ജോലിയില്‍ രാക്ഷസന്‍ ജീവിതത്തില്‍ രാമന്‍

By Staff

ജോലിയില്‍ രാക്ഷസന്‍ ജീവിതത്തില്‍ രാമന്‍

ജനപ്രിയസിനിമകള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തിറക്കിക്കൊണ്ടിരിക്കുന്ന വിനയന്‍ വിശ്രമിക്കുന്നില്ല. ദാദാസാഹിബ് തിയേറ്ററില്‍ നിന്ന് മാറുന്നതിനു മുന്നേ കരുമാടിക്കുട്ടന്റെ ചിത്രീകരണം. കരുമാടിക്കുട്ടന്‍ തിയേറ്ററിലെത്തേണ്ട താമസം രാക്ഷസരാജാവ്.

അതെ... ജനപ്രിയസംവിധായകന്‍ വിനയന്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. ഓരോ ചിത്രത്തിന്റെയും വിജയാഘോഷങ്ങള്‍ ഈ സംവിധായകന് മറ്റൊരു ചിത്രത്തിന്റെ തുടക്കമാണ്. ഇതിനിടയില്‍ ഒരിക്കല്‍ മാത്രമേ വിനയന് പിഴച്ചുള്ളൂ.. വാര്‍ ആന്റ് ലൗ എന്നൊരു ചിത്രം. പ്രഭുവും ദിലീപും മുഖ്യകഥാപാത്രങ്ങളായി അഭിനയിക്കുന്ന ആ ചിത്രം ഇപ്പോഴും മുടങ്ങിക്കിടക്കുന്നു.

എന്തായാലും ഇപ്പോള്‍ വിനയന്‍ രാക്ഷസരാജാവിന്റെ സെറ്റിലാണ്. ടി.വി. ചന്ദ്രന്റെ ചിത്രത്തിലെ അഭിനയം പൂര്‍ത്തിയാക്കി മമ്മൂട്ടി തന്റെ ജോലി നിര്‍വഹിക്കാന്‍ സെറ്റിലെത്തിയിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ ബല്‍റാം പോലുള്ള പൊലീസ് വേഷങ്ങളില്‍ മമ്മൂട്ടിക്ക് ഏറെ താല്പര്യമാണെന്ന് പ്രസിദ്ധമാണല്ലോ. ആദര്‍ശം, ആക്ഷന്‍, ഡയലോഗ്... യൗവനം പടിയിറങ്ങുന്ന ഘട്ടത്തില്‍ ഏതൊരു നായകനടനും ഒന്നുകൂടി അവിടെത്തന്നെ ഉറച്ചുനില്‍ക്കാന്‍ തേടുന്ന വേഷമാണ് ഒരു പൊലീസുദ്യോഗസ്ഥന്റേത്.

രാക്ഷസരാജാവ് അത്തരമൊരു വേഷം മമ്മൂട്ടിക്ക് പ്രദാനം ചെയ്യുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ രാമനാഥന്‍ ഐപിഎസ്. പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ രാമനാഥന്‍ രാക്ഷസനാണ്. പക്ഷെ സ്വകാര്യജീവിതത്തിലാകട്ടെ ആര്‍ദ്രത നിറഞ്ഞ രാമനും.

സമകാലീന സംഭവങ്ങള്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കേത്തന്നെ പ്രേക്ഷകര്‍ക്ക് ആ പശ്ചാത്തലത്തില്‍ ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ രൂപത്തില്‍ കഥ പറഞ്ഞു കൊടുക്കാനാണ് വിനയന്‍ ഇവിടെ തുനിയുന്നത്.

മമ്മൂട്ടി, ദിലീപ്, മീന, കാവ്യാമാധവന്‍ ജനാര്‍ദ്ദനന്‍ തുടങ്ങി മികച്ച ഒരു താരനിരയാണ് രാക്ഷസരാജാവില്‍ അണിനിരക്കുന്നത്. ചെറിയ ചിത്രങ്ങളില്‍ രണ്ടും മൂന്നും നിരയിലെ താരങ്ങള്‍ക്കൊപ്പം മാത്രം അഭിനയിച്ചുശീലിച്ച ഇന്ദ്രന്‍സ് ആദ്യമായി മമ്മൂട്ടിയുമൊത്ത് അഭിനയിക്കുന്നതും ഈ ചിത്രത്തിലാണ്.

കഥയും തിരക്കഥയും വിനയന്‍ തന്നെയാണ് എഴുതുന്നത്. ഛായാഗ്രഹണം സഞ്ജീവ് ശങ്കര്‍. സര്‍ഗം സ്പീഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സര്‍ഗം കബീര്‍ ചിത്രം നിര്‍മ്മിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X