»   » ഉണ്ണിയാര്‍ച്ച സ്വപ്നം കാണുമോ?

ഉണ്ണിയാര്‍ച്ച സ്വപ്നം കാണുമോ?

Posted By:
Subscribe to Filmibeat Malayalam

ഉണ്ണിയാര്‍ച്ച സ്വപ്നം കാണുമോ?

വടക്കന്‍പാട്ടിലെ പ്രസിദ്ധ വീരാംഗനയായ ഉണ്ണിയാര്‍ച്ച സ്വപ്നം കാണുമോ? നാദാപുരത്തങ്ങാടിയില്‍ വച്ച് അക്രമികളെ തുരത്തിയ ഖ്യാതിയുള്ള ഉണ്ണിയാര്‍ച്ചയ്ക്ക് സ്വപ്നം കാണുന്ന പ്രകൃതമാണോ ?

അതെന്തായാലും പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്യുന്ന പുത്തൂരംപുത്രി ഉണ്ണിയാര്‍ച്ചയില്‍ ഉണ്ണിയാര്‍ച്ച സ്വപ്നം കാണുന്നുണ്ട്. വാസ്തവമാകാം. അല്ലാതെയുമാകാം.

ആറ്റുംമണന്മേലെ കുഞ്ഞിരാമന്‍ ഭര്‍ത്താവായി വരുന്നതിനു മുമ്പ്, പുത്തൂരംവീട്ടിലെ കണ്ണപ്പച്ചേകവരുടെ അനന്തിരവന്‍ ചന്തുവായിരിക്കും ഉണ്ണിയാര്‍ച്ചയെ വിവാഹം കഴിക്കുകയെന്നായിരുന്നു പൊതുവിലുള്ള ധാരണ. ഇരുവരും വളര്‍ന്നതോടൊപ്പം വിവാഹ മോഹവും വളര്‍ന്നിട്ടുണ്ടാകുമെന്നായിരുന്നു എല്ലാവരും കരുതിയത്.

എന്നാല്‍ ഉണ്ണിയാര്‍ച്ചയുടെ മനസ്സ് കുഞ്ഞിരാമനിലാണ് പടര്‍ന്നുകയറിയത്. കുഞ്ഞിരാമനെ വരിക്കുന്നതായുള്ള സ്വപ്നമാണ് പുതിയ ഉണ്ണിയാര്‍ച്ചയ്ക്ക് വേണ്ടി വിശ്വംഭരന്‍ ഒരുക്കിയിട്ടുള്ളത്. രംഗത്ത് ഉണ്ണിയാര്‍ച്ചയായി വാണി വിശ്വനാഥും കുഞ്ഞിരാമനായി ജയകൃഷ്ണനും ആടിപ്പാടുന്നു. ശത്രുഘ്നന്‍ തിരക്കഥ എഴുതുന്ന ഈ ചിത്രത്തിലെ ഉണ്ണിയാര്‍ച്ച വാണിവിശ്വനാഥിന്റെ അഭിനയജീവിതത്തിലെ മറ്റൊരു തൂവലായിരിക്കും.

ചന്തുവിനെ അവതരിപ്പിക്കുന്നത് ദേവനാണ്. ദേവനെ സംബന്ധിച്ചിടത്തോളം ഈ വേഷം ഒരു വെല്ലുവിളിയാണ്. എംടിയും ഹരിഹരനും ചേര്‍ന്ന് ഒരു വടക്കന്‍ വീരഗാഥയിലൂടെ ചന്തുവിന് നല്‍കിയ താരപരിവേഷമാണ് ഇതില്‍ പ്രധാനം. വടക്കന്‍പാട്ടുകളില്‍ ക്രൂരനും ചതിയനുമായ ചന്തുവിനെ നന്മനിറഞ്ഞവനായാണ് എംടി ചിത്രീകരിച്ചത്. വിശ്വംഭരന്റെ ചിത്രത്തിലാകട്ടെ ചന്തു വടക്കന്‍പാട്ടിലെ യഥാര്‍ത്ഥ ചന്തുവും. മമ്മൂട്ടി പുതിയ തലമുറയുടെ മനസ്സില്‍ വരച്ച ചന്തുവിനെ ദേവന്‍ എങ്ങനെ മറികടക്കുമെന്ന് എല്ലാവരും ഉറ്റുനോക്കുന്നു.

വാണിയുടെ അഭിനയവും യൂസഫലിയുടെ ഗാനങ്ങളും ഉഷാഖന്നയുടെ സംഗീതസംവിധാനവും യേശുദാസ്, ബിജുനാരായണന്‍, ചിത്ര എന്നിവരുടെ ഗാനാലപനവും എല്ലാം ഈ ചിത്രത്തെ മുന്‍നിരയിലെത്തിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ കരുതുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X