twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എല്ലാവരുടെയും സ്വന്തം ബാലേട്ടന്‍

    By Staff
    |

    എല്ലാവരുടെയും സ്വന്തം ബാലേട്ടന്‍

    അത്താണിപ്പറമ്പില്‍ ബാലചന്ദ്രന്‍ ആ നാട്ടിലെ എല്ലാവര്‍ക്കും ബാലേട്ടനാണ്. ബാങ്കുദ്യോഗസ്ഥനായ ബാലചന്ദ്രനെ വലിപ്പചെറുപ്പങ്ങളില്ലാതെ പ്രായഭേദമില്ലാതെ എല്ലാവരും ബാലേട്ടനെന്ന് വിളിക്കുന്നു. സ്വന്തം മക്കളായ അമ്മുവും കല്യാണിയും അയാളെ അച്ഛാ എന്ന് വിളിക്കാറില്ല. അവര്‍ക്കും അയാള്‍ ബാലേട്ടനാണ്.

    സ്നേഹത്തിന് മുന്നില്‍ ആര്‍ക്കും എന്തും ചെയ്യുന്നവനാണ് ബാലചന്ദ്രന്‍. ഏത് പ്രശ്നത്തിലും അയാള്‍ ഇടപെടും, പ്രശ്നം പരിഹരിക്കും. അങ്ങനെയാണ് അയാള്‍ നാട്ടുകാര്‍ സ്നേഹപൂര്‍വം വിളിക്കുന്ന ബാലേട്ടനായത്.

    ആരെങ്കിലും ചെന്ന് എന്തെങ്കിലും കാര്യത്തിന് വിളിച്ചാല്‍ ഉടന്‍ അയാള്‍ ഒരുങ്ങിപ്പുറപ്പെടും. ഭാര്യ രാധികയ്ക്ക് പലപ്പോഴും ബാലേട്ടന്റെ ഈ തുറന്ന ഇടപെടല്‍ ഇഷ്ടപ്പെടാറില്ല. അതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങളിലിടപെട്ട് തിരികെ വന്നാല്‍ അയാള്‍ രാധികയോട് കള്ളം പറഞ്ഞ് ഒഴിയാന്‍ ശ്രമിക്കും. ആ കള്ളങ്ങളൊക്കെ രാധിക കയ്യോടെ പിടിക്കുകയും ചെയ്യും. ഭാര്യയെയും രണ്ട് മക്കളെയും കൂടാതെ അമ്മയും അനിയത്തിയും അനുജനുമടങ്ങുന്ന കുടുംബമാണ് ബാലേട്ടന്റേത്.

    പണം കൊടുക്കുന്നതും വാങ്ങുന്നതും ബാലേട്ടന്‍ ഒരു പ്രശ്നമാക്കാറേയില്ല. ബാങ്കുദ്യോഗസ്ഥനായ ബാലേട്ടന്‍ പണം കൊടുക്കുന്നതിനൊന്നും കണക്ക് വയ്ക്കില്ല. കണക്കുകള്‍ സൂക്ഷിക്കുന്നത് അയാള്‍ക്ക് ശീലമല്ല. എന്നാല്‍ നാട്ടിലും വീട്ടിലുമെല്ലാം ചില കണക്കുകള്‍ ആവശ്യമാണെന്നും കണക്കുകള്‍ സൂക്ഷിക്കാതെ കഴിയാനാവില്ലെന്നും ബാലേട്ടന്‍ മനസിലാക്കുന്നത് വളരെ വൈകിയാണ്.

    നിഷ്കളങ്കതയോടെയും മറയില്ലാതെയും ആരെയും സഹായിക്കുന്ന പ്രകൃതം ബാലേട്ടന് തന്നെ തിരിച്ചടിയാവുകയായിരുന്നു. തന്നെ പലരും മുതലെടുക്കുകയാണെന്ന് അയാളറിഞ്ഞതും വൈകിയാണ്. ജീവിതം അപ്പോഴേക്കും ഒരു ദുരന്തത്തിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു.

    വി. എം. വിനുവിന്റെ ബാലേട്ടനില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്. മോഹന്‍ലാലിനെ മലയാളിയുടെ മനസില്‍ കുടിയിരുത്തിയ പഴയ കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുന്നു ബാലേട്ടന്‍. ജീവിതഗന്ധമുള്ള കഥാപാത്രങ്ങളിലേക്ക് തിരിച്ചുനടക്കാനുള്ള മോഹന്‍ലാലിന്റെ ശ്രമം കൂടിയുണ്ട് ഈ ചിത്രത്തില്‍.

    പത്ത് കിലോയിലേറെ തൂക്കം കുറച്ച് മോഹന്‍ലാല്‍ ഒറ്റപ്പാലത്ത് ബാലേട്ടന്റെ ലൊക്കേഷനില്‍ ബാലേട്ടനായി മാറിയിരിക്കുന്നു. ഇരുവറിലും ദേവദൂതനിലും എന്ന പോലെ കഥാപാത്രത്തിന് വേണ്ടി ശരീരം പരുവപ്പെടുത്തിയിരിക്കുന്നു മോഹന്‍ലാല്‍.

    ബാലേട്ടന്റെ ഭാര്യ രാധികയായി അഭിനിയിക്കുന്നത് ദേവയാനിയാണ്. കുറച്ചുകാലത്തിന് ശേഷം ദേവയാനി വീണ്ടും മലയാളത്തിലെത്തുകയാണ്. ആദ്യമായാണ് മോഹന്‍ലാലിന്റെ നായികയായി ദേവയാനി വേഷമിടുന്നത്.

    ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, ഹരിശ്രീ അശോകന്‍, സുധീഷ്, ഇന്ദ്രന്‍സ്, റിയാസ്ഖാന്‍, നന്ദു, ശ്രീജാചന്ദ്രന്‍, ഭവാനി, സുധ എന്നിവരും ബാലേട്ടനില്‍ അഭിനയിക്കുന്നു. ഇവരെ കൂടാതെ മോഹന്‍ലാലിന്റെ മക്കളായി ഗോപികയും കീര്‍ത്തനയും അഭിനയിക്കുന്നു.

    രചന ടി. എ. ഷാഹിദ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്നു. ഗായകര്‍ യേശുദാസ്, എം. ജി. ശ്രീകുമാര്‍, സുജാത. ഛായാഗ്രണം ആനന്ദക്കുട്ടന്‍. സുനിതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. മണിയാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X