For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്നേഹിതന്റെ പ്രണയം

  By Staff
  |

  സ്നേഹിതന്റെ പ്രണയം

  ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറാണ് ജോജി. കുടുംബത്തിന്റെ ഉത്തരവാദിത്വം ചെറുപ്പത്തിലേ അവന്റെ തലയിലായി. അഛന്റെ നാടക പ്രര്‍ത്തനം ജോജിക്കും അമ്മക്കും സഹോദരങ്ങള്‍ക്കും പരാധീനത മാത്രമാണുണ്ടാക്കിയത്.

  കുടുംബത്തെ കര കയറ്റാനുള്ള ഉത്തരവാദിത്വം തലയിലേറ്റിയ ജോജി ഒരു വാശി പോലെയാണ് അത് നിറവേറ്റിയത്. തന്റെ കഴിവുകള്‍ അതിനായി അവന്‍ ഉപയോഗപ്പെടുത്തി. ഒന്നുമില്ലാത്തയിടത്തു നിന്ന് അവന്‍ വളര്‍ന്നു.

  ജീവിതത്തില്‍ പണവും ഐശ്വര്യവും വന്നതോടെ അവന്റെ ജീവിത ശൈലി തന്നെ മറ്റൊന്നായി. അടിപൊളിയായി അവന്‍ ജീവിക്കാന്‍ തുടങ്ങി. ബൈക്കും ക്യാമറയുമായി കറങ്ങിത്തിരിയുന്ന അവന് ജീവിതം ഉത്സവം പോലെയായി.

  ഒരു പെണ്‍കുട്ടി അവന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് ഇതിനിടയിലാണ്- അനു എന്ന ധനികയായി പെണ്‍കുട്ടി. അവന്റെ രീതികള്‍ അവളെ അവനിലേക്ക് ആകൃഷ്ടയാക്കുകയായിരുന്നു. ക്രമേണ അത് അനുരാഗമായി. അനു തന്റെ മനസിലെ പ്രണയം ജോജിയോട് തുറന്നു പറഞ്ഞെങ്കിലും ജോജി ആദ്യമൊക്കെ ഒഴിഞ്ഞുമാറി.

  എന്നാല്‍ അവള്‍ അങ്ങനെയങ്ങ് പിന്മാറാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ അവളുടെ സ്നേഹത്തിന് മുന്നില്‍ അവന്‍ വഴങ്ങിക്കൊടുത്തു.

  മാതാപിതാക്കള്‍ ലാളിച്ചുവളര്‍ത്തിയതുകൊണ്ടാവാം ഒട്ടേറെ ചാപല്യങ്ങളുണ്ടായിരുന്നു അനുവിന്. അതിനെല്ലാം ജോജി കീഴടങ്ങിക്കൊടുക്കേണ്ടിവന്നു. അവള്‍ക്ക് വേണ്ടി അവന്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി.

  ജോജിയുടെ കൂട്ടുകാരനാണ് ആനന്ദ്. താന്‍ പ്രണയിക്കുന്ന പെണ്ണിനെ വീട്ടുകാരുടെ എതിര്‍പ്പ് കാരണം രജിസ്റര്‍ വിവാഹം ചെയ്യാന്‍ പോവുകയാണെന്ന് ആനന്ദ് ജോജിയോട് പറഞ്ഞു. വിവാഹം നടക്കുന്ന ദിവസം വരണമെന്ന് ആനന്ദ് ജോജിയെ ക്ഷണിച്ചു.

  വിവാഹ ദിവസം ക്യാമറയുമായി ജോജി രജിസ്റര്‍ ഓഫീസിലെത്തി. അവിടെ വെച്ച് ആനന്ദ് വിവാഹം കഴിക്കാനൊരുങ്ങുന്ന പെണ്‍കുട്ടിയെ കണ്ടപ്പോഴാണ് അത് തന്റെ അനുജത്തിയുടെ കൂട്ടുകാരി മാളവികയാണെന്ന് ജോജിയറിഞ്ഞത്.

  വരാമെന്നേറ്റിരുന്ന സമയത്ത് ആനന്ദെത്തിയില്ല. ഏറെ നേരം കാത്തിരുന്നിട്ടും അവന്‍ വന്നില്ല. ഒടുവില്‍ ആനന്ദ് മാളവികയെ ചതിക്കുകയായിരുന്നുവെന്ന് അവര്‍ക്ക് ബോധ്യമായി.

  വല്ലാത്തൊരു അവസ്ഥയിലായിരുന്നു മാളവിക. വീട്ടിലേക്ക് അവള്‍ക്ക് തിരിച്ചുപോകാന്‍ പറ്റില്ല. തന്റെ അനുജത്തിയുടെ കൂട്ടുകാരിയെ കൈയൊഴിയാന്‍ ജോജിക്കുമാവുമായിരുന്നില്ല.

  ജോജി മാളവികയെ തന്നോടൊപ്പം കൂട്ടി. അപ്രതീക്ഷിതമായ വഴിത്തിരിവുകളാണ് പിന്നീട് അവരുടെ ജീവിത്തിലുണ്ടായത്. ജോസ് തോമസിന്റെ സ്നേഹിതന്‍ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഈ പുതിയ കഥ പറയുന്നു.

  കുഞ്ചാക്കോ ബോബനാണ് ജോജിയെ അവതരിപ്പിക്കുന്നത്. മാളവികയായി പുതുമുഖം നന്ദനയും അനുവായി പ്രീതാവിജയകുമാറും. ആനന്ദാവുന്നത് കൃഷ്ണയാണ്.

  ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, ജനാര്‍ദനന്‍, എന്‍. എഫ്. വര്‍ഗീസ്, പ്രേംകുമാര്‍, ഇന്ദ്രന്‍സ്, രാമു, സുകുമാരി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

  യൂസഫലി കേച്ചേരിയുടെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര ഈണം പകരുന്നു. യേശുദാസ്, ചിത്ര, ജയചന്ദ്രന്‍, സുജാത എന്നിവരാണ് പാടുന്നത്. ഛായാഗ്രഹണം സാലു ജോര്‍ജ്.

  ജെ ജെ സിനിമയുടെ ബാനറില്‍ ജയപ്രകാശ് നിര്‍മിക്കുന്ന ചിത്രം ആച്ചീസ് ഫിലിംസിന്റെ ബാനറില്‍ സലിം സത്താറും മാളവിക ഫിലിംസിന്റെ ബാനറില്‍ ഷോജയും ചേര്‍ന്ന് വിതരണം ചെയ്യുന്നു.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X