കൈയെത്തും ദൂരത്ത്

By Staff

കൈയെത്തും ദൂരത്ത്

കമ്പ്യൂട്ടര്‍ കോഴ്സ് പഠിക്കാനെത്തിയതായിരുന്നു സച്ചിന്‍. ക്ലാസിലെ ഒരു പെണ്‍കുട്ടിയെ കണ്ട് അവന്‍ അഭൗമമായ ലോകത്തേക്ക് സഞ്ചരിച്ചു.

ആദ്യകാഴ്ചയിലെ പ്രണയമായിരുന്നു അത്. കണ്ട ദിവസം തന്നെ സുഷമ സച്ചിന്‍ മാധവന്റെ മനസിലേക്ക് കുടിയേറി. തനിക്കായി ഈ ഭൂമിയില്‍ പിറന്നവളാണ് അവളെന്ന് അവന്റെ ഹൃദയം മന്ത്രിച്ചു.

തന്റെ മനസിലെ പ്രണയം അവളോട് എങ്ങനെ പറയണമെന്ന് സച്ചിന് അറിയില്ലായിരുന്നു. കൈയെത്തും ദൂരത്തായിരുന്നിട്ടും, അടുത്ത കൂട്ടുകാരിയായി കഴിഞ്ഞെങ്കിലും കാമുകിയോട് പ്രണയം പ്രകടിപ്പിക്കാനാവാതെ അവന്‍ നീറി.

സുഷമയോട് തന്റെ മനസിലെ വികാരമെന്തെന്ന് പറയാനൊരുങ്ങുന്നതിനിടയിലാണ് അവളുടെ പ്രശ്നങ്ങള്‍ അവന്‍ അറിഞ്ഞത്. അവളുടെ അമ്മയും അഛനും പിരിയാന്‍ പോവുകയാണ്. ഇനി ഒന്നിച്ചു ജീവിക്കാനാവില്ലെന്ന് അവര്‍ തീരുമാനിച്ചുകഴിഞ്ഞു. വിവാഹ മോചനത്തിന് ഒരുങ്ങുകയാണ് അവര്‍. വിവാഹ മോചനത്തിന് മുമ്പ് സുഷമയുടെ വിവാഹം നടത്തണം. അതിനുള്ള തയ്യാറെടുപ്പിലാണ് അവര്‍.

അഛനമ്മമാരെ ഏതുവിധേനയും ഒന്നിപ്പിക്കണമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് സുഷമ. അമേരിക്കയില്‍ കഴിയുന്ന അഛനെ നാട്ടില്‍ വരുത്തിയാലേ അത് സാധിക്കൂ. ഇനി തന്റെ വിവാഹത്തിന് മാത്രമേ നാട്ടില്‍ വരൂവെന്നാണ് അഛന്‍ പറയുന്നത്. അല്ലാതെ തന്നെ അഛനെ നാട്ടില്‍ വരുത്താന്‍ അവള്‍ ഒരു നാടകം കളിക്കാനൊരുങ്ങി.

ആ നാടകത്തിന് അവള്‍ സച്ചിന്റെ സഹായം തേടി. നാടകത്തെ കുറിച്ച് സച്ചിനോട് അവള്‍ പറഞ്ഞു. രണ്ടുപേരും അവിടെ നിന്ന് ഒളിച്ചോടണം. ഒരു ഒളിച്ചോടല്‍ നാടകം. ഒരുത്തനുമായി തന്റെ മകള്‍ ഒളിച്ചോടിയിരിക്കുകയാണെന്ന് അറിഞ്ഞാല്‍ അഛന്‍ നാട്ടില്‍ വരും.

അങ്ങനെ സച്ചിനും സുഷമയും നാടകം തുടങ്ങി. സച്ചിന്റെ സുഹൃത്തുക്കളായ വിജയരാഘവനും വിക്രമനും മജീദും അവരെ സഹായിക്കാനുണ്ട്. എന്നാല്‍ ആ നാടകത്തില്‍ പല പ്രശ്നങ്ങളും അവര്‍ക്ക് നേരിടേണ്ടിവന്നു. വിവാഹം കഴിക്കാതെ രണ്ടു പേര്‍ ഒന്നിച്ചു താമസിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ നാട്ടുകാര്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ തുടങ്ങി.

നിയമപരമായ സംരക്ഷണം അവര്‍ക്ക് നേടിക്കൊടുക്കാന്‍ ഗോപി വക്കീല്‍ എത്തുന്നത് അപ്പോഴാണ്. സച്ചിന്റെ സുഹൃത്തുക്കളില്‍ ഒരാളുടെ വല്യമയുടെ മകനാണ് ഗോപിവക്കീല്‍.

സുഷമ കരുതിയതു പോലെ അഛന്‍ നാട്ടിലെത്തി. എന്നാല്‍ അവള്‍ വിചാരിച്ചതു പോലെ കാര്യങ്ങള്‍ നിന്നില്ല. സച്ചിന്റെയും സുഷമയുടെയും ജീവിതത്തിലുണ്ടായ അപ്രതീക്ഷിതമായ സംഭവങ്ങളാണ് ഫാസിലിന്റെ കൈയെത്തും ദൂരത്തിനെ മുന്നോട്ടുകൊണ്ടുപോവുന്നത്.

ഫാസിലിന്റെ മകനും പുതുമുഖവുമായ ഷാനുവാണ് സച്ചിനാവുന്നത്. സുഷമയായി മുംബൈ മോഡല്‍ നികിത. ചിത്രത്തിന്റെ കഥാഗതിയില്‍ വഴിത്തിരിവുണ്ടാക്കുന്ന ഗോപിവക്കീല്‍ എന്ന അതിഥി വേഷത്തില്‍ മമ്മൂട്ടിയെത്തുന്നു.

ജനാര്‍ദനന്‍, സിദ്ദിക്ക്, രാജന്‍ പി. ദേവ്, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സുധീഷ്, യദുകൃഷ്ണന്‍, ബിജു, സൂര്യ, രേവതി കെ. പി. എ. സി. ലളിത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഫാസില്‍ തന്നെ. കൈയെത്തും ദൂരത്തില്‍ നാല്ഗായകരെയും ഫാസില്‍ പരിചയപ്പെടുത്തുന്നുണ്ട്. ഫാസിലിന്റെ സഹസംവിധാകന്‍ ബിജു, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്റെ സഹായികളായ ഫ്രാങ്കോ, ഗോപി, ദുബായില്‍ മെഡിസിന് പഠിക്കുന്ന ഫഹദ് എന്നിവര്‍ ഈ ചിത്രത്തില്‍ പാടുന്നു. ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. രമേശന്‍നായര്‍ രചിച്ച ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X