നുണ്ട്.
വര്‍ഗ്ഗീയ കലാപമാണ് പൊന്നാരിമംഗലത്തെ വിഷമിപ്പിച്ചത്. വൈകിയില്ല. അതിന് അറുതി വരുത്താന്‍ അവിടെ പട്ടാളം എത്തി. പ്രധാന പട്ടാളക്കാരന്‍ മറ്റാരുമല്ല. മേജര്‍ പട്ടാഭിരാമന്‍- മമ്മൂട്ടി.
വര്‍ഗീയ കലാപത്തെ തുടര്‍ന്ന് മൂന്നാഴ്ചകളിലുണ്ടായ സംഭവങ്ങളാണ് ചിത്രത്തിന്റെ കേന്ദ്രപ്രമേയം. വര്‍ഗീയ ലഹളയുണ്ടായ ഗ്രാമത്തില്‍ പട്ടാളമിറങ്ങിയതോടെ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമായി.
ഒരു ദിവസം പൊന്നാരി മംഗലത്ത് വന്ന് നിന്ന പട്ടാള ജീപ്പ് അവിടത്തെ ഫാന്‍സി സ്റോര്‍ കടക്കാരനായ സുകുമാരെനെ പൊക്കി കൊണ്ട് പോയി. കലാപത്തില്‍ ഒരു പങ്കുമില്ലാത്ത സുകുമാരനെ പട്ടാളം പൊക്കിക്കൊണ്ട് പോയതില്‍ വിഷണ്ണരായി ഇരിയ്ക്കുകയായിരുന്നു സ്ഥിരം വെടി പറയാനായി കൂടുന്ന കവലക്കൂട്ടം. പട്ടാഭിരാമനാണ് സുകുമാരനെ വണ്ടിയില്‍ കയറ്റിക്കൊണ്ട് പോയത്. അവര്‍ അതുവരെ കേട്ടിട്ടുള്ളത് പട്ടാളക്കാരുടെ കിരാത കഥകളാണ്. അത് ഓര്‍ത്തപ്പോള്‍ അവരുടെ ഉള്ള് കിടുങ്ങി.
ഹംസയുടെ ചായക്കടയിലിരുന്ന് വെടി പറയുന്ന വൈദ്യര്‍ നായരും പ്ലംബര്‍ കുമാരനും നേതാവ് മൊയ്തുവും ഒക്കെ ഭയന്ന് ഇരിയ്ക്കകയാണ്. ഇന്ന് സുകുമാരന്‍, നാളെ നമ്മളെയും പിടിച്ചുകൊണ്ട് പോകുമോ?
എന്നാല്‍ കവലക്കൂട്ടത്തിന്റെ ഉള്ള് തണുപ്പിച്ചുകൊണ്ട് അല്പം കഴിഞ്ഞപ്പോള്‍ അതേ ജീപ്പില്‍ സുകുമാരന്‍ വന്നിറങ്ങി.
സുകുമാരന്‍ പറഞ്ഞു. - പൊലീസ് സ്റേഷനിലേയ്ക്കുള്ള വഴി കാണിച്ച് കൊടുക്കാന്‍ വിളിച്ചുകൊണ്ട് പോയതാ.
പട്ടാളക്കാര്‍ക്ക് സ്നേഹിയ്ക്കാനും അറിയാമെന്ന് പിന്നെയാണ് പൊന്നാരിമംഗലം കാര്‍ക്ക് ബോദ്ധ്യമായത്. മേജര്‍ പട്ടാഭിരാമനും ക്യാപ്റ്റന്‍ ബെന്നിയും ഒക്കെ ഗ്രാമീണര്‍ക്ക് പരിചിതരായി. ചിലര്‍ക്കെങ്കിലും അവര്‍ സുഹൃത്തുക്കളും.
പട്ടാളത്തില്‍ ഒരു പുതുമുഖ നായികയും അരങ്ങേറുന്നു. കൈരളി ടി വി യില്‍ മെയില്‍ എ സീന്‍ എന്ന പരിപാടി അവതരിപ്പിയ്ക്കുന്ന ടെസയാണിത്. രണ്ടാമത്തെ പ്രധാന നടി ജ്യോതിര്‍മ്മയിയാണ്.
പോസ്റോഫീസിലെ ജീവനക്കാരിയായ വിമലയായാണ് ടെസ രംഗത്തെത്തുന്നത്. നാട്ടിലെ വൈദ്യര്‍ നായരുടെ മകള്‍ ഭാമയാണ് ജ്യോതിര്‍മ്മയി. അവളുടെ കൂടെ എന്തിനും പോന്ന ഒരു ചെറു പെണ്‍ സംഘവുമുണ്ട്.
ബിജു മേനോനാണ് ക്യാപ്റ്റന്‍ ബെന്നിയെ അവതരിപ്പിയ്ക്കുന്നത്. ജഗതി, ഇന്നസന്റ്, സുധീഷ്, കലാഭവന്‍ മണി, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ഇന്ദ്രജിത്ത്, സലിംകുമാര്‍, മാള അരവിന്ദന്‍, ഇന്ദ്രന്‍സ്, സുകുമാരി, ബിന്ദു പണിയ്ക്കല്‍, സീനത്ത്, അംബികാ മോഹന്‍, അംബികാ റാവു തുടങ്ങി മലയാളത്തിലെ പ്രധാന താരങ്ങള്‍ ഒക്കെ ഈ ചിത്രത്തിലുണ്ടെന്ന് വേണം പറയാന്‍.
പാട്ടുകള്‍ എഴുതിയിരിയ്ക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. വിദ്യാ സാഗറാണ് സംഗീത സംവിധാനം.


Click it and Unblock the Notifications