For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പറഞ്ഞുതീരാത്ത വിശേഷങ്ങള്‍

  By Staff
  |

  പറഞ്ഞുതീരാത്ത വിശേഷങ്ങള്‍

  ആര്‍ക്ടിടെക്ടായ രാജീവനും വിജയലക്ഷ്മിയും വിവാഹിതരായത് നാട്ടുകാരുടെയും വീട്ടുകാരുടെയും വിലക്കുകളെ ലംഘിച്ചാണ്. പ്രണയത്തിന്റെ സാഫല്യത്തിന് യാഥാസ്ഥിതികരായ ബന്ധുക്കള്‍ കല്പിച്ച വിലക്കുകള്‍ അവര്‍ക്ക് പ്രതിബന്ധമായില്ല. അവര്‍ തങ്ങളുടേത് മാത്രമായ ജീവിതത്തിന്റെ വഴിയിലേക്ക് തിരിഞ്ഞു.

  പ്രണയത്തിലൂടെ അടുത്തറിഞ്ഞ ശേഷം വിവാഹിതരായതാണെങ്കിലും അവരുടെ ജീവിതത്തിലും താളപ്പിഴകളുണ്ടായി. അവര്‍ക്കിടയില്‍ സംഘര്‍ഷത്തിന്റെ നാളുകള്‍ പതുക്കെ മുറുകി. എതിര്‍പ്പുകളെ അതിജീവിച്ച് ഒന്നിച്ച അവര്‍ പിരിയുന്നതിനെ കുറിച്ച് ആലോചിച്ചുതുടങ്ങി.

  കോടതിയിലേക്കും വിവാഹമോചനത്തിലേക്കും അവരുടെ ജീവിതങ്ങള്‍ വലിച്ചിഴക്കപ്പെട്ടു. ഒരു കുഞ്ഞുണ്ടായിട്ടും പിരിയാന്‍ തന്നെയായിരുന്നു അവരുടെ തീരുമാനം. പുനരാലോചനക്ക് കോടതി ആറ് മാസത്തെ സമയം അനുവദിച്ചിട്ടും ഇനി ഒന്നിച്ച് ജീവിക്കാനാവില്ല എന്ന തീരുമാനത്തില്‍ അവര്‍ ഉറച്ചുനിന്നു.

  എന്നാല്‍ വിവാഹമോചനത്തിന്റെ പിറ്റേ ദിവസം തന്നെ രാജീവന്റെ മനസില്‍ വിജയലക്ഷ്മിയുടെ അസാന്നിധ്യം വേദനയുടെ തീ പടര്‍ത്തി. കുടുംബ കോടതിയുടെ ജഡ്ജിയുടെ വീട്ടിലേക്ക് അയാള്‍ ചെന്നു. വേര്‍പ്പെടുത്തിയ വിവാഹബന്ധം വീണ്ടും ഒന്നിപ്പിക്കാന്‍ മാര്‍ഗമുണ്ടോ എന്നായിരുന്നു അയാള്‍ക്കറിയേണ്ടത്. എന്നാല്‍ നിയമത്തിന് അതിന്റേതായ പരിധികളും പരിമിതികളുമുണ്ടല്ലോ. ജഡ്ജി അയാള്‍ക്ക് നേരെ കൈമലര്‍ത്തി.

  രാജീവനും വിജയലക്ഷ്മിയും പിന്നീട് കാണുന്നത് രണ്ട് വര്‍ഷത്തിന് ശേഷമാണ്. പെണ്‍കുഞ്ഞ് ഇപ്പോള്‍ വിജയലക്ഷ്മിയോടൊപ്പമാണ്. എട്ട് വയസാവുന്നതുവരെ കുഞ്ഞ് വിജയലക്ഷ്മിയോടൊപ്പം താമസിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം.

  രണ്ട് വര്‍ഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച അവര്‍ക്കൊരു വല്ലാത്ത അനുഭവമായിരുന്നു. രണ്ട് വര്‍ഷക്കാലം പിന്നെയും ഇരുവരുടെയും ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കിയിരുന്നു.

  രാജീവന്റെ ഓഫീസിലേക്ക് സ്ഥലംമാറിവന്ന അഞ്ജന എന്ന പെണ്‍കുട്ടിയെ കൊണ്ട് അയാളെ വിവാഹം കഴിപ്പിക്കാന്‍ ഇതിനിടെ ബന്ധുക്കള്‍ ശ്രമം തുടങ്ങി. സങ്കീര്‍ണമായ പ്രശ്നങ്ങള്‍ വീണ്ടും അവരുടെ ജീവിതത്തിലുണ്ടായി.

  വിവാഹമോചനത്തിന് ശേഷം സ്ത്രീപുരുഷന്മാര്‍ അനുഭവിക്കുന്ന സംഘര്‍ഷത്തിന്റെയും ഒറ്റപ്പെടലിന്റെയും കഥയാണ് ഹരികുമാറിന്റെ പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ പറയുന്നത്. ഇ. വി. ശ്രീധരന്റെ ബലിക്കളം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം.

  രാജീവനായി സുരേഷ് ഗോപിയും വിജയലക്ഷ്മിയായി ലക്ഷ്മി ഗോപാലസ്വാമിയുമാണ് അഭിനയിക്കുന്നത്. മന്യ, ദേവീചന്ദന, ജയകൃഷ്ണന്‍, ജനാര്‍ദനന്‍, പി. ശ്രീകുമാര്‍, ദേവന്‍, സുകുമാരി, കാലടി ജയന്‍, ഇര്‍ഷാദ്, ഗീതാ നായര്‍, നിവേദിത എന്നിവരെ കൂടാതെ ബാലതാരങ്ങളായ ബേബി ഹിനയും ബേബി കൃഷ്ണയും ചിത്രത്തില്‍ അഭിനയിക്കുന്നു.

  ഛായാഗ്രഹണം പി. സുകുമാര്‍. സെന്റ് ആന്റണീസ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് കലൂര്‍ ഡെന്നീസാണ്. യൂസഫലി കേച്ചേരിയുടെയും ഗിരീഷ് പുത്തഞ്ചേരിയുടെയും ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകരുന്നു. യേശുദാസ്, ചിത്ര, സുജാത എന്നിവര്‍ പാടുന്നു.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X