twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു വടക്കന്‍ പ്രണയഗാഥ

    By Staff
    |

    ഒരു വടക്കന്‍ പ്രണയഗാഥ

    മാണിക്കോത്ത് വീടും കരിപറമ്പ് വീടും ഉജ്വലമായ പാരമ്പര്യമുള്ള തറവാടുകളാണ്. കളരിപയറ്റിന്റെ പാരമ്പര്യമുള്ള ആ വീട്ടുകാര്‍ ഇപ്പോഴും ആയോധനകലയില്‍ പ്രഗത്ഭര്‍ തന്നെ. ആ പാരമ്പര്യം പുതിയ കാലത്തും അവര്‍ സൂക്ഷിക്കുന്നു.

    മഹാവീരന്മാരുടെ പാരമ്പര്യമുള്ള ഈ കുടുംബം കടുത്ത ശത്രുതയിലാണ്. മാണിക്കോത്തെ അഡ്വ. വീരഭദ്രന്റെ സഹോദരിയാണ് കരിമ്പറമ്പിലെ സുഭദ്രയെങ്കിലും ഇവര്‍ക്ക് തമ്മില്‍ കണ്ടുകൂടാ. തച്ചോളി ഒതേനനന്റെ വീര്യമാണ് തനിക്കെന്നാണ് വീരഭദ്രന്‍ പറയുന്നത്. സുഭദ്രയാണെങ്കില്‍ അഭിനവ ഉണ്ണിയാര്‍ച്ചയും. പക്ഷേ വര്‍ഷങ്ങളായി ഇവര്‍ കടുത്ത ശത്രുതയിലാണ്. വടക്കന്‍ കഥകളിലെ ചേകവന്മാരുടെ പക പ്രശസ്തമാണല്ലോ. ആ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവര്‍ തമ്മിലുള്ള ശത്രുതയ്ക്കും കടുപ്പമുണ്ട്. ശത്രുതയ്ക്ക് കാരണവുമുണ്ട്. തനിക്ക് അവകാശപ്പെട്ട കളരി വീരഭദ്രന്‍ തട്ടിയെടുത്തെന്നാണ് സുഭദ്ര പറയുന്നത്.

    കുഞ്ഞുലക്ഷ്മിയമ്മയുടെ മക്കളാണ് ഇരുവരും. ഇരുവരുടെയും വീട്ടില്‍ മാറി മാറി നില്‍ക്കുകയാണ് കുഞ്ഞുലക്ഷ്മിയമ്മ. മക്കളുടെ ശത്രുത ഇല്ലാതാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

    എന്നാല്‍ വീരഭദ്രന്റെയും ജാനകിയുടെയും മക്കളുടെ പുതുതലമുറക്കാര്‍ തമ്മില്‍ ഈ ശത്രുതയൊന്നുമില്ല. അവര്‍ വളരെ സൗഹാര്‍ദത്തിലാണ്. വീരഭദ്രന് രണ്ടു മക്കളാണ്. കാര്‍ത്തിക്കും അശ്വതിയും. സുഭദ്രയുടെ മക്കളാണ് അനന്തുവും ആതിരയും.

    എപ്പഴോ അനന്തുവിന്റെ മനസില്‍ മുറപ്പെണ്ണിനോട് പ്രണയം മുളച്ചു. മുറപ്പെണ്ണിന് തിരിച്ചും. ശത്രുതയുടെ വേലിക്കെട്ടുകള്‍ തകര്‍ത്ത് അവര്‍ അടുത്തു. തങ്ങളുടെ അഛനമ്മമാര്‍ തമ്മിലുള്ള ശത്രുത അവര്‍ കാര്യമാക്കിയില്ല.

    അധികനാള്‍ ആ പ്രണയം അവര്‍ക്ക് രഹസ്യമാക്കി വെക്കാനായില്ല. ഇരുവരുടെയും വീട്ടുകാര്‍ മക്കളുടെ പ്രണയത്തെ കുറിച്ച് അറിഞ്ഞു. സുഭദ്രയും വീരഭദ്രനും മക്കളെ ശാസിച്ചു. ഇനി അവര്‍ തമ്മില്‍ കണ്ടുപോയാല്‍ വലിയ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് മക്കള്‍ക്ക് താക്കീത് നല്‍കി.

    എന്നാല്‍ അഛനമ്മമാരുടെ താക്കീത് കൊണ്ടുമാത്രം കൊഴിഞ്ഞുപോവുന്ന പ്രണയ പുഷ്പമായിരുന്നില്ല അവരുടെ മനസിലേത്. വിലക്കുകള്‍ ലംഘിച്ച് അവര്‍ പിന്നെയും കണ്ടു.

    ഇരുവരെയും നിരീക്ഷിക്കാന്‍ വീരഭദ്രനും സുഭദ്രയും ഓരോ ആളെ ഏര്‍പ്പാടാക്കി. തട്ടാന്‍ ചന്തൂട്ടിയും പല്ലന്‍ ഭാസ്കരനുമാണ് അവര്‍. ഏതു നേരവും അവര്‍ അശ്വതിയുടെയും അനന്തുവിന്റെയും പിന്നാലെയുണ്ടാവും. അവരുടെ കണ്ണുവെട്ടിച്ച് തമ്മില്‍ കാണുക ബുദ്ധിമുട്ടായി.

    പക്ഷേ അനന്തു ഇരുവരെയും വലയിലാക്കി. അങ്ങനെ അവര്‍ തമ്മില്‍ കാണുന്നത് തുടര്‍ന്നു. എന്നാല്‍ ആ പ്രണയബന്ധത്തില്‍ പിന്നെയും കൊടുങ്കാറ്റ് വീശി. പ്രതിബന്ധങ്ങളെ മറികടക്കാന്‍ അവര്‍ക്ക് ഏറെ പണിപ്പെടേണ്ടിവന്നു.

    അശ്വതിയുടെയും അനന്തുവിന്റെയും ജീവിതത്തില്‍ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് രാജസേനന്‍ സംവിധാനം ചെയ്യുന്ന നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍, അവനുണ്ടൊരു രാജകുമാരിയെ മുന്നോട്ടുകൊണ്ടുപോവുന്നത്.

    അനന്തുവായി അഭിനയിക്കുന്നത് പൃഥ്വിരാജാണ്. അശ്വതിയാവുന്നത് ഗായത്രി രഘുറാമും. വീരഭദ്രകുറുപ്പിനെ നരേന്ദ്രപ്രസാദും സുഭദ്രയെ സിസിലിയും തട്ടാന്‍ ചന്തൂട്ടിയെ ജഗതി ശ്രീകുമാറും പല്ലന്‍ഭാസ്കരനെ സാബുവും അവതരിപ്പിക്കുന്നു.

    രഞ്ജു, അഞ്ജലി കൃഷ്ണ, കെ. ആര്‍. വിജയ, കലാഭവന്‍ മണി, ജോണി, ബൈജു, ശ്രീലത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. രചന വി.സി. അശോക്, ഛായാഗ്രഹണം രാമചന്ദ്രബാബു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X