താമരാക്ഷന്‍ പിള്ളയില്‍ പെണ്ണ് എത്തിയപ്പോള്‍
തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലെ തൃക്കോട്ടൂര്‍ സ്വദേശി ഉണ്ണിക്കൃഷ്ണന്‍ എറണാകുളം നഗരമാകെ അറിയപ്പെടുന്ന ആളാണ്. നഗരവാസികളുടെ സംസാരവിഷമായ താമരാക്ഷന്‍ പിള്ള എന്ന ബസ്സിന്റെ ഉടമയാണ് ഉണ്ണിക്കൃഷ്ണന്‍.
ഉണ്ണിക്കൃഷ്ണനും താമരാക്ഷന്‍പിള്ളയും തമ്മിലുള്ള ബന്ധത്തിന് ചരിത്രപ്രാധാന്യമുണ്ട്. തൃശൂര്‍ പൂരത്തിന് മുന്നിലുണ്ടായിരുന്ന ചെണ്ടവിദ്വാന്‍ ഇരിങ്ങാലക്കുട താമരാക്ഷന്‍ പിള്ളയായിരുന്നു ഉണ്ണിക്കൃഷ്ണന്റെ അച്ഛന്‍. ഒരിക്കല്‍ ചാവക്കാട്-പറവൂര്‍ റൂട്ടിലോടുന്ന ക്രിസ്റഫര്‍ ബസ്സിടിച്ച് താമരാക്ഷന്‍ പിള്ള വടിയായി.
ഇന്‍ഷുറന്‍സ് തുകയ്ക്കുവേണ്ടി ഉണ്ണിക്കൃഷ്ണന്‍ ഓടി നടന്നപ്പോള്‍ ക്രിസ്റഫറുകാര്‍ കഷ്ടത്തിലായി. നേരെ ഉണ്ണിക്കൃഷ്ണനു മുന്നിലെത്തിയ അവര്‍ അവന് ഒരു ബസ് തന്നെ നഷ്ടപരിഹാരമായി നല്‍കാന്‍ തയ്യാറായി. കിട്ടിയ ബസിന് അച്ഛന്റെ സ്മരണയ്ക്കായി താമരാക്ഷന്‍ പിള്ള എന്നു പേരിടുകയും ചെയ്തു. പക്ഷെ അതിലെ ചതി ഉണ്ണിക്ക് പിന്നീടാണ് മനസ്സിലായത്. നേരെ ചൊവേ ഓടിക്കാന്‍ പോലും പറ്റാത്ത ബസ്സിന്റെ റിപ്പയര്‍ വര്‍ക്കും മറ്റുമായി ഉണ്ണിക്കൃഷ്ണന്റെ വീടും പറമ്പും വില്‍ക്കേണ്ടിവന്നു. ഇപ്പോള്‍ കിടക്കാന്‍പോലും സ്ഥലമില്ലാത്ത ഉണ്ണിക്കൃഷ്ണന്‍ ഇപ്പോള്‍ താമരാക്ഷന്‍ പിള്ളയിലെ അന്തേവാസിയാണ്.
താമരാക്ഷന്‍പിള്ള എറണാകുളത്തെ കൗതുകമായി മാറിയത് പെട്ടെന്നായിരുന്നു. ബസ്സിന്റെ കോലം തന്നെയായിരുന്നു അതില്‍ പ്രധാനം. ഇവനൊന്നു പണിമുടക്കിയാല്‍ ട്രാഫിക് പൊലീസിന് തലവേദനയാണ്. ബസിന് വേറെയുമുണ്ട് പ്രത്യേകതകള്‍. നിന്ന നില്പില്‍ വീടാക്കി മാറ്റാനും ഫാസ്റ് ഫുഡ് റെസ്റോറന്റാക്കാനും കഴിയുന്ന മറ്റൊരു ബസ്സും എറണാകുളത്തില്ല.
താമരാക്ഷന്‍ പിള്ള എന്ന പറക്കുംതളികയില്‍ താമസം തുടങ്ങിയ ശേഷം ഉണ്ണിക്കൃഷ്ണന് സ്ഥിരം മേല്‍വിലാസവുമില്ല. ഇന്നത്തെ മേല്‍വിലാസം ഓപ്പോസിറ്റ് ഹൈക്കോര്‍ട്ടാണെങ്കില്‍ നാളെ അത് നിയര്‍ ഷേണായീസ് തിയേറ്ററാണ്. മറ്റന്നാള്‍ മറ്റൊരിടത്തായിരിക്കും താമരാക്ഷന്‍പിള്ളയും ഉണ്ണിക്കൃഷ്ണനും.
ഉണ്ണിക്കൃഷ്ണന്റെ ഈ ദുരിതത്തിലും കൂടെ നില്‍ക്കുന്ന ഒരു കൂട്ടുകാരനുണ്ട് - സുന്ദരേശന്‍ എന്ന സുന്ദരന്‍. സുന്ദരന്റെയും കിടപ്പാടം താമരാക്ഷന്‍പിള്ളതന്നെ.
താമരാക്ഷന്‍പിള്ളയില്‍ ഉണ്ണിക്കൃഷ്ണനും സുന്ദരനും അല്ലലേലുതുമില്ലാതെ കഴിഞ്ഞു വരുന്ന കാലത്താണ് ബസന്തി എന്ന പെണ്‍കുട്ടി ഇവരുടെ പറക്കും തളികയിലേക്ക് വരുന്നത്. അതോടെ ഉണ്ണിക്കൃഷ്ണന്റെയും സുന്ദരന്റെയും ജീവിതത്തില്‍ അരുതാത്തത് പലതും സംഭവിക്കുകയായി.
താഹ സംവിധാനം ചെയ്യുന്ന ഈ പറക്കും തളിക എന്ന ചിത്രത്തിലാണ് താമരാക്ഷന്‍ പിള്ളയും ഉണ്ണിക്കൃഷ്ണനും സുന്ദരനും ബസന്തിയും കഥാപാത്രങ്ങളാകുന്നത്. ഉണ്ണിക്കൃഷ്ണനെ ദിലീപും സുന്ദരനെ ഹരിശ്രീ അശോകനും ബസന്തിയെ പുതുമുഖ നായിക നിത്യാദാസും അവതരിപ്പിക്കുന്നു.


Click it and Unblock the Notifications