പ്രാവായും മണിയനായും മണി
പ്രാവായും മണിയനായും മണി
സുന്ദര്‍ദാസ് ഒരുക്കുന്ന കണ്ണിനും കണ്ണാടിക്കും എന്ന ചിത്രത്തില്‍ ഇരട്ടമുഖമുള്ള ഒരു കഥാപാത്രത്തെയാണ് കലാഭവന്‍ മണി അവതരിപ്പിക്കുന്നത്. മണിയന്‍ എന്നും പ്രാവ് എന്നും പേരുള്ള രണ്ട് മുഖങ്ങള്‍. മണിയന്‍ പ്രാവായി മാറുമ്പോള്‍ മണിയുടെ വേഷങ്ങളും ഭാവങ്ങളുമെല്ലാം മാറുന്നു.
മഞ്ചാടി ഗ്രാമത്തിലെ ശില്പിയാണ് മണിയന്‍. മഞ്ചാടി ഗ്രാമത്തിലുള്ളവര്‍ക്ക് പ്രിയങ്കരനാണ് അവന്‍. അവന്റെ ശില്പചാതുരി പ്രശസ്തം. ഗായകന്‍ കൂടിയാണ് അവന്‍.
നാട്ടുമുഖ്യനായ വരദരാജ മല്ലറുടെ കുടുംബവുമായി അവന് ഏറെ അടുപ്പമുണ്ട്. മല്ലര്‍ക്ക് ഒരേയൊരു മകളാണ്- അഭിരാമി. അയാള്‍ക്ക് എല്ലാം അവളാണ്. അഭിരാമിയെ കോളജിലേക്ക് കൊണ്ടുപോവുന്നതും കൊണ്ടുവരുന്നതുമെല്ലാം മണിയനാണ്. ഇരുവരും പരസ്പരം അടുത്തത് തങ്ങള്‍ തന്നെയറിയാതെയാണ്. പിന്നെ അവര്‍ക്ക് പിരിയാനാവില്ലെന്നായി.
മഞ്ചാടി ഗ്രാമത്തിലെ വെളിച്ചപ്പാട് മരിച്ചത് ഇതിനിടയിലാണ്. അടുത്ത വെളിച്ചപ്പാടായി ദേവപ്രശ്നത്തില്‍ കണ്ടത് മണിയനെയാണ്. വെളിച്ചപ്പാടാവുന്നയാള്‍ ബ്രഹ്മചാരിയായിരിക്കണം. ഇത് മണിയനെ ഞെട്ടിച്ചു. അഭിരാമിയോടൊത്തുള്ള ജീവിതം സ്വപ്നം കണ്ടിരുന്ന അയാളുടെ ഹൃദയം തകര്‍ന്നു. അതോടെ നാടുവിടാന്‍ അയാള്‍ തീര്‍ച്ചപ്പെടുത്തി.
അങ്ങനെയാണ് പ്രാവായി മണിയന്‍ മറ്റൊരു ഗ്രാമത്തിലെത്തിയത്. പ്രാവിനെ കണ്ടാല്‍ അത് മണിയനാണെന്ന് ആരും പറയില്ല. ഭാവഹാദികളിലും വേഷവിധാനത്തിലും അത്രകണ്ട് മാറ്റമുണ്ടായിരുന്നു.
മണി മറ്റൊരു വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്ന കണ്ണിനും കണ്ണാടിക്കും എന്ന ചിത്രത്തില്‍ അഭിരാമിയായി അഭിനയിക്കുന്നത് തീര്‍ഥാടനം, ഫാന്റം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അശ്വതിയാണ്. തമിഴ് നടന്‍ ബാലാസിംഗാണ് വരദരാജ മല്ലറെ അവതരിപ്പിക്കുന്നത്. സുധീഷ്, ജഗതി ശ്രീകുമാര്‍, സിദ്ദിക്ക്, ജനാര്‍ദനന്‍, ഇന്ദ്രന്‍സ്, ഭവാനി, ബിന്ദു പണിക്കര്‍, സോനാനായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍.
ഹരിദാസ് കരിവള്ളൂരിന്റേതാണ് രചന. എസ്. രമേശന്‍ നായരും ഗിരീഷ് പുത്തഞ്ചേരിയും രചിച്ച ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം രാമചന്ദ്രബാബു.


Click it and Unblock the Notifications