twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മനസില്‍ വെളുപ്പുള്ള കറുമ്പന്‍

    By Staff
    |

    മനസില്‍ വെളുപ്പുള്ള കറുമ്പന്‍

    കാക്കയെ പോലെ കറുത്തവനാണ് രമേശന്‍. കവിളിലെ വലിയ മറുക് അവന്റെ വൈരൂപ്യം വര്‍ധിപ്പിക്കുന്നു. നാട്ടുകാര്‍ അവനെ കാക്കകറുമ്പന്‍ എന്നാണ് വിളിക്കുന്നത്. രമേശന്‍ സ്കൂളില്‍ പോയിട്ടില്ല. ദുരിതങ്ങള്‍ നിറഞ്ഞ ബാല്യകാലമായിരുന്നു അവന്റേത്. അമ്മയെ കണ്ട ഓര്‍മയില്ലാത്ത രമേശന്‍ രണ്ടാനമ്മയുടെ പീഡനങ്ങളേറ്റാണ് വളര്‍ന്നത്.

    പുറമെ കറുമ്പനാണെങ്കിലും രമേശന്റെ അകം വെളുത്തിട്ടായിരുന്നു. നാട്ടുകാര്‍ക്കെല്ലാം അവനെ ഇഷ്ടമായിരുന്നു. എല്ലാവര്‍ക്കും അവന്‍ ഉപകാരിയാണ്. ആര്‍ക്കെങ്കിലും അനിഷ്ടം തോന്നുന്ന ഒരു പ്രവൃത്തിയും അവന്റെ ഭാഗത്തു നിന്നുണ്ടാവാറില്ല.

    രമേശന്റെ ഉറ്റകൂട്ടുകാരനാണ് ശങ്കരന്‍. അവര്‍ എപ്പോഴും ഒരുമിച്ചായിരിക്കും. ശങ്കരനാണ് അവനെ എല്ലാ കാര്യത്തിലും നയിക്കുന്നത്. രമേശന്‍ കാര്യങ്ങള്‍ മനസിലാക്കുന്നത് ശങ്കരന്റെ വാക്കുകളിലൂടെയാണ്. ശങ്കരന്റെ വാക്കുകളില്‍ നിന്ന് വേറിട്ട ഒരു ജീവിതം അവനില്ല.

    രമേശന്‍ ജീവിതം കൗതുകത്തോടെയാണ് നാട്ടുകാര്‍ നോക്കിക്കണ്ടിരുന്നത്. ദുരിതങ്ങളുടെ നടുവിലാണ് വളര്‍ന്നതെങ്കിലും അവന്‍ ജീവിക്കുന്നത് സന്തോഷത്തോടെയാണ്. അല്ലലും അലട്ടലുമില്ലാത്ത ജീവിതമാണ് അവന്റേത്. കൊച്ചുകൊച്ചുസംഭവങ്ങളും രസങ്ങളുമായി അത് മുന്നോട്ടുപോവുന്നതിനിടയിലാണ് മീനാക്ഷി എന്ന പെണ്‍കുട്ടി അവന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.

    യാദൃശ്ചികമായാണ് മീനാക്ഷിയും രമേശനും കണ്ടുമുട്ടുന്നത്. അവള്‍ക്ക് ആദ്യം അവന്‍ ഒരു കൗതുകമായിരുന്നു. കാണുമ്പോള്‍ വിരൂപനെങ്കിലും മനസില്‍ സുന്ദരനായ അവനെ അവള്‍ക്ക് ഏറെ ഇഷ്ടമായി. അവര്‍ തമ്മില്‍ അടുത്തു. ഗ്രാമത്തിന്റെ നൈര്‍മല്യവും നിഷ്കളങ്കതയും നിറഞ്ഞ ബന്ധമായിരുന്നു അത്.

    കാക്കകറുമ്പനായ രമേശന്റെയും വെളുത്തുതുടുത്ത് സുന്ദരിയായ മീനാക്ഷിയുടെയും അടുപ്പത്തെ നാട്ടുകാര്‍ അതിശയത്തോടെ നോക്കിക്കണ്ടു. അവര്‍ ആ ബന്ധത്തിന് പല അര്‍ഥങ്ങളും മെനഞ്ഞു. എന്നാല്‍ നാട്ടുകാര്‍ കാണുന്നതൊന്നുമായിരുന്നില്ല ആ ബന്ധത്തിലുണ്ടായിരുന്നത്.

    നിര്‍മലമായ ആ സൗഹൃദം വളര്‍ന്നു പന്തലിക്കുന്നതിനിടയിലാണ് തോമസ് ഐസക് എന്ന മനുഷ്യന്‍ അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. രമേശന്റെയും മീനാക്ഷിയുടെയും ജീവിതത്തിലെ പല സംഭവവികാസങ്ങള്‍ക്കും അയാളുടെ കടന്നുവരവ് കാരണമായി.

    രമേശന്റെയും മീനാക്ഷിയുടെയും ഗ്രാമീണപശ്ചാത്തലത്തിലുള്ള കഥ പറയുന്ന കാക്കക്കറുമ്പന്‍ സംവിധാനം ചെയ്യുന്നത് എം. എ. വേണുവാണ്. ആദ്യചിത്രമായ ചകോരത്തിന് ശേഷം എം. എ. വേണു ഒരുക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്.

    സിദ്ധാര്‍ഥനാണ് രമേശനായി അഭിനയിക്കുന്നത്. നമ്മള്‍ എന്ന ആദ്യചിത്രത്തിന് ശേഷം സിദ്ധാര്‍ഥന്‍ അഭിനയിക്കുന്ന ചിത്രമാണിത്. വെള്ളിനക്ഷത്രത്തിലൂടെ മലയാളത്തിന്റെ ശ്രദ്ധ നേടിയ മീനാക്ഷി ആദ്യം അഭിനയിച്ച മലയാളചിത്രമാണ് കാക്കകറുമ്പന്‍. തമിഴില്‍ ഷര്‍മിളി എന്ന പേരുള്ള ഈ നടി മലയാളത്തിലെ ആദ്യചിത്രമായ കാക്കകറുമ്പനിലെ കഥാപാത്രത്തിന്റെ പേര് തന്നെയാണ് മലയാളത്തിലെ തന്റെ പേരായി സ്വീകരിച്ചിരിക്കുന്നത്.

    തോമസ് ഐസക്കായി റിയാസ്ഖാനും ശങ്കരനായി ഹരിശ്രീ അശോകനും അഭിനയിക്കുന്നു. നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, കൊച്ചുപ്രേമന്‍, പൊന്നമ്മ ബാബു, ബിന്ദു രാമകൃഷ്ണന്‍, അംബികാ മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

    ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഛായാഗ്രഹണം വേണുഗോപാല്‍. വര്‍ണചിത്രയാണ് കാക്കകറുമ്പന്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X