»   » എല്ലാവരും അന്യരാവുന്ന കാലത്തിന്റെ കഥ

എല്ലാവരും അന്യരാവുന്ന കാലത്തിന്റെ കഥ

Posted By:
Subscribe to Filmibeat Malayalam

എല്ലാവരും അന്യരാവുന്ന കാലത്തിന്റെ കഥ

ഒരു ടെലിവിഷന്‍ ചാനലിന്റെ റിപ്പോര്‍ട്ടറായ റസിയ അപ്രതീക്ഷിതമായാണ് ഗുജറാത്തിലെ വര്‍ഗീയകലാപത്തിന് സാക്ഷ്യം വഹിക്കുന്നത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുജറാത്തില്‍ പോയ റസിയ കലാപത്തില്‍ അകപ്പെടുകയായിരുന്നു.

ഒരു ഇരുട്ടുമുറിയില്‍ അവള്‍ അടയ്ക്കപ്പെട്ടു. പിന്നീട് കലാപം നടന്ന നഗരത്തിലൂടെ സഞ്ചരിച്ചപ്പോള്‍ അവള്‍ക്ക് കണ്ണുകളില്‍ ഭീതി എന്ന വികാരം മാത്രമുള്ള കുറെ മനുഷ്യരെയാണ് കാണാനായത്. സുഹൃത്തുക്കളും അയല്‍ക്കാരുമെല്ലാം അന്യരായി കഴിഞ്ഞിരുന്നു അവര്‍ക്ക്.

ഈ കാഴ്ചകള്‍ അവളെ വല്ലാതെ വേദനിപ്പിച്ചു. തന്റെ കണ്‍മുന്നില്‍ കണ്ട ദുരന്തങ്ങളില്‍ നിന്ന് തുടങ്ങുന്ന ഒരു ടിവി പരിപാടി ഒരുക്കാന്‍ അവള്‍ തീരുമാനിച്ചു. അതിനായുള്ള യാത്രകള്‍ തുടങ്ങിയപ്പോള്‍ കൂട്ടായെത്തിയത് സൂരജാണ്.

സൂരജ് അവളുടെ സുഹൃത്താണ്. ഒരിക്കല്‍ അവര്‍ ഒന്നിച്ചുള്ള ജീവിതം സ്വപ്നം കണ്ടവരാണ്. എന്നാല്‍ ഒരു ചലച്ചിത്ര സംവിധായകനായതോടെ സൂരജ് തന്റെ ആദര്‍ശങ്ങള്‍ പണയം വെച്ചപ്പോള്‍ റസിയക്ക് അത് പൊറുക്കാനായില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം അവര്‍ അകന്നു. എങ്കിലും അവര്‍ സുഹൃത്തുക്കളായി തുടര്‍ന്നു.

തന്റെ പരിപാടി ഒരുക്കുന്നതിന്റെ ഭാഗമായാണ് റസിയ സൂരജുമൊത്ത് കേരളത്തിലെ ഒരു ഗ്രാമത്തിലെത്തിയത്. വര്‍ഗീയ കലാപം നടക്കുന്ന ആ ഗ്രാമത്തില്‍ റസിയ അന്യരെ ഭയക്കുന്നവരുടെ മുഖങ്ങള്‍ വീണ്ടും കണ്ടു.

യാത്രയ്ക്കിടെ അവര്‍ അക്രമികളുടെ കൈകളില്‍ അകപ്പെട്ടു. അവരില്‍ നിന്ന് അവര്‍ രക്ഷപ്പെട്ടെത്തിയത് വൃദ്ധനായ രാഘവന്റെയും ഭാരയ്യയുടെയും അടുത്താണ്. ഒരു ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ നടന്ന ലഹളയുടെ ഇരകളായിരുന്നു ആ ദമ്പതികള്‍.

എല്ലാവരും അന്യരായി മാറുന്ന കാലത്തിന്റെ കഥയാണ് ലെനിന്‍ രാജേന്ദ്രന്‍ അന്യരിലൂടെ പറയുന്നത്. റസിയയായി ജ്യോതിര്‍മയിയും സൂരജായി ബിജു മേനോനുമാണ് അഭിനയിക്കുന്നത്. രാഘവനെ ലാല്‍ അവതരിപ്പിക്കുന്നു. രാഘവന്റെ ഭാര്യയായെത്തുന്നത് ഹിന്ദിതാരം രതി അിഹോത്രിയാണ്.

സിദ്ദിക്ക്, നിഷാന്ത് സാഗര്‍, ഇര്‍ഷാദ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ലെനിന്‍ രാജേന്ദ്രന്റേതു തന്നെയാണ് രചന.

ഒ. എന്‍. വി. കുറുപ്പും കാവാലം നാരായണപ്പണിക്കരും എം. ഡി. രാജേന്ദ്രനും എഴുതിയ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാരയും രാജേഷ് നാരായണനും സംഗീതം നല്‍കുന്നു. ഗായകര്‍ യേശുദാസ്, സുജാത, ആശാ ജി. മേനോന്‍, പാലക്കാട് ശ്രീറാം, കുട്ടപ്പന്‍ തിരുവല്ല. ഛായാഗ്രഹണം മധു അമ്പാട്ട്. സെന്‍സ്-6 ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X