twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാശിനാഥന്റെ താണ്ഡവം

    By Staff
    |

    കാശിനാഥന്റെ താണ്ഡവം

    മീനാക്ഷി തന്റെ ക്യാമറയില്‍ ഫ്ലാഷ് മിന്നിക്കാനൊരുങ്ങുകയാണ്. ക്യാമറയ്ക്ക്് മുന്നില്‍ പോസ് ചെയ്യുകയായിരുന്ന തമ്പുരാന്‍ അപ്പോഴാണ് കൈയുയര്‍ത്തിയത്.

    വരട്ടെ... അനുജന്‍ എത്തിയിട്ടുണ്ട്.... അവനില്ലാത്ത ഒരു ഫോട്ടോയെടുപ്പ് ശരിയാവില്ല.

    തമ്പുരാന്‍ പറഞ്ഞത ് മീനാക്ഷി ശ്രദ്ധിച്ചില്ല. അവള്‍ ഫോട്ടോയെടുക്കാന്‍ തുനിഞ്ഞു. എന്നാല്‍ തന്റെ ജോലി പൂര്‍ത്തിയാക്കാന്‍ അവള്‍ക്ക് സാധിച്ചില്ല. അപ്പോഴേക്കും കൊട്ടാരക്കെട്ടിലാകെ കാറ്റ് ശക്തിയായി വീശി. ജനലുകളും വാതിലുകളും കാറ്റില്‍ ആടിയുലഞ്ഞു. ജനല്‍ക്കര്‍ട്ടനുകള്‍ ഇളകിയാടി.

    മീനാക്ഷി പേടിച്ചുപോയി. എന്താണിതെന്ന് അവള്‍ അതിശയിച്ചു. അപ്പോഴേക്കും അവനെത്തി, സ്ലോമോഷനില്‍. ഉച്ചത്തിലുയരുന്ന സംഗീതത്തിന്റെ അകമ്പടിയോടെ.

    അവനെ കണ്ട് അവള്‍ ആരാധനോടെയയും അല്പം പേടിയോടെയും വഴിമാറിനിന്നു. സ്ലോമോഷനില്‍ അവന്‍ നടന്നുവരുമ്പോള്‍ കാറ്റ് അപ്പോഴും വീശികൊണ്ടിരുന്നു.

    അവന്‍ സാക്ഷാല്‍ കാശിനാഥന്‍. കാശി എന്നറിയപ്പെടുന്ന കാശിനാഥന്‍. തിന്മയ്ക്കെതിരെ തന്റെ കരുത്ത് ഉപയോഗിക്കുന്ന നീതിമാന്‍.

    നല്ല രാഷ്ട്രീയക്കാരന്‍ എന്ന് പേരെടുത്തിട്ടുള്ളയാളാണ് കാശി. മേനോന്‍ എന്നൊരു ഗോഡ്ഫാദറാണ് കാശിയുടെ രാഷ്ട്രീയത്തിലെ നീക്കങ്ങള്‍ക്കു പിന്നില്‍. മേനോന്റെ നിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാന രാഷ്ട്രീയത്തിലെ കറുത്ത ശക്തികള്‍ക്കെതിരെ കാശി ആഞ്ഞടിച്ചു.

    കാശിനാഥന്റെ ജ്യേഷ്ഠനാണ് സ്വാമിനാഥന്‍. മീനാക്ഷി തമ്പുരാന്‍ എന്ന് വിളിക്കുന്ന സ്വാമിനാഥന്‍. ഇഴപിരിയ്ക്കാനാവാത്ത വിധം അലിഞ്ഞു ചേര്‍ന്ന സാഹോദര്യമാണ് കാശിനാഥനും സ്വാമിനാഥനും തമ്മിലുള്ളത്. എല്ലാമെല്ലാം പരസ്പരം സമര്‍പ്പിച്ച രണ്ടു സഹോദരങ്ങള്‍.

    മിഥിലാപുരി ഗ്രാമത്തിലെ കൃഷിക്കാരനാണ് സ്വാമിനാഥന്‍. നാടെങ്ങും കൃഷിക്കാര്‍ ദുരിതമനുഭവിക്കുമ്പോള്‍ കൃഷി വിജയിപ്പിക്കാന്‍ അദ്ദേഹം പരീക്ഷണങ്ങള്‍ നടത്തി. ആ പരീക്ഷണങ്ങള്‍ വന്‍വിജയമായിരുന്നു. മണ്ണില്‍ പൊന്ന് വിളയിക്കുന്ന കര്‍ഷകന്‍ ഒരു സങ്കല്പം മാത്രമായി തീര്‍ന്നിട്ടില്ലെന്ന് അദ്ദേഹം തെളിയിച്ചു. അതോടെ സ്വാമിനാഥന്‍ മിഥിലാപുരിയിലെ കൃഷിക്കാരുടെ ദൈവമായി തീര്‍ന്നു.

    കാശിനാഥന്റെയും സ്വാമിനാഥന്റെയും ജീവിതത്തിലേക്ക് കരിനിഴല്‍ വീണത് പൊടുന്നനെയാണ്. കാശിയുടെ ജീവിതത്തിലെ ഉത്സവാന്തരീക്ഷം പൊടുന്നനെ മാഞ്ഞുപോയി. സ്വാമിനാഥനെ ആരോ കൊന്നു. സ്വാമിനാഥന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഭൂമി പൊട്ടിപ്പിളരുകയാണെന്ന് കാശിക്ക് തോന്നി.

    ജ്യേഷ്ഠനെ കൊന്ന ശത്രുക്കളോട് പ്രതികാരം ചെയ്യുകയെന്നതായി കാശിയുടെ ജീവിതവ്രതം. ഒരു സിംഹമായി അയാള്‍ മാറി.

    തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാനെത്തുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രമാണ് ഷാജി കൈലാസ് ഒരുക്കുന്ന താണ്ഡവം. മോഹന്‍ലാല്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന എല്ലാ മാനറിസങ്ങളോടെയും കാശിനാഥനെ ഒരുക്കിയിരിക്കുന്നു.

    സ്വാമിനാഥനാവുന്നത് നെടുമുടി വേണുവാണ്. ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, ജഗദീഷ്, ലാലു അലക്സ്, രാജന്‍ പി. ദേവ്, മനോജ് കെ. ജയന്‍, സായികുമാര്‍, മണിയന്‍പിള്ള രാജു എന്നിവരും അഭിനയിക്കുന്നു.

    എസ്. സുരേഷ് ബാബുവിന്റേതാണ് തിരക്കഥ. കൈതപ്രത്തിന്റെ വരികള്‍ക്ക് രവീന്ദ്രന്‍ സംഗീതം പകരുന്നു. ക്യാമറ സഞ്ജീവ് ശങ്കര്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X