കൃഷ്ണന് ആധുനികാവിഷ്കാരം
കൃഷ്ണന് ആധുനികാവിഷ്കാരം
ശ്രീകൃഷ്ണ കഥയില്‍ എത്ര കൃഷ്ണന്മാരുണ്ട്? അനേകം. വിവിധ സന്ദര്‍ഭങ്ങളില്‍ ജീവിതത്തില്‍ എടുത്തണിയേണ്ടിവരുന്ന കൃഷ്ണന്റെ വിവിധ മുഖങ്ങള്‍ ശ്രീകൃഷ്ണകഥയിലുണ്ട്. കൃഷ്ണന്‍ കടന്നുപോകേണ്ടി വന്ന അവസ്ഥകള്‍ ഒരു തരത്തില്‍ മനുഷ്യജീവിതത്തിന്റെ വഴിത്താരകളിലുള്ള വൈചിത്യ്രത്തിന്റെ ചിത്രണം തന്നെയാണ്.
ശ്രീകൃഷ്ണകഥയില്‍ നിന്ന് പ്രചോദനം നേടി ആധുനിക ലോകത്തെ ഒരു ശ്രീകൃഷ്ണകഥ പറയുകയാണ് ബാലചന്ദ്രമേനോന്‍ കൃഷ്ണ, ഗോപാലകൃഷ്ണ എന്ന ചിത്രത്തിലൂടെ. ജീവിതത്തില്‍ പല വേഷങ്ങള്‍ എടുത്തണിയേണ്ടി വരുന്ന പുതിയ മനുഷ്യന്റെ മനോസംഘര്‍ഷങ്ങളാണ് ബാലചന്ദ്രമേനോന്‍ ഈ ചിത്രത്തിലൂടെ പറയുന്നത്.
ഈ ചിത്രത്തിലെ ഗോപാലകൃഷ്ണനും ബാല്യത്തിലേ അനേകം സ്വപ്നങ്ങള്‍ മനസില്‍ കൊണ്ടുനടന്നിരുന്നു. വൃന്ദാവനത്തില്‍ കളിച്ചുവളര്‍ന്ന, ജീവിതം ഉല്ലാസമാക്കി മാറ്റിയ കൃഷ്ണന് ഒടുവില്‍ എല്ലാം വിട്ട്, തന്റെ പ്രിയങ്കരിയായ രാധയെയും വിട്ട് ദ്വാരകയിലേക്ക് ചേക്കേറേണ്ടി വന്നെങ്കില്‍ ആധുനിക മനുഷ്യനായ ഗോപാലകൃഷ്ണനും തന്റെ സ്വപ്നങ്ങളൊക്കെ പറിച്ചെറിയേണ്ടിവന്നു. ജീവിതത്തില്‍ ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോഴും അയാളുടെ മനസ് നിറയെ തകര്‍ന്ന സ്വപ്നങ്ങള്‍ ഓര്‍മകളായി മായാതെ കിടന്നു.
കാലഗതിയുടെ മാറ്റങ്ങള്‍ക്കിടയില്‍ അയാള്‍ക്ക് സ്വന്തം പേര് പോലും നഷ്ടമായി. ഗോപാലകൃഷ്ണന്‍ ഗോപാല്‍കൃഷ്ണനായി. ജീവിതത്തിലൊരിക്കലും എത്തിച്ചേരണമെന്ന് കരുതാത്ത മേഖലകളിലൂടെ അയാള്‍ക്ക് ജീവിതം കൊണ്ടുപോകേണ്ടി വന്നു. കൃഷ്ണന് രാധയെ നഷ്ടപ്പെട്ടതു പോലെ ഗോപാലകൃഷ്ണനും അയാളുടെ രാധയെ നഷ്ടപ്പെട്ടു. അയാളുടെ ഭാര്യയായി വന്ന ഭാമ അയാളെ പുതിയൊരു ജീവിതത്തിലേക്ക് നയിച്ചു.
ഒടുവില്‍ ഒരിക്കല്‍ ഗോപാല്‍ കൃഷ്ണന്‍ ഗോപാലകൃഷ്ണനിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തി. അപ്പോഴേക്കുേം ബാല്യത്തിന്റെയും വാര്‍ധക്യത്തിന്റെയും നീണ്ട ദൂരങ്ങള്‍ക്കിടയില്‍ അയാള്‍ പല അവതാരങ്ങള്‍ എടുത്തണിഞ്ഞുകഴിഞ്ഞിരുന്നു.
ഏറെ പ്രതീക്ഷയോടെ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പതിവു പോലെ നായകനാവുന്നതും ബാലചന്ദ്രമേനോന്‍ തന്നെ. ഗോപാലകൃഷ്ണന്റെ ഭാര്യയായ ഭാമയായി ഇന്ദ്രജ അഭിനയിക്കുന്നു. മിനി നായര്‍ക്കും ഈ ചിത്രത്തില്‍ ഒരു പ്രധാനവേഷമുണ്ട്.


Click it and Unblock the Notifications