അനന്തം, അതീന്ദ്രിയം....
അനന്തം, അതീന്ദ്രിയം....
സന്തോഷ്ശിവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാളചിത്രമായ അനന്തഭദ്രം മിത്തുകളുടെ നിഗൂഢലോകമാണ് പ്രമേയമാക്കുന്നത്. അതീന്ദ്രിയശക്തികളുടെയും മന്ത്രവിദ്യകളുടെയും ആഭിചാരങ്ങളുടെയും അസാധാരണ ലോകമാണ് അനന്തഭദ്രത്തില്‍ സന്തോഷ്ശിവന്‍ ഒരുക്കുന്നത്.
അനന്തഭദ്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തു നടന്നുവരികയാണ്. സുനില്‍ പരമേശ്വരന്‍ രചിച്ച നോവലിനെ ആധാരമാക്കി അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ദുഷ്ടശക്തികളുടെയും നന്മയുടെയും പോരാട്ടത്തിന്റെ കഥ കൂടി പറയുന്ന ചിത്രത്തില്‍ തിന്മയുടെ പ്രതീകമായ ദിഗംബരന്‍ എന്ന കഥാപാത്രത്തെ മനോജ് കെ. ജയനാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്ന ഒരു പ്രധാന കഥാപാത്രമാണ് ദിഗംബരന്‍.
വര്‍ഷങ്ങളോളം ഹിമാലയത്തില്‍ താമസിച്ച ദിഗംബരന്‍ ആഭിചാരങ്ങളിലൂടെയും പ്രേതശക്തികളുടെ ഉപാസനയിലൂടെയും അതീന്ദ്രിയമായ ശക്തി സംഭരിച്ചിട്ടുണ്ട്. തിന്മയുടെ ആള്‍രൂപമായ ദിഗംബരന്‍ തന്റെ മാന്ത്രികശക്തി വര്‍ധിപ്പിക്കാനായാണ് ശിവപുരി ഗ്രാമത്തിലെത്തുന്നത്.
തന്റെ ഗുരുവിന്റെ കാലശേഷം മന്ത്രശക്തിയുടെ ഉറവിടമായ താളിയോലയും നാഗമാണിക്യവും സ്വന്തമാക്കുകയാണ് ദിഗംബരന്റെ ലക്ഷ്യം. അതിനയാള്‍ ചതിയുടെ മാര്‍ഗമാണ് സ്വീകരിക്കുന്നത്. നേരായ മാര്‍ഗത്തിലൂടെ അത് നേടാനായി ഗുരുവിന്റെ ശിഷ്യന്‍മാരായ ചെമ്പനും ശിവരാമനും ശ്രമിക്കുന്നുണ്ട്.
തന്റെ ലക്ഷ്യം സാധിക്കുക എളുപ്പമല്ലെന്ന് മനസിലാക്കിയ ദിഗംബരന്‍ ആഗ്രഹം നിറവേറ്റാനായി ചെമ്പന്റെ സഹോദരിയായ ഭാമയുടെ സഹായം തേടുന്നു. അതിനായി സുന്ദരിയായ ഭാമയെ വശത്താക്കുകയാണ് ദിഗംബരന്‍. ഭാമയെ താന്‍ പ്രണയിക്കുന്നുണ്ടെന്ന് നടിച്ച് അവളോട് അടുപ്പം സ്ഥാപിച്ച ദിഗംബരന്‍ അവളെ ഉപയോഗിച്ച് മാണിക്യം കരസ്ഥമാക്കാനുള്ള ശ്രമത്തിലായി. ആ ശ്രമത്തില്‍ അയാള്‍ നേരിടുന്ന പ്രതിബന്ധങ്ങളുടെയും അയാള്‍ക്കെതിരെ നീങ്ങുന്ന നന്മയുടെ ആള്‍രൂപങ്ങളുടെയും കഥയാണ് അനന്തഭദ്രം പറയുന്നത്.
ശിവരാമനെ ബിജു മേനോനും ചെമ്പനെ കലാഭവന്‍ മണിയുമാണ് അവതരിപ്പിക്കുന്നത്. ഭാമയായി അഭിനയിക്കുന്നത് ബോളിവുഡ് നടി റിയാ സെന്നാണ്. റിയയുടെ ആദ്യമലയാള ചിത്രമാണിത്. ഗ്ലാമര്‍പ്രദര്‍ശനത്തിന്റെ ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് മുന്‍ചിത്രങ്ങളിലൂടെ തെളിയിച്ചിട്ടുള്ള റിയയുടെ ആകാരഭംഗി വെളിപ്പെടുത്തുന്ന രംഗങ്ങള്‍ സന്തോഷ്ശിവന്‍ ഈ ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. സ്ത്രീകളുമായി ബന്ധപ്പെടാന്‍ കഴിയാത്ത ദിഗംബരന്‍ ഭാമയെ സ്വപ്നം കാണുന്ന രംഗത്തിലാണ് റിയയുടെ സര്‍പ്പസൗന്ദര്യം വെളിവാക്കുന്ന ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മാദകമായ രൂപഭാവങ്ങളോടെയാണ് ഈ രംഗത്തില്‍ റിയ പ്രത്യക്ഷപ്പെടുന്നത്. ഒറ്റപ്പാലത്തെ വരിക്കാശേരി മനയിലാണ് ഈ ഗാനരംഗം ചിത്രീകരിച്ചത്.
ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ അനന്തനെ പൃഥ്വിരാജും ഭദ്രയെ കാവ്യാമാധവനുമാണ് അവതരിപ്പിക്കുന്നത്. കൊച്ചിന്‍ ഹനീഫ, നെടുമുടി വേണു, കലാശാല ബാബു, മണിയന്‍പിള്ള രാജു, കുഞ്ചന്‍, ടി. പി. മാധവന്‍, സുരേഷ്കൃഷ്ണ, ഇന്ദിരാതമ്പി, അംബികാ മോഹന്‍, ലക്ഷ്മി കൃഷ്ണമൂര്‍ത്തി, അഖില, ശാന്താദേവി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
സന്തോഷ് ശിവന്‍ തന്നെയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം. ജി. രാധാകൃഷ്ണനാണ്.
ടെററിസ്റ്, അശോക തുടങ്ങിയ ചിത്രങ്ങളിലൂടെ ദൃശ്യപരീക്ഷണങ്ങളുടെ അസാധാരണ അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കിയ സന്തോഷ് ശിവന്‍ മലയാളത്തിലെ തന്റെ ആദ്യചിത്രത്തിലും ക്യാമറയുടെ ചില നവ്യാനുഭവങ്ങള്‍ക്കായി പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ചിത്രത്തില്‍ ക്യാമറ കൂടി കൈകാര്യം ചെയ്യുന്ന സന്തോഷ്ശിവന്‍ മിത്തുകളുടെയും നിഗൂഢതയുടെയും ലോകം വ്യത്യസ്തമായ ഷോട്ടുകളിലൂടെയാണ് ഒരുക്കാന്‍ ശ്രമിക്കുന്നത്.


Click it and Unblock the Notifications