താളമേളക്കൊഴുപ്പില്‍ രാവണപ്രഭു
താളമേളക്കൊഴുപ്പില്‍ രാവണപ്രഭു
പൊള്ളാച്ചിയിലെ വാല്‍പാറ റൂട്ടിലുള്ള അലിയാര്‍ ഡാം പരിസരം. സൂപ്പര്‍ തിരക്കഥാകൃത്ത് രഞ്ജിത്ത് രണ്ട് ഗാനരംഗങ്ങളും ഒരു സംഘട്ടനരംഗവും ചിത്രീകരിച്ചുകൊണ്ട് താന്‍ സംവിധായകനാകുന്ന രാവണപ്രഭുവിന്റെ തുടക്കം കുറിക്കുകയാണവിടെ.
മെഗാഹിറ്റായ നരസിംഹത്തിലെ ഠാങ്കണക്ക ധില്ലം ധില്ലം പോലെ താളമേളനൃത്ത സമ്മിശ്രമായ ആഘോഷഛായയിലാണ് രഞ്ജിത്ത് തന്റെ ചിത്രത്തിലെയും ഗാനങ്ങള്‍ ചിത്രീകരിക്കുന്നത്.
മോഹന്‍ലാല്‍, ജഗതി, ജഗദീഷ്, സുകുമാരി, മഞ്ജു പിള്ള എന്നിവര്‍ക്കൊപ്പം ബോളിവുഡ് നര്‍ത്തകിയായ കശ്മീരാ ഷായും രംഗത്ത് തയ്യാറായി നില്‍ക്കുന്നു. കശ്മീരാ ഷായെ ഈ ഗാനരംഗത്തിനായി പ്രത്യേകം ക്ഷണിക്കുകയാണ് ചെയ്തത്. ഹായ് മീശ എന്നു തുടങ്ങുന്ന ഗാനത്തിന് നൃത്തസംവിധായകന്‍ പ്രസന്നന്റെ നിര്‍ദ്ദേശമനുസരിച്ച് ഈ താരങ്ങള്‍ ചുവടുവച്ചു.
ഗായികയായ വസുന്ധരാദാസാണ് രാവണപ്രഭുവിലെ നായിക. ചിത്രീകരണം തുടങ്ങിയ ശേഷുള്ള നാല് ദിവസങ്ങളിലും തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവര്‍ എത്തി.
ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്റെ മകനായ മംഗലശ്ശേരി കാര്‍ത്തികേയനായും പ്രായം കൊണ്ടുള്ള പക്വതയും ശാന്തതയും കൈവരിച്ച നീലകണ്ഠനായും മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രതികാരത്തിന്റെ പാതയില്‍ നിന്ന് പിന്തിരിയുന്ന നീലകണ്ഠന്‍, പ്രതികാരത്തിന്റെ പുതിയ പാതകള്‍ തേടുന്ന കാര്‍ത്തികേയന്‍... ഇവര്‍ തമ്മിലുള്ള സംഘര്‍ഷമാണ് രാവണപ്രഭു.
മലയാളികള്‍ക്ക് ഓണക്കാഴ്ചയായി എത്തുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് മോഹന്‍ലാലിന്റ ഡ്രൈവറായിരുന്ന ആന്റണി പെരുമ്പാവൂരാണ്. നരസിംഹത്തിനു ശേഷം ആന്റണി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് രാവണപ്രഭു.
മനോജ് കെ. ജയന്‍, രതീഷ്, വിജയരാഘവന്‍, സായികുമാര്‍, സിദ്ദിഖ്, എന്‍.എഫ്. വര്‍ഗീസ്, വിജയകുമാര്‍, അഗസ്റിന്‍, നാദിര്‍ഷാ, ബാബുരാജ് എന്നിവര്‍ക്കൊപ്പം മേഘസന്ദേശത്തിലൂടെ ശ്രദ്ധേയയായ രാജശ്രീ നായരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
തിരക്കഥ രഞ്ജിത്തിന്റേതു തന്നെ. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സുരേഷ് പീറ്റേഴ്സ് ഈണം നല്‍കുന്നു. യേശുദാസ്, എം.ജി. ശ്രീകുമാര്‍, ജയചന്ദ്രന്‍, ചിത്ര, ശ്രീറാം, സുജാത, രാധികാ തിലക് എന്നിവരാണ് ഗായകര്‍.


Click it and Unblock the Notifications